''സമസ്ത 85-ാം വാര്ഷികം'' കൂറ്റന് പന്തലൊരുങ്ങുന്നു

ചേളാരി: 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വരക്കല്‍ അബ്ദുറഹിമാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനത്തിന്‍ വിപുലമായ ഒരുക്കങ്ങള്‍  അന്തിമ ഘട്ടത്തിലാണ്്‌. മൂന്ന് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിച്ച പഠനക്യാമ്പിനുള്ള കൂറ്റന്‍ പന്തല്‍ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്. പന്തലിന് പുറത്ത് 300 ടോയ്‌ലറ്റുകളും 300 കുളിമുറികളും ഒരുക്കിയിട്ടുണ്ട്. സമ്മേളന പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ ചെയ്യുന്നതിന് നഗരിയില്‍ തന്നെ സ്വാഗതസംഘം കാര്യാലയം പ്രവര്‍ത്തിക്കും. മീഡിയ സെന്ററില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കും.
ഒരേ അവസരം കാല്‍ലക്ഷം പേര്‍ക്ക് പഠനവേദിയില്‍ ഭക്ഷണ പാക്കറ്റുകളും കുടിവെള്ളവും വിതരണം നടത്തുന്നതിന് 1500 വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും പാക് ചെയ്യുന്നതിനും പുകശല്യമില്ലാതിരിക്കുന്നതിന് ഒരുകിലോമീറ്റര്‍ അകലെ പ്രത്യേക പാചകഹാള്‍ തയ്യാറാക്കിയിട്ടുണ്ട്. ട്രാഫിക്ക് തടസ്സം ഇല്ലാതിരിക്കുന്നതിന് കോട്ടക്കല്‍ മുതല്‍ രാമനാട്ടുകര വരെ വളണ്ടിയര്‍മാരെ വിന്യസിക്കും. വേങ്ങര-കൂരിയാട്, ചെമ്മാട്-കൂരിയാട് ഹൈവേയിലും സമ്മേളന ദിവസം വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും.
കേമ്പ് പ്രതിനിധികളെ നിയന്ത്രിക്കുന്ന സമിതി അംഗങ്ങള്‍ക്ക് അവസാനഘട്ടപരിശീലനം 21-ന് ചേളാരിയില്‍ നല്‍കും. രജിസ്‌ത്രേഷനുകള്‍ പൂര്‍ത്തിയായി വരുന്നു. 16 കൗണ്ടറുകളിലായി 60 പേരെയും 15 ഗൈറ്റുകളില്‍ 30 പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 23 രാവിലെ 7 മണിക്ക് എല്ലാ കൗണ്ടറുകളും ഓപ്പണ്‍ ചെയ്യും. പഠനഹാളിന്റെ കിഴക്ക് വശത്ത് 2800 ചതുരശ്ര അടിയിലാണ് രജിസ്‌ത്രേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയത്. ക്യാമ്പ് പ്രതിനിധികള്‍ക്ക് പ്രത്യേക ടോക്കണ്‍ നല്‍കിയിട്ടുണ്ട്.
പഠനകേമ്പിലും സമ്മേളനത്തിലും സംബന്ധിക്കുന്നതിന് ലക്ഷദ്വീപ്, അന്തമാന്‍, മലേഷ്യ, സിങ്കപ്പൂര്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍, സഊദി അറേബ്യ, കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നിന്നും, ഇന്ത്യയിലെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രവര്‍ത്തകരും പഠിതാക്കളും എത്തുന്നുണ്ട്.