കാന്തപുരത്തിന്‍െറ കേരളയാത്രയുടെ ഉപഹാരമായി സബ് രജിസ്ട്രാര്‍ ഓഫിസിന് അലമാര നല്‍കിയത് വിവാദമായി. തിരൂര്‍ കോടതി വളപ്പിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ആറടി ഉയരമുള്ള ഇരുമ്പ് അലമാരയുമായി ഏതാനും പ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ ഓഫിസില്‍ എത്തുകയായിരുന്നു. കാന്തപുരത്തിന്‍െറ കേരളയാത്ര ഉപഹാരം എന്നും എസ്.എസ്.എഫ്, എസ്.വൈ.എസ് തിരൂര്‍ എന്നും അലമാരയില്‍ എഴുതിയിരുന്നു. കൂടാതെ എസ്.വൈ.എസിന്‍െറ സാന്ത്വനം പദ്ധതിയുടെ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസില്‍ പണവും ഉപഹാരവും കൈപ്പറ്റുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്നവര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
നേരത്തെ ഭൂമി രജിസ്ട്രേഷനു വേണ്ടി കാന്തപുരം എത്തിയപ്പോള്‍ ഓഫിസിന്‍െറ ശോച്യാവസ്ഥ കണ്ട് അലമാര വാഗ്ദാനം ചെയ്തെന്നും ഇത് എത്തിച്ചതാണെന്നുമായിരുന്നു രജിസ്ട്രാര്‍ ഓഫിസ് അധികൃതരുടെ വിശദീകരണം. എന്നാല്‍, സംഭവം ചര്‍ച്ചാ വിഷയമാകുകയും കോടതിയില്‍നിന്ന് അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ എത്തുകയും ചെയ്തതോടെ അധികൃതര്‍ അലമാര കൊണ്ടുവന്നവരോട് തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാന്തപുര ത്തിന്‍െറ കേരളയാത്ര ഉപഹാരമായി കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ നല്‍കിയിരുന്നു. ആശുപത്രിയില്‍ പൊതുപരിപാടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, അലമാര കൈമാറ്റം രഹസ്യമായിരുന്നു.
കേരളയാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ വേദിയില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കൈമാറുന്നത് പ്രഖ്യാപിക്കുകയും രേഖ ആശുപത്രി അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്വീകരണ വേദിയില്‍ അലമാരയുടെ വിവരം വെളിപ്പെടുത്തിയിരുന്നില്ല. കോണ്‍സന്‍ട്രേറ്റര്‍ സമര്‍പ്പണം തിരൂരിലെ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അറിയിച്ചിരുന്നെങ്കില്‍ അലമാര നല്‍കുന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ലത്രേ. രഹസ്യമായ അലമാര കൈമാറ്റം ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്