ബറാഅത്ത്‌ രാവ് സമാഗതമാകുമ്പോള്‍..

വിശുദ്ധ റമസാനിന്റെ തൊട്ടുമുമ്പുള്ള ഈ അനുഗ്രഹീത ശഅബാന്‍ മാസം വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്‌. അല്ലാഹു അവന്റെ വിശ്വാസികള്‍ക്കായി ഏറെ അനുഗ്രഹം ചൊരിയുന്ന ബറാഅത്ത്‌ രാവ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ ഈ മാസത്തിലാണ്‌.  ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്‌(മോചന രാത്രി) ലൈലതുസ്സ്വക്ക്‌ (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്‌മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങിനെ പല പേരുകളിലും അറിയപ്പെടുന്ന ശഅ²്‌ബാന്‍ 15ന്റെ രാവിന്റെ മഹത്വവും പ്രാധാന്യവും വ്യക്തമാക്കുന്ന നിരവധി തിരുവചനങ്ങള്‍ കാണാം: നബി(സ്വ) പറയുന്നു: “ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്‌ട്‌ വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും”. മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും വ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്‌ട്‌.

ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്‌കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന്‌ ചെയ്‌തത്‌. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത്‌ ഞാന്‍ അടുത്തുചെന്നു. അവിടുന്ന്‌ സുജൂദില്‍ നിന്ന്‌ തല ഉയര്‍ത്തുകയും നിസ്‌കാരം അവസാനിപ്പിക്കുകയും ചെയ്‌ത ശേഷം എന്നോട്‌ ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന്‌ നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന്‌ വഫാത്തായിപ്പോയിരിക്കുമോ എന്ന്‌ ഞാന്‍ ഊഹിക്കുകയുണ്‌ടായി’.

അവിടുന്ന്‌ ചോദിച്ചു: ‘ഈ രാവ്‌ എത്ര മഹത്വമുള്ളതാണെന്ന്‌ നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത്‌ ശഅബാന്‍ പതിനഞ്ചാം രാവാണ്‌. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്‌ട്‌ പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക്‌ മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക്‌ കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (ബൈഹഖ്വി).

ഇപ്രകാരമുള്ള ധാരാളം ഹദീസുകള്‍ക്കു പുറമെ വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ദുഖാന്‍ സൂക്തങ്ങള്‍ വിശദീകരിച്ചുള്ള മുഫസ്സിറുകളുടെ വിശദീകരണങ്ങളും ഈ രാവിന്റെ മഹത്വവും പ്രാധാന്യവും എടുത്തു പറയുന്നതാണ്‌.

ബറാഅത്ത്‌ രാവില്‍ അഞ്ചു സവിശേഷതകള്‍ ഉണെ്‌ടന്നു കൂടി അവര്‍ രേഖപ്പെടുത്തുന്നു. (1)അടുത്ത വര്‌ഷം വരെയുള്ള ഭക്ഷണം, മരണം, രോഗം തുടങ്ങിയ കാര്യങ്ങള്‍ കണക്കാക്കുന്ന രാത്രി, (2)ഇബാദത്തെടുക്കാന്‍ വിശിഷ്ടമായ രാത്രി, (3)അനുഗ്രഹത്തിന്റെ രാത്രി, (4)പാപം പൊറുക്കുന്ന രാത്രി, (5)നബി(സ)ക്ക്‌ ശഫാഅത്ത്‌ നല്‌കപപ്പെട്ട രാത്രി. (തഫ്‌സീര്‍ കഷ്‌ശാഫ്‌, റാസി, ജമല്‍).
ആ രാത്രി പ്രാര്‌ത്‌ഥുനക്ക്‌ ഉത്തരം ലഭിക്കുന്ന രാത്രിയാണെന്ന്‌ ഇമാം ഷാഫി(റ)വും രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം പറയുന്നു, വെള്ളിയാഴ്‌ച രാവ്‌, വലിയ പെരുന്നാള്‍ രാവ്‌, ചെറിയ പെരുന്നാള്‍ രാവ്‌, റജബിലെ ആദ്യത്തെ രാവ്‌, ശഅബാന്‍ നടുവിലെ രാവ്‌ എന്നീ രാവുകളില്‍ പ്രാര്‌ത്‌ഥ്‌നക്ക്‌ ഉത്തരം ലഭിക്കും.

