പൊട്ടിപ്പിളരാന്‍ വെമ്പുന്ന നദ്‌വത്തുകാര്‍

നാടുപിളര്‍ത്തി സമരമാഘോഷിച്ചതിന്റെ ആണ്ടറുതി കൊണ്ടാടാന്‍ ഇറങ്ങിത്തിരിച്ചവര്‍ കുലംകുത്തികളായ ജിന്ന്‌ വാദികളുടെ ഗോസിപ്പുകള്‍ കണ്ട്‌ അന്താളിച്ചുനില്‍ക്കുകയാണിപ്പോള്‍. എണ്ണിയാലൊടുങ്ങാത്ത ഉപഗ്രൂപ്പുകള്‍ ഈ പുത്തന്‍ പ്രസ്ഥാനത്തില്‍ മുളച്ചുപൊന്തുകയാണ്‌.കച്ചവടതാല്‍പര്യങ്ങളും ലക്കും ലഗാനുമില്ലാത്ത ഗവേഷണ പരതയും കുഴിതോണ്ടിയ വഹാബികളുടെ പരിതാപകര അവസ്ഥയെക്കുറിച്ചൊരു അന്വേഷണം നടത്തുകയാണിവിടെ. മുജാഹിദ്‌ പ്രസ്ഥാനം ജന്മവൈകല്യങ്ങളാല്‍ വിയര്‍ക്കുകയാണ്‌. ഒരു സമൂഹത്തെ മൊത്തം മുശ്‌രിക്കും കാഫിറും ആക്കാന്‍ നോമ്പുനോറ്റ്‌ നടന്നിരുന്നവര്‍ ഇന്ന്‌ ചക്കിനു ചുറ്റും തിരിയുന്ന കാളയെപ്പോലെ വട്ടം ചുറ്റുകയാണ്‌.
വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്നപോലെ നാക്കുള്ളവനൊക്കെ ദാഇയാവുകയും രണ്ടക്ഷരം കൂട്ടിവായിക്കാന്‍ തോന്നുമെന്ന പരുവമെത്തുന്നവര്‍ മുജ്‌തഹിദുകളാവുകയും ചെയ്‌തപ്പോള്‍ ഗവേഷണ പടുക്കളുടെ ആലയത്തില്‍ കുശ്‌മാണ്ഡങ്ങള്‍ പൂത്തുലഞ്ഞു. അന്തമില്ലാത്ത തലവന്മാര്‍ നേതാക്കളായപ്പോള്‍ അനുയായികള്‍ പടു ജാഹിലുകളുമായി. ഏതോ ഒരു വാദ്ധ്യാര്‍ക്ക്‌ ഉണ്ടായ വെളിവുകേടാണ്‌ ഈ കശപിശയെന്ന്‌ പുന്നാരശിഷ്യന്മാര്‍ കൂവി നടക്കുന്നത്‌ കുമ്പസാരമെന്ന്‌ മാലോകര്‍ ധരിച്ചിരിക്കുന്നതിനിടെയാണ്‌ വികൃതിപ്പിള്ളേര്‍ മഹാ മുജ്‌തഹിദുകളായി രംഗപ്രവേശം ചെയ്യുന്നത്‌.

മടവൂര്‍ ഹുസൈന്‍ സാഹിബ്‌ ജിന്നുകളെ ഭയന്ന്‌ ജിന്ന്‌ കൂടാരം വിട്ടുപോന്നപ്പോള്‍ എല്ലാം തീര്‍ന്നെന്ന്‌ കരുതി. രണ്ടുധ്രുവങ്ങളില്‍ ചേക്കേറി പാര്‍ത്തവര്‍ക്ക്‌ അമളി പറ്റിയെന്ന്‌ ബോധ്യപ്പെട്ടപ്പോഴേക്കും കാലം ഇത്തിരി കഴിഞ്ഞിരുന്നു. മടവൂര്‍ ഗ്രൂപ്പ്‌ തന്നെ വലിയ പ്രതിസന്ധിയില്‍ ഉഴലുകയാണ്‌. ചെറിയമുണ്ടത്തുകാരന്‍ ഹമീദ്‌ മാഷും എടവണ്ണക്കാരന്‍ സലാം മാഷും തമ്മില്‍ ഗവേഷണ പാടവം തെളിയിക്കാന്‍ ഇത്തിരി കടുപ്പത്തില്‍തന്നെ ഉന്തും തള്ളും നടക്കുന്നതിനിടെയാണ്‌ കാണികള്‍ക്ക്‌ ഹരം പകര്‍ന്ന്‌ പുതിയ ജിന്ന്‌ കപ്പിന്റെ കിക്കോഫ്‌.

