പ്രൗഢം, ഉജ്ജ്വലം; സമസ്ത 85-ാം വാര്ഷിക സംഗമത്തിന് പതിനായിരങ്ങള്

കൂരിയാട് : കേരളത്തിന്റെ വിവിധഭാഗങ്ങളിലും പുറത്തുംനിന്നെത്തിയ പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന് ഗംഭീര തുടക്കം. സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.
'സത്യസാക്ഷികളാവുക' എന്ന ശീര്‍ഷകത്തില്‍ നടന്ന പ്രഥമ സെഷന്‍ പി.കെ.പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖഭാഷണം നടത്തി. 'സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം' എന്ന വിഷയം എം.പി. മുസ്തഫല്‍ ഫൈസി അവതരിപ്പിച്ചു. 'സമസ്ത സാധിച്ച കര്‍മങ്ങള്‍' എന്ന വിഷയം നാസ്വിര്‍ ഫൈസി കൂടത്തായി അവതരിപ്പിച്ചു.

ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസ സെഷന്‍ ലക്ഷദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രാഥമിക മദ്രസകള്‍ ഉയര്‍ത്തിയ ഉത്കൃഷ്ട പരിസരം, പള്ളി ദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌കാരിക പൈതൃകം എന്നീ വിഷയങ്ങള്‍ യഥാക്രമം പിണങ്ങോട് അബൂബക്കര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അവതരിപ്പിച്ചു.
'സക്കാത്ത് വിപുല വായന' എന്ന വിഷയം എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിച്ചു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖഭാഷണം നിര്‍വഹിച്ചു. 'തസ്വവ്വുഫ് ചിന്തകളും പഠനങ്ങളും' സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. 'തസവ്വുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ' എന്ന വിഷയം എ. മരക്കാര്‍ ഫൈസിയും 'ത്വരീഖത്ത് സത്‌സരണിയുടെ സാക്ഷ്യം' എന്ന വിഷയം പനങ്ങാങ്ങര ഹൈദര്‍ ഫൈസിയും അവതരിപ്പിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖവുരഭാഷണം നടത്തി.

രാത്രി ദിക്‌റ് ദുആ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
വെള്ളിയാഴ്ച രാവിലെ 'കാലികം' സെഷനില്‍ 'മുസ്‌ലിം ലോകവും ചലനങ്ങളും' എന്ന വിഷയം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതരിപ്പിക്കും. 'മുസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി അവതരിപ്പിക്കും. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഏഴിന് മംഗലാപുരം ഖാസി അഹമ്മദ് മൗലവി പ്രസംഗിക്കും. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്.