ഫിത്വ്‌റത്തിന്റെ ആത്മീയപാത

മനുഷ്യ ജീവിതത്തിന്റെ മത സാംസ്കാരിക വിദ്യാഭ്യാസ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെല്ലാം ചടുലവും വൈവിധ്യവും നിർണ്ണായകളുമായ മാറ്റങ്ങളാണ്‌ കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ എല്ലാ സമൂഹങ്ങളിലും സംഭവിച്ചതു. പാശ്ചാത്യ സംസ്കാരത്തിന്റെയും വിദ്യാഭ്യാസ ചിന്താധാരകളുടെയും വ്യാപകമായ പ്രചരണമായിരുന്നു ഈ മാറ്റങ്ങൾക്ക്‌ പ്രചോദനമെങ്കിലും ഓരോ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും വിഭിന്ന രീതിയിലാണ്‌ അവയോട്‌ പ്രതികരിച്ചതും മാറ്റങ്ങൾക്ക്‌ വിധേയമായതും. കേരള മുസ്ലിംകൾ ഈ മാറ്റങ്ങളെ നേരിട്ടത്‌ കുറെയൊക്കെ ക്രിയാത്മകമായിട്ടായിരുന്നു. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള മുസ്ലിം സമൂഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ആധുനിക സാഹചര്യങ്ങളിൽ ആത്മീയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ മലയാളി മുസ്ലിം സമൂഹം മുന്നിൽ നിൽക്കുന്നുണ്ട്‌.