2002-ഓട്‌ കൂടി ഒരു കഷ്‌ണം വെട്ടിമാറ്റിയതോട്‌ തീര്‍ന്നെന്ന്‌ കരുതിയതൊന്നും തീര്‍ന്നിട്ടില്ലല്ലോ എന്ന്‌ പരിതപിക്കാന്‍ വരട്ടെ. മരം നടലും മുന്‍ഗണനാക്രമവും പ്രോട്ടോക്കോളും ഉമ്മാക്കികാട്ടി ഹുസൈന്‍ മൂപ്പരെ പുറത്താക്കിയത്‌ എന്തിനായിരുന്നു. ജിന്ന്‌, പിശാച്‌ ബാധയാണോ പ്രശ്‌നം? അതൊരു പ്രശ്‌നമേ അല്ലെന്നും മടവൂരികള്‍ മുമ്പേ ജിന്ന്‌ പിശാച്‌ വാദികളാണെന്നും പരശ്ശതം ശബാബിന്റെയും മറ്റും താളുകല്‍ കാട്ടി എ.പി.കള്‍ തന്നെ പ്രഖ്യാപിക്കുന്നു.
ജിന്നിനോട്‌ സഹായം അര്‍ത്ഥിക്കാനും ശൈത്വാന്‍മാരുടെ ചതിയില്‍നിന്നും രക്ഷപ്പെടാനും പുതിയ പുതിയ അദ്‌കാറുകളും അദ്‌ഇയകളും കണ്ടുപിടിച്ച്‌ സ്വതന്ത്ര ഗവേഷണ പാടവം തെളിയിച്ചവര്‍ പൈതൃകം വിസ്‌മരിച്ചുപോയി. ആദര്‍ശരാഹിത്യം അങ്ങോട്ടുമിങ്ങോട്ടും ആരോപിക്കാന്‍ ഉശിര്‌ കാട്ടുമ്പോള്‍ ഉരുകിത്തീരുന്ന എനര്‍ജി ഓര്‍ത്തെങ്കിലും സത്യം പറയരുതായിരുന്നോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അതും അധികപ്പറ്റാവില്ല. മടവൂരികള്‍ എ.പി. മുജാഹിദുകളെപ്പറ്റി ആരോപിച്ചത്‌ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നവരാണ്‌ നവയാദാസ്ഥികര്‍ എന്നായിരുന്നു. അതിന്‌ തിരിച്ചു മറുപടി പറയാന്‍ സ്വാലിഹ്‌ ഫൗസാനും ഇബ്‌നുബാസും ഒക്കെ എഴുന്നള്ളിക്കപ്പെട്ടു. ഗള്‍ഫ്‌ സലഫികള്‍ എന്ന പേര്‌ കേട്ടപ്പോള്‍ ഹുസൈന്‍ മൂപ്പര്‌ മൗനം പൂണ്ടു. പണത്തിന്റെ പ്രശ്‌നം ടിയാന്‌ നന്നായറിയാം. വഹാബി പ്രസ്ഥാനത്തിന്റെ റസീവര്‍ ടിയാനായിരുന്നല്ലൊ. ഈ പണി നമ്മുടെ മുന്‍ഗാമികളും ചെയ്‌തിട്ടുണ്ട്‌ എന്ന്‌ തെളിവു നിരത്തി ഉഗ്രമൂര്‍ത്തികള്‍ കടന്നുവന്നതോട്‌ കൂടി മുജാഹിദ്‌ നവോത്ഥാനത്തിന്റെ പുറംപൂച്ച്‌ ചീഞ്ഞളിഞ്ഞു. പിശാചിന്റെ ശല്യം തീര്‍ക്കാന്‍ ഉപാധി എഴുതിവെച്ച ഡോക്ടര്‍ ഉസ്‌മാന്‍ സാഹിബും അമാനി മൗലവിയും മുജാഹിദു പണ്ഡിത നേതാക്കളായിരുന്നുവെന്നും ഇതിപ്പോള്‍ ഞങ്ങളായിട്ട്‌ തുടങ്ങിയതല്ലെന്ന്‌ ഗവേഷണ വിദഗ്‌ധര്‍ കട്ടായം പറയുകയാണ്‌.