ബറാഅത്ത്‌ രാവില്‍ മഗ്‌ രിബിനു ശേഷം മൂന്നു യാസീന്‍ ഓതി ദുആ ചെയ്യുന്നപതിവ്‌ നാം കണ്ടുവരുന്നുണ്ട്‌. ഇക്കാര്യം  സലഫുസ്സ്വലിഹീങ്ങള്‍ രേഖപ്പെടുത്തിയതും അവര്‍ ചെയ്‌തു പോന്നതുമാണ്‌. ഇമാം ഗസ്സാലി(റ)തങ്ങളുടെ ഇഹ്‌യയുടെ വ്യാഖ്യാന ഗ്രന്‌ഥമായ ഇത്‌ഹാഫില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്‌ട്‌. ഒന്നാമത്തെ യാസീന്‍ ആയുസ്സ്‌ നീളാനും രണ്‌ടാമത്തേത്‌ ഭക്ഷണത്തില്‍ ബറകത്ത്‌ ലഭിക്കുവാനും മൂന്നാമത്തേത്‌ അവസാനം നന്നാകുവാനും വേണ്‌ടിയാണ്‌ എന്ന്‌ പറഞ്ഞുകൊണ്‌ടാണ്‌ ഇത്‌ അദ്ധേഹം വിവരിച്ചിട്ടുള്ളത്‌. 

ഈ രാവിന്റെ പകലില്‍ വ്രതമനുഷ്‌ഠിക്കല്‌ സുന്നത്തും പുണ്യമുള്ളതുമാണ്‌. ശംസുദ്ദീന്‌ മുഹമ്മദുര്‌റംലീ (റ) തന്റെ ഫതാവയില്‌ പ്രസ്‌തുത വ്രതം സുന്നത്താണെന്ന്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌. ശഅ്‌ബാന്‌ പകുതിയായാല്‌ ശഅബാന്‌ 15 ന്‌ നോമ്പനുഷ്‌ഠിക്കാന്‌ പ്രേരണ നല്‌കുന്ന ഇബ്‌നുമാജയുടെ ഹദീസിനെ കുറിച്ച്‌ ചോദിച്ചപ്പോള്‌ ആ ഹദീസിന്‌ അദ്ദേഹം അംഗീകാരം നല്‌കുകയും ചെയ്‌തിട്ടുണ്‌ട്‌. പ്രസ്‌തുത ദിനം വെളുത്തവാവിന്റെ ദിനം കൂടിയായതിനാല്‌ അന്ന്‌ നോമ്പ്‌ സുന്നത്തില്ലെന്ന്‌ പറയുന്നത്‌ തികഞ്ഞ അജ്ഞതയാണ്‌. (ഫതാവല്‌ അല്ലാമ ശംസുദ്ദീനിര്‌റംലി, ഫതാവല്‌കുബ്‌റയോടുകൂടെ2/79, ലത്വാഇഫുല്‌ മആരിഫ്‌ 1/160)

ചുരുക്കത്തില്‍ രാത്രി ഇബാദത്തുകള്‍ കൊണ്ടും പകല്‍ വ്രതമനുഷ്‌ഠിച്ചും ഭക്ത്യാദരവുകളോടെ നാം ആചരിക്കേണ്ട ഒരു ദിനമാണ്‌ ഇതെന്നു നമുക്ക്‌ മനസ്സിലാക്കാം.
അതു കൊണ്ട്‌ ഇത്തരം പുണ്ണ്യദിനങ്ങളെയും സന്ദര്‍ഭങ്ങളെയും അനാവശ്യവിവാദങ്ങളിലും തര്‍ക്കങ്ങളിലും കോര്‍ക്കാതെ നമ്മുടെ സച്ചരിതരായ മുന്‍ഗാമികളെ മാതൃകയാക്കി ഈ ദിനത്തെ ആദരിക്കുവാനും, ബഹുമാനിക്കാനും, സര്‍വ്വോപരി അതിന്റെ മഹത്വം ഉള്‌ക്കൊ ള്ളുവാനും, കഴിഞ്ഞ ജീവിതത്തില്‍ വന്ന അപാകതകള്‍ പരിഹരിക്കാനും, നമുക്ക്‌ ഈ രാവും പകലും ഉപയോഗപ്പെടുത്താം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

ബറാഅത്ത് രാവിനെ കുറിച്ച് കൂടുതല്‍ അറിയാനും ദിക്‌റുകളും ദുആയും ഡൗണ്‍ലോഡ് ചെയ്യാനും വലതു ഭാഗത്തുള്ള  ബറാഅത്ത് രാവ് സ്‌പെഷ്യല്‍ പേജ് സന്ദര്‍ശിക്കുക