തേഞ്ഞിപ്പലം: നൂറ്റാണ്ടുകളായി വിദ്യാഭ്യാസ സാമ്പത്തിക വികസന മേഖലകളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന മലബാറില്‍ വിശിഷ്യ മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായതിന്റെ ചെറിയൊരു ഭാഗം നല്‍കാന്‍ ശ്രമിക്കുന്നതിനെ വര്‍ഗീയവല്‍കരിക്കാന്‍ ചിലര്‍ നടത്തിയ നീക്കം ഖേദകരമാണ്. ജനസംഖ്യയിലെ ഇരുപത്തിഏഴ് ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ എത്ര ശതമാനം പങ്കാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. മാറിമാറി വരുന്ന ഭരണാധികാരികള്‍ നിലപാടു സ്വീകരിക്കാന്‍ തടസ്സം നിന്നവരാണെന്നും സമൂഹത്തിന് ബോധ്യമുണ്ട്. ഏതാനും എയ്ഡഡ് സ്‌കൂളുകള്‍ മലബാറില്‍ അനുവദിക്കാനുള്ള ഫയല്‍ നീക്കം നടക്കുമ്പോഴേക്കും ജാതിഭ്രാന്തും വര്‍ഗീയവിഷയവും പുരട്ടി തടയിടാന്‍ നടത്തുന്ന നീക്കം തിരിച്ചറിയണം. പൊതുസ്വത്തും സ്ഥലവും അന്യായമായും അധികാരമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും കൈയടിക്കവെച്ച ചില സമുദായങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷത്തെ കീഴാളവര്‍ഗമായി നിലനിര്‍ത്താനാണ് ഇപ്പോഴും ശ്രമിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ പിറവിയിലും തുടര്‍ന്നും രാജ്യത്തിന് വേണ്ടി കനത്ത സംഭാവനകള്‍ അര്‍പിച്ച മുസ്‌ലിം സമുദായത്തെ എന്നും അവഗണിക്കാനും അവഹേളിക്കാനുമാണ് ചില സര്‍ക്കാര്‍ ലോപികളും അധികാരദല്ലാളന്മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അനുവദിച്ച എയ്ഡഡ് സ്ഥാപനങ്ങള്‍ തടയുന്നതിന് അണിയറയില്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ നീക്കങ്ങള്‍ ആര്‍ജ്ജവത്തോടെ നേരിടാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും നീതിക്ക് വേണ്ടി ഏതറ്റംവരെ പോകാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്, കുഞ്ഞമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, പിണങ്ങോട് അബൂബക്ര്‍, എം.എ. ചേളാരി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, കെ.സി.അഹ്മദ് കുട്ടി മൗലവി കോഴിക്കോട്, അബ്ദുസ്സ്വമദ് മുട്ടം, ശരീഫ് കാശിഫി കൊല്ലം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, മൊയ്തീന്‍ ഫൈസി നീലഗിരി, ഇബ്രാഹീം ദാരിമി ദക്ഷിണ കന്നഡ, ഒ.എഛ്. ഷാനവാസ് റശാദി എറണാകുളം, അബ്ദുസ്സലാം ഫൈസി ചിക്മംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.