കാന്തപുരം പ്രതികരിച്ചാല്‍ ഇനിയും പറയാനുണ്ട്‌: ടി.കെ ഹംസ

കേരളത്തില്‍ ഏറെ വിവാദമായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന വ്യാജകേശത്തെക്കുറിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതികരണങ്ങളുമായി രംഗത്തുവന്നു. രണ്ടുപതിറ്റാണ്ട്‌ കാലത്തെ രാഷ്‌ട്രീയ ബന്ധ മൊന്നും വകവെക്കാതെയുള്ള പിണറായിയുടെ പരാമര്‍ശങ്ങളോട്‌ കാന്തപുരം ആദ്യം രൂക്ഷമായി പ്രതികരിച്ചെങ്കിലും പിണറായി വീണ്ടും നന്നായി വിരട്ടിയതോടെ കാന്തപുരം നിര്‍ത്തി..... തുടര്‍ന്ന്‌ പിണറായിയെ ന്യായീകരിച്ചും കാന്തപുരത്തെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ടി.കെ ഹംസ ദേശാഭിമാനിയിലൂടെ നന്നായി കശക്കിയതോടെ കേരള രാഷ്‌ട്രീയത്തില്‍ തന്നെ ഇതൊരു കൗതുകമായി മാറി.
`ഞാന്‍ ഒരിക്കലും ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും ഒപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയും ഇല്ല' എന്ന കാന്തപുരത്തിന്റെ പ്രസ്‌താവനയെ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തോട്‌ ഉപമിച്ചുകൊണ്ടാണ്‌ ടി.കെ ഹംസ തുറന്നടിച്ചത്‌. രണ്ട്‌ പതിറ്റാണ്ടുകാലമായുള്ള രാഷ്‌ട്രീയബന്ധം സമ്മതിച്ചുകൊണ്ട്‌ തന്നെ ചില കാര്യങ്ങള്‍ അദ്ദേഹം സത്യധാരയോട്‌ തുറന്നുപറഞ്ഞു.  പൂര്‍ണ്ണമായി വായിക്കുക
ടി.കെ ഹംസ/ സത്താര്‍ പന്തലൂര്‍
? പിണറായി വിജയനു പിറകെ താങ്കളും കാന്തപുരത്തിനെതിരെ വിമര്‍ശനമുമായി രംഗത്തുവരാനുള്ള കാരണം

ദേശാഭിമാനിയില്‍ ഞാന്‍ എഴുതിയതില്‍ കൂടുതല്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. നിങ്ങള്‍ ഈ വിഷയം വികസിപ്പിച്ചു കൊണ്ടുവരുന്നതില്‍ എനിക്ക്‌ വിരോധവുമില്ല. പക്ഷെ ഞങ്ങളുടെ രാഷ്‌ട്രീയത്തിന്‌ കോട്ടം തട്ടുന്നവിധമാകരുത്‌. എനിക്കദ്ദേഹത്തെ കുറിച്ച്‌ ധാരാളം പറയാനുണ്ട്‌. ഇപ്പോള്‍ പറയുന്നില്ലെന്ന്‌ മാത്രം. അത്‌ മതപരമായ വീക്ഷണത്തില്‍ തന്നെ പറയാനുണ്ട്‌.
? `മുടി' യുടെ നിജസ്ഥിതി അറിയണമെന്ന്‌ താങ്കള്‍ക്ക്‌ ആഗ്രഹമില്ലേ
അതിനെ പറ്റി ഞാനൊന്നും പറയുന്നില്ല. എന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലല്ല അതിന്റെ കാര്യം. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നിജസ്ഥിതിയെ കുറിച്ച്‌ ധാരാളം പറഞ്ഞിട്ടുണ്ട്‌. മുസ്‌ലിംലീഗിന്റെയും നിങ്ങളുടേയും നേതാവാണല്ലോ, ഹൈദരലി ശിഹാബ്‌ തങ്ങള്‍, നാഴിയിലും ഇടങ്ങാഴിയിലും കാലുണ്ടല്ലോ അവരൊക്കെ വിഷയങ്ങള്‍ പറയട്ടെ.

