സമുദായത്തെ ഒറ്റപ്പെടുത്തി ആക്ഷേപിക്കാന് ശ്രമം: മുസ്ലിം നേതൃയോഗം

കോഴിക്കോട്: കുപ്രചാരണങ്ങളിലൂടെ സമുദായത്തെ ഒറ്റപ്പെടുത്തി ആക്ഷേപിക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിലയിരുത്തി. ഇത്തരം നീക്കങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ യുള്ളവരെ ബോധ്യപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകളും ചില മാധ്യമങ്ങളും മുസ്‌ലിം വിരുദ്ധ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയാണ് യോഗം വിളിച്ചത്. മുസ്‌ലിം സംഘടനാ ഭാരവാഹികള്‍ക്കു പുറമെ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
ഭരണ-വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിം സമുദായം അനര്‍ഹമായ നേട്ടം കൈവരിച്ചെന്നു പ്രചരിപ്പിച്ച് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ മതസൗഹാര്‍ദവും സമാധാനവും തകര്‍ക്കും. സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ കാലാകാലങ്ങളില്‍ നേട്ടംകൊയ്യുന്ന ജാതി സംഘടനകള്‍ മുസ്‌ലിം സമുദായത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലും ജുഡീഷ്യറിയിലും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ല. എയ്ഡഡ് മേഖലയില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം യാഥാര്‍ഥ്യമായിട്ടില്ല. മലബാറിലെ മുസ്‌ലിം കേന്ദ്രീകൃത ജില്ലകള്‍ അവഗണനയിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സമുദായ സംഘടനകള്‍ക്കു പതിച്ചുനല്‍കിയ സര്‍ക്കാര്‍ഭൂമികള്‍ തിരിച്ചുപിടിക്കുക, ഭരണരംഗത്തെയും ജുഡീഷ്യറിയിലെയും സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ചു ധവളപത്രം പ്രസിദ്ധീകരിക്കുക, എ.ഐ.പി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക, ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടേറിയറ്റ് അനക്‌സ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗം ഉന്നയിച്ചത്. പാണക്കാട് സാദിഖലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.