സമസ്ത മദ്‌റസാ വിപ്ലവം

വിദ്യാഭ്യാസം ഇസ്ലാമിക സംസ്കാരത്തിന്റെ ആണിക്കല്ലായതുകൊണ്ട്‌ തന്നെ മുസ്ലിം സമൂഹം ഓരോ കാലഘട്ടത്തിലും അനുയോജ്യമായ സംവിധാനങ്ങൾ വിജ്ഞാന പ്രചരണത്തിന്‌ വേണ്ടി ഒരുക്കിയതായി ചരിത്രം പഠിക്കുമ്പോൾ മനസ്സിലാക്കാം. കാലിക വിദ്യാഭ്യാസ സംരംഭങ്ങൾ ഒരുക്കുന്നതിൽ പൂർവ്വകാല മുസ്ലിം സമൂഹം കൈവരിച്ച നേട്ടം വിസ്മയാവഹമാണ്‌. ഇന്നത്തെ സാഹചര്യങ്ങൾ വെച്ച്‌ അവരുടെ സംവിധാനങ്ങൾ പഴഞ്ചനെന്ന്‌ മുദ്ര കുത്താൻ എളുപ്പമാണ്‌. പക്ഷേ പള്ളികളിലെ ദർസുകൾ, മക്തബുകൾ, മദ്രസകൾ, കോളേജുകൾ തുടങ്ങി യൂണിവേഴ്സിറ്റികൾക്ക്‌ വരെ അവർ അന്നത്തെ നിലയിൽ രൂപം കൊടുത്തിരുന്നു. കേരള മുസ്ലിംകൾക്കിടയിലും താരതമ്യേന മികച്ച വിദ്യാഭ്യാസ രീതികൾ നിലനിന്നിരുന്നു. പ്രാധമിക പഠനത്തിന്‌ ഓത്തു പള്ളികളും ഉന്നത പഠനത്തിന്‌ പള്ളി ദർസുകളും സാർവ്വത്രിക വിദ്യാഭ്യാസത്തിനായി ഒരോ വിഷയങ്ങളും ഗ്രന്ഥങ്ങളും വിശദമായി വിശദീകരിച്ച്‌ പഠിപ്പിച്ച്‌ കൊടുത്തിരുന്ന മത പ്രസംഗ-വഅ​‍്ല്‌ പരമ്പരകളും നമ്മുടെ മുൻഗാമികൾ സംവിധാനിച്ചു.