കോഴിക്കോട്: പിണറായി വിജയനെ പ്പോലെയുള്ള മതനിഷേധികള്‍ക്കുപോലും വിമര്‍ശിക്കാന്‍ അവസരം നല്‍കുംവിധം പ്രവാചകനെ ദുരുപയോഗം ചെയ്ത കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ സമുദായത്തോട് മാപ്പ് പറയണമെന്ന് എസ്.വൈ.എസ്. ആവശ്യപ്പെട്ടു. യാതൊടു അടിസ്ഥാന വുമില്ലാത്ത ഒരു വസ്തു സമൂഹത്തില്‍ കൊണ്ടുവന്ന് അത് പ്രവാചക കേശമാണെന്ന് അവകാശപ്പെടുക വഴി ഇസ്‍ലാമിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനാണ് കാന്തപുരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
മതത്തിന്‍റെ വിശ്വാസ പ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും സുതാര്യമാണെന്നിരിക്കെ ആരുടെയെങ്കിലും അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യം മുസ്‍ലിംകള്‍ക്കില്ല. പ്രവാചക കേശം ഉള്‍പ്പെടെ ഏത് മുടിയും കത്തുമെന്ന ഭൗതിക വാദിയായ പിണറായി വിജയന്‍റെ അഭിപ്രായ പ്രകടനം ശരിയല്ല.
പ്രവാചക കേശമാണെങ്കില്‍ കത്തില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചരിത്രത്തില്‍ പലതവണ ഈ പരീക്ഷണം നടത്തി ഇക്കാര്യം ബോധ്യപ്പെട്ടതാണ്. തന്‍റെ കൈവശമുണ്ടെന്ന് അവകാശ പ്പെടുന്ന കേശത്തിന്‍റെ ആധികാരികത പൊതു സമൂഹത്തിലെ വ്യക്തിത്വങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അവ കത്തിച്ചു പരീക്ഷണത്തിന് വിധേയമാക്കി പ്രവാചകന്‍റെ അമാനുഷികത ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്താന്‍ കാന്തപുരം തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.