പൂക്കോട്ടൂര്‍: തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ജീവിതയാത്രയില്‍ ചെറുതും വലുതുമായ പലതരം തെറ്റുകള്‍ ഓരോരുത്തര്‍ക്കും പറ്റുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ ആരംഭിച്ച ഹജ്ജ് പഠനക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിമിഷവും മനുഷ്യന് പോരായ്മകള്‍ വന്നുകൊണ്ടിരിക്കും. എല്ലാ മനുഷ്യന്റെയും സൃഷ്ടി അത്തരത്തിലാണ്. പറ്റിപ്പോയ തെറ്റുകള്‍ പൊറുത്തുതരണമെന്നും ശിഷ്ടകാലം ശിശുവിനെപ്പോലെ ജീവിച്ചുകൊള്ളാമെന്നുമുള്ള ആഗ്രഹത്തിനുള്ള അവസരമാണ് ഹജ്ജ് പോലുളള പുണ്യകര്‍മ്മങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സ് നിറയെപ്രതീക്ഷകളുമായി അടുത്ത ജീവിതത്തിന് ഒരുങ്ങിയിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹജ്ജ് ക്ലാസുകള്‍ ഏറെ പ്രയോജനകരമാണ്.
ഹജ്ജ് കര്‍മ്മത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞുകൊടുക്കുന്നതിനാല്‍ സംസ്ഥാനത്തെ തന്നെ മികച്ച ഹജ്ജ്ക്യാമ്പാണ് പൂക്കോട്ടൂരിലേതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.