മുജാഹിദ്‌ പ്രസ്ഥാനത്തിലാകെ ജിന്ന്‌ വാദം പടര്‍ന്നു പിടിച്ചിരിക്കുകയാണിപ്പോള്‍. ഇസ്‌ലാഹീ മുത്തപ്പന്മാര്‍ കിട്ടിയ വേദികളിലെല്ലാം അക്കാരണം പറഞ്ഞു കുണ്‌ഠിതപ്പെടുകയാണ്‌. ഏകദേശം ഒരു പതിറ്റാണ്ട്‌ മുമ്പ്‌ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ സജീവമായ ജിന്ന്‌ വിവാദം പതുക്കെ പതുക്കെ അതിന്റെ എല്ലാ നാടിഞരമ്പുകളെയും വലിഞ്ഞുമുറുക്കുകയും പ്രസ്ഥാനം തൊണ്ണൂറാണ്ടുകളോളം ഉയര്‍പ്പിടിച്ച തൗഹീദിനെ തന്നെ തല്ലിതകര്‍ക്കുകയും ചെയ്‌തിരിക്കുന്നു. ചങ്ങരംകുളത്തുനിന്ന്‌ പത്തപ്പിരിയത്തേക്ക്‌ കുടിയേറിപ്പാര്‍ത്ത അബ്ദുല്‍ ഖാദര്‍ മൗലവി പ്രകടിപ്പിച്ച ഒരു പരിതാപം മുജാഹിദ്‌ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍വെച്ച്‌ സമുന്നത വഹാബി പണ്ഡിതനെന്ന്‌ പെരുമയെടുത്ത നിഅ്‌മത്തുല്ലാ ഫാറൂഖി വെച്ച്‌ കാച്ചിയതോടുകൂടി വിഷയം ഒന്നുകൂടി വിഷളായിരിക്കുന്നു. 2011 ഒടുക്കത്തിലായിരുന്നു പ്രസ്‌തുത പ്രഭാഷണം. 60 വര്‍ഷക്കാലംകൊണ്ട്‌ നാം ഉണ്ടാക്കിയ നവോത്ഥാനം സകരിയ്യയും കൂട്ടരും പൊളിച്ചെടുത്തുവെന്നാണത്രെ എ.പി. പറഞ്ഞത്‌.

