കൊച്ചി: മത സൗഹാര്‍ദത്തിന്റെ വിള നിലമായി കേരളം മാറുന്നതില്‍, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള സാമൂഹിക -സാംസ്‌കാരിക സംഘടനകളുടെ പങ്ക് മഹത്തരമാണെന്നും ഈ ഐക്യം ഇന്ത്യക്കാകെ മാതൃകയാണെന്നും എം.എം. അബൂബക്കര്‍ ഫൈസി അഭിപ്രായപ്പെട്ടു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേള നത്തോടനുബന്ധിച്ച് നടത്തിയ ഇരുചക്രവാഹന റാലിയുടെ സമാപന യോഗം കലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സത്യസാക്ഷികളാകുക' എന്ന സമ്മേളന സന്ദേശ പ്രമേയം അവതരിപ്പിച്ച് തണ്ടേക്കാട് മുസ്‌ലിം ജമാ അത്ത് ഖത്തീബ് മുഹമ്മദ് മുനീര്‍ ഹുദവി പ്രസംഗിച്ചു.ചിറ്റേത്തുകരയില്‍ നിന്ന് ആരംഭിച്ച ടൂവീലര്‍ റാലിക്ക് കെ.എം. അബ്ദുല്‍ സലാം ഹാജി, ടി.കെ. ഷംസുദ്ദീന്‍ ഹാജി, പരീത് കുഞ്ഞ്, യൂസുഫ് മാസ്റ്റര്‍, ടി.എം. അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലി കാക്കനാട്, വെണ്ണല, ചളിക്കവട്ടം, തമ്മനം, കലൂര്‍ മണപ്പാട്ടിപ്പറമ്പ്, കറുകപ്പള്ളി വഴി കലൂര്‍ മുസ്‌ലിം പള്ളിക്ക് സമീപം സമാപിച്ചു.
സക്കീര്‍ ഹുസൈന്‍ മുസ്‌ലിയാര്‍, മന്‍സൂര്‍ മാസ്റ്റര്‍, കെ.എം. അബ്ദുല്‍ സലാം ഹാജി, യൂസുഫ് മാസ്റ്റര്‍, ടി.കെ. ഷംസുദ്ദീന്‍ ഹാജി, പരീത്കുഞ്ഞ്, ടി.എ. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ. ഇബ്രാഹിംകുട്ടി സ്വാഗതവും നവാസ് മുല്ലോത്ത് നന്ദിയും പറഞ്ഞു.