? ഹൈദരലി ശിഹാബ്‌ തങ്ങള്‍ തുടക്കം മുതലേ പറഞ്ഞിട്ടുണ്ടല്ലോ
പോരാ നന്നായി പറയണം.... ഞാന്‍ ഇതിനെകുറിച്ച്‌ കൂടുതല്‍ പറയണമെങ്കില്‍ രണ്ട്‌ കണ്ടീഷനുണ്ട്‌. ഒന്നുകില്‍ ഞാന്‍ എഴുതിയതിന്‌ കാന്തപുരം മറുപടി പറയണം. അല്ലെങ്കില്‍ മതവും രാഷ്‌ട്രീയവും കൈകാര്യം ചെയ്യുന്ന മുസ്‌ലിംലീഗ്‌ പ്രതികരിക്കണം. ഞങ്ങള്‍ക്ക്‌ ഇത്‌ രാഷ്‌ട്രീയമാണ്‌.
? കാന്തപുരം കളവ്‌ പറയുന്നയാളാണെന്ന്‌ അഭിപ്രായമുണ്ടോ
എന്റെ ലേഖനത്തില്‍ മൂപ്പര്‍ക്ക്‌ വല്ലാത്ത ഒരു കുത്തുണ്ട്‌. ഞങ്ങള്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും ഒപ്പം നിന്നിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാചകം എഴുതിയശേഷം ഞാന്‍ എഴുതി : ഇപ്പറഞ്ഞത്‌ ശരിയാണോ? സത്യമാണോ എന്നു ചോദിച്ചാല്‍ അതിന്റെ മലയാളം ഈ പറഞ്ഞത്‌ കളവാണെന്നാണ്‌. അപ്പോള്‍ അദ്ദേഹം കളവ്‌ പറയുന്നവനാണെന്ന്‌ വരികയാണ്‌. ഞാനും അദ്ദേഹവും തമ്മില്‍ ഇരുപത്‌ വര്‍ഷത്തെ രാഷ്‌ട്രീയബന്ധമുണ്ട്‌. മതബന്ധമൊന്നുമില്ല. അത്‌ മറന്നിട്ടല്ലേ ആ പറഞ്ഞത്‌. അരിവാള്‍ സുന്നി എന്നല്ലേ അദ്ദേഹത്തിന്റെ പേര്‌. അതെങ്ങിനെ കിട്ടിയതാ.... വെറുതെ കിട്ടുമോ? ലോകം മുഴുവന്‍ അദ്ദേഹത്തെ അങ്ങനെയല്ലേ വിളിച്ചത്‌.

ഞാന്‍ വക്കീലായിരുന്ന കാലത്ത്‌ നിലമ്പൂരില്‍ രാത്രി മൂന്ന്‌ വേശ്യസ്‌ത്രീകളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. കേസ്‌ നടത്തിത്തരണമെന്ന്‌ പറഞ്ഞ്‌ രാവിലെ അവര്‍ മൂന്നുപേരും എന്റെ ഓഫീസി ലെത്തി. അവരുടെ കയ്യില്‍ നല്ല കാശുമുണ്ട്‌. കേസ്‌ ഞാനേറ്റെടുത്തു. അവര്‍ എപ്പോഴും പറയും പൊന്നാര വക്കീലേ, പോലീസ്‌ ഏത്‌ കേസെടുത്താലും ഈ കേസ്‌ ഞങ്ങളുടെ പേരില്‍ എടുക്കാന്‍ പാടില്ലായിരുന്നു. അഥവാ ഇമ്മാരിപണി അവര്‍ ചെയ്യാറില്ലെന്നര്‍ത്ഥം. അതുപോലെ പതിനെട്ട്‌ കൊല്ലം ഞാനും കാന്തപുരവും ഒരുമിച്ചു കിടന്നുറങ്ങിയിട്ട്‌ ഞാന്‍ ഒരിക്കലും തൊട്ടിട്ടില്ല എന്നുപറഞ്ഞാല്‍ അത്‌ വിട്ടുകൊടുക്കാന്‍ പറ്റുമോ? മതക്കാര്‌ രാഷ്‌ട്രീയത്തില്‌ വേണ്ടാ എന്ന്‌ ഞങ്ങള്‍ പറഞ്ഞതിന്റെ കാരണം ഇതാണ്‌.
? കാന്തപുരം ഗ്രൂപ്പിനെകുറിച്ച്‌ നിങ്ങള്‍ തുറന്നൊരു അഭിപ്രായം പറയുമോ
ഒരുകാര്യം നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞുതരാം. ഇവര്‍ ഒരിക്കലും നേരെയാവില്ല. ഹാദാ ഖൗമുന്‍ ജാഹിലൂന്‍