വഹാബീ നവോത്ഥാനത്തിന്റെ ഭിന്നിപ്പിന്റെ തുടര്‍ച്ച അനന്തമായി തുടര്‍ന്നു. 2011 ഒക്‌ടോബര്‍ 5-ന്‌ എടവണ്ണയില്‍ എല്ലാ കീഴ്‌ഘടകങ്ങളെയും വിളിച്ചുചേര്‍ത്തു. ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക പണ്ഡിതര്‍ ജിന്നുബാധാവാദികളെ ശക്തമായി ഉപദേശിക്കുകയും ഇത്‌ സുന്നികളുടെ ഇസ്‌തിഗാസാ വാദത്തിനു കഴുത്തു നീട്ടികൊടുക്കലാണെന്നു ഉണര്‍ത്തുകയും ചെയ്‌തു. ജിന്നുബാധാ വാദികളെ പ്രസ്ഥാനമിപ്പോള്‍ സകരിയ്യാക്കള്‍ എന്നു വിളിച്ചു പരിഹസിക്കുകയാണ്‌. അവര്‍ക്കെതിരെയാണ്‌ ഔദ്യോഗികരുടെ കടന്നാക്രമണങ്ങളത്രയും. അതിനു ചുക്കാന്‍ പിടിച്ചവരുടെ പൂതി വ്യക്തമാക്കുന്ന ചില നീക്കങ്ങള്‍ പിന്നീടുകണ്ടു. 2001 ല്‍ മടവൂരുമായുള്ള പിളര്‍പ്പിന്റെ രംഗങ്ങള്‍ അനുസ്‌മരിപ്പിക്കുംവിധം മഞ്ഞ പുസ്‌തകം പുറത്തിറങ്ങി. നീല പുസ്‌തകവും ചുവപ്പ്‌ പുസ്‌തകവും ഒക്കെ പേരുകേട്ട തര്‍ക്ക ചരിത്രത്തിലേക്ക്‌ പത്ത്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം വീണ്ടും പുറത്തിറങ്ങി. ഈ പുസ്‌തകം മുജാഹിദ്‌ നേതൃത്വത്തെ അമ്പരപ്പിച്ചു. മേല്‍തട്ടിലിരിക്കുന്ന പല മഹത്തുക്കളും ആശിര്‍വദിച്ചാണ്‌ പുസ്‌തകം പുറത്തിറക്കിയത്‌ എന്നറിയാന്‍ കുറച്ച്‌ കാലവും കൂടിപിടിച്ചു. ഔദ്യോഗിക വിഭാഗത്തിന്റെ ഇടയില്‍ സകരിയ്യാ സ്വലാഹിക്കെതിരെയുള്ള പുറപ്പാടിന്റെ ചുക്കാന്‍ പിടിച്ചത്‌ മടവൂരികളായിരുന്നു എന്നത്‌ വിരോധാഭാസം. പ്രായമേറിയവരെ നോക്കുകുത്തികളാക്കിനിര്‍ത്തി യുവതുര്‍ക്കികള്‍ ഞങ്ങളെ പുറത്ത്‌ ചാടിച്ചതാണെന്ന മടവൂരികളുടെ സ്ഥിരം പല്ലവി ജനം ശ്രദ്ധിക്കാന്‍ തുടങ്ങി. മടവൂര്‍ ഔദ്യോഗിക ഗ്രൂപ്പിലേക്ക്‌ അടുക്കുന്നുവെന്നും സക്കരിയ്യാക്കളെ പുറത്താക്കുന്നു എന്നും വരെ സംസാരങ്ങള്‍ പരന്നു. അതിനനുസരിച്ചുള്ള നീക്കങ്ങള്‍ക്ക്‌ ഇപ്പോഴും മടവൂര്‍ മനസുമായി നടക്കുന്ന പല `മുത്‌ലഖ്‌' മുജാഹിദുകളും നേതൃത്വം നല്‍കികൊണ്ടിരിക്കുന്നു. അബ്ദുറഹിമാന്‍ സലഫി, കുഞ്ഞിമുഹമ്മദ്‌ മൗലവി പറപ്പൂര്‍, നിഅ്‌മത്തുല്ല ഫാറൂഖി തുടങ്ങിയവരുടെ നേതൃത്വത്തിലാണിത്‌.

