എന്‍.എസ്.എസ്സിന് സര്ക്കാര് ഭൂമി അന്യായമായി നല്കി: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: എന്‍.എസ്.എസ്സിനും എസ്.എന്‍.ഡി.പിക്കും സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി അന്യായമായി പതിച്ചു നല്‍കിയതായി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആരോപിച്ചു. ന്യായമായ അവകാശങ്ങള്‍ പോലും മുസ്്‌ലിംകള്‍ നേടുന്നതിനെതിരെ അസഹിഷ്ണുത കാണിക്കുന്ന എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമാണ് അന്യായമായി സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തിരിക്കുന്നത്. ഇടുക്കി മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നില്‍ക്കുന്ന 99 സെന്റ് ഭൂമി 1963ല്‍ പാട്ടകരാറടിസ്ഥാനത്തില്‍ നല്‍കിയതാണ്.ഈ ഭൂമി യു.ഡി.എഫ് സര്‍ക്കാര്‍ എന്‍.എസ്.എസ്സിന് പതിച്ച് നല്‍കിയിരിക്കുകയാണ്. 57,88,800 രൂപ പാട്ടകുടിശ്ശിക സര്‍ക്കാര്‍ എഴുതി തള്ളുകയും ചെയ്തു.

പന്തളത്ത് നേരത്തെ മന്നം ഷുഗര്‍ മില്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ കൈയിലുണ്ടായിരുന്ന 9.46 ഏക്കര്‍ ഭൂമി യഥേഷ്ടം മാറ്റം വരുത്തി ഉപയോഗിക്കാന്‍ പതിച്ചു നല്‍കി. അഞ്ച് കോടിയുടെ കടബാധ്യതയുണ്ടായിരുന്ന സൊസൈറ്റിയാണ് സര്‍ക്കാര്‍ എറ്റെടുത്ത് കടം വീട്ടിയത്. ഈ ഭൂമിയാണ് വെറുതെ പതിച്ചു നല്‍കിയത്. തിരുവന്തപുരം വഞ്ചിയൂരില്‍ 71 സെന്റ്സ്ഥലത്തിന്റെ 1937 മുതലുള്ള 1.25 കോടി പാട്ട കുടിശ്ശിക എഴുതി തള്ളി. സെന്റിന് 18 രൂപ വാര്‍ഷിക പാട്ടമായി നിശ്ചയിച്ച് 2036 വരെ പാട്ടകാലാവധി നീട്ടി നല്‍കി. വാഗമണ്‍ മുരുകന്‍ മലയില്‍ 25 ഏക്കര്‍ ഭൂമി എസ്.എന്‍.ഡി.പിക്ക് സൗജന്യമായി പതിച്ച് നല്‍കി. 2005ല്‍ തിരുവന്തപുരം എം.ജി കോളജിന്റെ 107.96 കോടി രൂപ വിലവരുന്ന 42.96 ഏക്കര്‍ സ്ഥലം എന്‍.എസ്.എസ്സിന് പതിച്ചു നല്‍കിയിരുന്നു. 39 കോടി രൂപ പാട്ടകുടിശ്ശിക എഴുതി തള്ളുകയും ചെയ്തു. 66 കോടി രൂപവിലവരുന്ന നിറമണക്കര എന്‍.എസ്.എസ് കോളജ് നല്‍ക്കുന്ന 25.6 ഏക്കര്‍ ഭൂമി സെന്റിന് 100 രൂപ വില നിശ്ചയിച്ച് പതിച്ചു നല്‍കി. ആര്‍ രാമചന്ദ്രന്‍ നായര്‍ ട്രസ്റ്റ് നടത്തുന്ന ഹോമിയോ കോളജില്‍ നിരവധി തസ്തികകള്‍ സൃഷ്ടിച്ച് നിയമനങ്ങള്‍ നടത്തി -അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു