ഇസ്ലാമിക സാമ്പത്തിക ദര്ശനം ലോകം അംഗീകരിച്ചു : സാദിഖലി ശിഹാബ് തങ്ങള്

കൂരിയാട് : ലോക സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള രക്ഷാമാര്‍ഗം ഇസ്‌ലാമിന്റെ കയ്യിലാണെന്ന് ലോകം അംഗീകരിച്ചിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂരിയാട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പത്ത് മനുഷ്യന് സമാധാനം നല്‍കുന്നതാവണം. അത് ദൈവഹിതപ്രകാരം വിനിയോഗിച്ചാല്‍ സാമ്പത്തിക അസമത്വമുണ്ടാവില്ല. ബ്രിട്ടനിലും അമേരിക്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമൊക്കെ ഇസ്‌ലാമിക ബാങ്കിങ്ങിന്റെ വിജയം ഇസ്‌ലാമിക സാമ്പത്തികദര്‍ശനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
ഇസ്‌ലാമിന്റെ സാമ്പത്തികദര്‍ശനത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകും. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലാണ് ഇന്ന് ഇസ്‌ലാം പലേടത്തും പരാമര്‍ശിക്കപ്പെടുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണകൂടങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഉരസുമ്പോള്‍ അപ്രായോഗികമാണ് കമ്യൂണിസമെന്ന് അവര്‍ക്കുതന്നെ ബോധ്യമായി. ലോകത്തെ ഗ്രസിച്ച മുതലാളിത്തത്തിനും ലോകത്തെ മുന്നോട്ടുകൊണ്ടുപോകാനായില്ല. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരം മറ്റൊരു പാതയാണ് ലോകം അന്വേഷിക്കുന്നത്. സ്രഷ്ടാവിലേക്കുള്ള മടക്കത്തിന് സമയമായിരിക്കുന്നു. നമ്മുടെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ പ്രകടിപ്പിക്കണം. സ്രഷ്ടാവിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും മാറ്റിവെച്ച് കേവല വൈകാരികതയെയും ചഞ്ചലതയെയും പിന്തുടരുമ്പോഴാണ് ജീവിതം ആസ്വദിക്കാനാവാത്തതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ദുബായ് ഔഖാഫ് സഹ ഡയറക്ടര്‍ ഉമ്മര്‍ മുഹമ്മദ് അല്‍ ശരീഫ് മുഖ്യാതിഥിയായിരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുബായ് ഔഖാഫ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ മുസ്തഫ, അല്‍ ജര്‍റാര്‍, ഖുതൂബ് അബ്ദുല്‍ ഹമീദ്, ഖുതൂബ് അബ്ദുല്‍കരീം, ശൈഖ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന എന്നിവര്‍ അതിഥികളായിരുന്നു. സമ്മേളന സ്മരണിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, നാസിര്‍ അബ്ദുള്‍ ഹയ്യ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, നിര്‍മാണ്‍ മുഹമ്മദലി, എം.സി. മായിന്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എസ്.എം. ജിഫ്രി തങ്ങള്‍, യു.കെ. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, പാലത്തായി മൊയ്തുഹാജി, കുമ്പള ഖാസിം മുസ്‌ലിയാര്‍, എസ്.എം. ബര്‍ക്കത്തലി, അബ്ദുല്‍ ഹസ്സന്‍ ഹസ്‌റത്ത് ബാഖവി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, സി.എ. ഹൈദര്‍ മുസ്‌ലിയാര്‍, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ. സൈതലവിഹാജി, കാടാമ്പുഴ മൂസഹാജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.