ടി.പി. അബ്ദുല്ലക്കോയ മദനിക്ക്‌ നിശ്ചിത താല്‍പര്യങ്ങള്‍ എന്നതില്‍ കവിഞ്ഞ്‌ ഒന്നും ഇല്ല. എന്താണ്‌ കെ.എന്‍.എം. എന്നുപോലുമറിയാത്ത ഈ കച്ചവടക്കാരന്‍ ഏറ്റവും ഒടുവില്‍ തന്റെ നില ഭദ്രമാക്കാന്‍ കണ്ണൂര്‍ സിറ്റിയില്‍വെച്ച്‌ 2012 മെയ്‌ 13-ന്‌ മുജാഹിദ്‌ ബാലുശ്ശേരി നടത്തിയ വിവാദപ്രസംഗത്തിനെതിരെ നടപടിയെടുത്തുവെന്ന്‌ വരുത്തിതീര്‍ത്ത്‌ ഹജ്ജ്‌, വഖ്‌ഫ്‌ ചെയര്‍മാന്‍ പദത്തിനു വേണ്ടി കാത്തിരിപ്പാണത്രെ. മന്ത്രി മഞ്ഞളാംകുഴി അലി മമ്പുറം മഖാമില്‍ സിയാറത്തിനു പോയതുകാരണം കാഫിറും മുശ്‌രിക്കുമാണെന്നും പിണറായിയുടെ കൂടെ നിന്നപ്പോള്‍ അദ്ദേഹം കാഫിര്‍ മാത്രമായിരുന്നെന്നുമാണ്‌ ബാലുശ്ശേരിയുടെ കണ്ണൂര്‍ പ്രഖ്യാപനം. ഇത്‌ ലീഗ്‌ നേതൃത്വത്തെ ചൊടുപ്പിക്കുമോ എന്ന ആശങ്കിയിലാണ്‌ ടി,പിയും കൂട്ടരും. യഥാര്‍ത്ഥത്തില്‍ മുജാഹിദ്‌ പ്രസംഗിച്ചത്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശമാണ്‌. ദര്‍ഗകളില്‍ സിയാറത്ത്‌ ചെയ്യുന്നവര്‍ മുശ്‌രിക്കുകളും കാഫിറുകളും ആണെന്ന്‌ അതിനെതിരെ നടപടിയെടുത്തു എന്ന്‌ പറഞ്ഞ്‌ കൈ കഴുകാന്‍ ശ്രമിക്കുന്നതിനുമുമ്പ്‌ തങ്ങളുടെ ആദര്‍ശം ഒന്ന്‌ ചിന്തിക്കാമായിരുന്നു. ദര്‍ഗകളില്‍ ചെന്ന്‌ തവസ്സുലാക്കിയതിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക്‌ മേല്‍ ശിര്‍ക്ക്‌ ആരോപിക്കാത്ത ഏതെങ്കിലും മുജാഹിദ്‌ മൗലവിമാര്‍ ഉണ്ടോ? അവരെയൊന്നും പുറത്താക്കാതെ ബാലുശ്ശേരി മാത്രം പുറത്താക്കിയതിനു പിന്നില്‍ സകരിയ്യയോട്‌ ഒട്ടിനില്‍ക്കുന്നവരെ വെട്ടിനിരത്തലല്ലെങ്കില്‍ പിന്നെ എന്താണാവോ?!
മുമ്പ്‌ സകരിയ്യയെ പ്രഭാഷണങ്ങള്‍ക്ക്‌ ക്ഷണിക്കരുതെന്ന്‌ കാണിച്ച്‌ കെ.എന്‍.എം. നല്‍കിയ സര്‍ക്കുലറില്‍ തൂക്കമൊപ്പിക്കാന്‍ ഇരിവേറ്റിക്കാരന്‍ അബ്ദുറഹിമാനെ കൊടുത്തിരുന്നു. അദ്ദേഹം സകരിയ്യ ഖുര്‍ആന്‍ നിഷേധിയാണെന്ന്‌ പ്രസ്‌താവിച്ചയാളാണ്‌. എന്നാല്‍ ഈ ശബ്ദം ഇതിനേക്കാള്‍ കടുപ്പിച്ച്‌ പറഞ്ഞ നിഅ്‌മത്തുല്ലാ ഫാറൂഖി ഇപ്പോഴും ആശ്രിത വത്സലന്‍. ഹദീസുകള്‍ പച്ചയായി തള്ളുന്നവര്‍ക്കെതിരെ പുതിയ പ്രബന്ധവുമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌ സകരിയ്യാക്കള്‍. സംഘടനാ മതില്‍ക്കെട്ടുകള്‍ അവരെ മൗനികളാക്കിയിരിക്കുന്നു. 2011 ഡിസംബറില്‍ കെ.ജെ.യു. പ്രസിദ്ധീകരിച്ച ജിന്ന്‌ പുസ്‌തകത്തിന്റെ ഖണ്ഡനമാണ്‌ സകരിയ്യയുടെ പ്രബന്ധം. അതിന്‍മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ പരമാവധി പൂഴ്‌ത്തിവെക്കാന്‍ അബ്ദുറഹിമാന്‍ സലഫിയാണ്‌ ചുക്കാന്‍ പിടിക്കുന്നത്‌.

ഒന്നിലും ഉറച്ചുനില്‍ക്കാതെ ആടിക്കളിക്കുന്ന ചില വീരന്മാരുണ്ട്‌. ഷാര്‍ജക്കാരന്‍ സലഫി, കായക്കൊടിക്കാരന്‍ ഹനീഫ്‌ മൗലവി, അനസ്‌ മൗലവി തുടങ്ങിയവര്‍. ഇവരെ പൊതുരംഗത്ത്‌ എത്തിച്ചത്‌ സത്യത്തില്‍ സകരിയ്യാ സ്വലാഹിയാണ്‌. അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത്‌ വരാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നില്ല. എന്നാല്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ പ്രകടമായി രംഗത്തുവരാന്‍ ഇവര്‍ ഭയപ്പെടുകയും ചെയ്യുന്നു.
സംഘടനകളില്‍ ചേരിതിരിവും ഗ്രൂപ്പുവഴക്കും സ്വാഭാവികമാണെന്നു പറഞ്ഞു രക്ഷപ്പെടാന്‍ പാകത്തിലല്ല ഇപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഔദ്യോഗിക-സകരിയ്യാ-മടവൂരി-സുബൈര്‍ മങ്കട ഗ്രൂപ്പുകള്‍. ഇവര്‍ ചേരിതിരിഞ്ഞു പോരടിക്കുന്നത്‌ തൊണ്ണൂറു വര്‍ഷം കെട്ടിപടുത്ത ആദര്‍ശ ഗോപരത്തിന്റെ വളവും തിരിവും പറഞ്ഞു കൊണ്ടാണ്‌. വിഷയം മൗലികമാണ്‌. മധ്യസ്ഥത വഹിക്കുന്ന ഏതെങ്കിലും നഹമാര്‍ക്കോ രാഷ്‌ട്രീയക്കാര്‍ക്കോ തീര്‍ക്കാനാവുന്നതല്ലെന്ന്‌ സാരം. ഏതായാലും ആദര്‍ശ രംഗത്ത്‌ എണ്ണിയാലൊടുങ്ങാത്ത ഉപഗ്രൂപ്പുകളായി പൊട്ടിപ്പിളരുന്ന ഈ കിക്കോഫ്‌ സംഘം ചരമക്കളത്തിനടുത്ത്‌ തമ്മിലടിക്കുമ്പോള്‍ പുത്തന്‍പ്രസ്ഥാനങ്ങള്‍ എല്ലാ കാലത്തും ഇങ്ങനെതന്നെ തകര്‍ന്നടിഞ്ഞ ചരിത്രമേയുള്ളൂ എന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.
അടിയൊഴുക്കുകള്‍
നവീനതയുടെ അലകും പിടിയും കാലത്തിനനുസരിച്ച്‌ മാറ്റം വരുത്താന്‍ തുനിയുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ തോന്നുന്നതും അതിനനുസരിച്ച്‌ കാര്യങ്ങള്‍ നീക്കുന്നതും സ്വാഭാവികം മാത്രം. സംഘടനതന്നെ ബിദ്‌അത്താണെന്ന്‌ പ്രഖ്യാപിച്ച്‌ സുബൈര്‍ മങ്കട പുതിയ ഒരു സംഘമായി മാറി. അതിനയാല്‍ക്ക്‌ കാരണങ്ങള്‍ പറയാനുള്ളത്‌ വഹാബിസത്തിന്റെ ചെയ്‌തികളാണ്‌


ഹിഫ്‌ളുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉടലെടുത്ത ജിന്നുകളുടെ ഉഗ്രവാദി ഗ്രൂപ്പ്‌ എഴുപതോളം വിഷയങ്ങളില്‍ കെ.എന്‍.എം. നേതൃത്വത്തിനെതിരെ പീരങ്കിയുതിര്‍ത്ത്‌ ചികിത്സാമുറകളുമായി കഴിഞ്ഞ്‌ കൂടുന്നു. സംഘടനയുമായി ഇപ്പോള്‍ ഈ വിഭാഗത്തതിന്‌ ഒരു ബന്ധവുമില്ല.

സകരിയ്യാക്കള്‍ എന്ന ഗ്രൂപ്പ്‌ ഔദ്യോഗിക നേതൃത്വത്തിന്റെ ഉറക്കം കെടുത്തി കുതിച്ച്‌ മുന്നേറുകയാണ്‌. സകരിയ്യാ സ്വലാഹിയുടെ നേതൃത്വത്തിലുള്ള കടുംപിടുത്തക്കാര്‍ ഇന്ന്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലെ കാരണവന്മാരെ കടത്തിവെട്ടുന്ന പിന്തുണ സംഘടനക്കകത്ത്‌ ആര്‍ജ്ജിച്ചു കഴിഞ്ഞു. സകരിയ്യാ സ്വലാഹിയെ പൊതുവെ പരിപാടിയില്‍നിന്ന്‌ മാറ്റിനിര്‍ത്തണമെന്ന സര്‍ക്കുലര്‍ കെ.എന്‍.എം. യൂണിറ്റുകളില്‍ വിതരണം ചെയ്‌തിട്ടും അതിന്‌ ശേഷവും സകരിയ്യാ സ്വലാഹി പൊതുവേദികളിലെ സ്ഥിരം സാന്നിധ്യമായത്‌ നേതൃത്വത്തിന്‌ തൊല്ലൊന്നുമല്ല തലവേദന സൃഷ്‌ടിച്ചത്‌.

കെ.എന്‍.എം. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ തട്ടകമായ പത്തപ്പിരിയം യൂണിറ്റിലെ വഹാബി മഹല്ലിന്റെ ഭരണ കര്‍തൃത്വവുമായി ബന്ധപ്പെട്ട്‌ ജനറല്‍ബോഡിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതും ചില രാഷ്‌ട്രീയ നേതാക്കള്‍ ബന്ധപ്പെട്ട്‌ പരിഹരിച്ചതും വാര്‍ത്തകള്‍ സൃഷ്‌ടിച്ചതാണ്‌. ചിന്തിക്കുന്ന പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്ന സംഘാടകരും സകരിയ്യക്ക്‌ പിന്നില്‍ അടിയുറച്ച്‌ നില്‍ക്കുമ്പോള്‍ കൊട്ടാരപണ്ഡിതന്റെ റോള്‍ കൈകാര്യംചെയ്‌ത്‌ ഔദ്യോഗിക നേതൃത്വത്തിന്റെ ചെയ്‌തികള്‍ക്ക്‌ ന്യായം കണ്ടെത്താന്‍ നിരങ്ങി നടക്കുന്ന അബ്ദുറഹിമാന്‍ സലഫി അടുത്ത കരുവെങ്ങനെ നീക്കണമെന്നറിയാതെ തരിച്ചുനില്‍പാണ്‌.
അജ്‌മല്‍ അല്‍താഫ്‌