? ഈ വിഷയത്തോടെ കാന്തപുരവുമായി പിണങ്ങിയോ
അവര്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്‌. അവര്‍ പോയിഎന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.
? പിണറായി വിജയന്‍ പ്രവാചകരുടെ മുടിയേയും നഖത്തേയുമൊക്കെ ബോഡിവേസ്റ്റ്‌ എന്നുപറഞ്ഞത്‌ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പ്രയോഗമല്ലേ...
അദ്ദേഹം ആ വിഷയത്തെകുറിച്ച്‌ അറിയുന്നത്‌ പറഞ്ഞു. പുറത്തുള്ള ഒരു സാധാരണക്കാരന്റെ വാക്കാണത്‌. അതിനെ അത്രമാത്രം കണ്ടാല്‍ മതി.
? പുതിയ സാഹചര്യത്തില്‍ കാന്തപുരം വിഭാഗം രാഷ്‌ട്രീയനിലപാട്‌ മാറ്റുമോ
ഏയ്‌.... അവരുടെ നയത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതാരാണെന്ന്‌ ഇതുവരെ ആരും ചോദിച്ചിട്ടുമില്ല; അദ്ദേഹം പറഞ്ഞിട്ടുമില്ല.

? സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ഒരു പ്രമേയത്തെകുറിച്ചു വാര്‍ത്ത വന്നിരുന്നു. പാര്‍ട്ടി മതന്യൂനപക്ഷങ്ങളിലേക്ക്‌ കടന്നുചെല്ലാന്‍ ഇടനിലക്കാരെ ഉപയോഗിച്ചത്‌ തെറ്റായിപ്പോയെന്നും ഇനി മുസ്‌ലിം പ്രശ്‌നങ്ങളിലൊക്കെ നേരിട്ട്‌ ഇടപെടുമെന്നും, എന്താണിതിലെ വസ്‌തുത?
ആന്തരികമായ ചില കാര്യങ്ങളാണത്‌. സച്ചാര്‍ കമ്മിറ്റിയുടെ വിഷയങ്ങളിലൊക്കെ പാര്‍ട്ടി നേരിട്ടാണ്‌ ഇടപ്പെട്ടത്‌. പാര്‍ട്ടിക്ക്‌ പലകാര്യങ്ങളില്‍ ചെറിയൊരു കാര്യം മാത്രമാണ്‌ മുസ്‌ലിം കളുടേത്‌. മതസംഘടനകളെ തന്നെ നോക്കിയിട്ട്‌ വേണമെന്നില്ലല്ലോ എന്നുള്ള ഒരു വീക്ഷണ മാണത്‌.
? മുസ്‌ലിം സമുദായത്തിലേക്ക്‌ കടന്നുചെല്ലാന്‍ കാന്തപുരത്തെ ഇടനിലക്കാരനായി ഉപയോഗിച്ചിട്ടുണ്ടോ

കാന്തപുരം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അനുകൂലിച്ച്‌ നിന്നിട്ടുണ്ട്‌ ഒരു കാലത്ത്‌.
? ഇപ്പോള്‍ അനുകൂലിക്കുന്നില്ലേ
ഇപ്പോഴുമുണ്ട്‌, അനുകൂലിക്കുന്നില്ലെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.

? അപ്പോള്‍ ഇടനിലക്കാരന്‍ തന്നെയായിരുന്നുവല്ലേ
ഇടനില എന്ന്‌ അതിന്‌ പറഞ്ഞുകൂടാ.... മുസ്‌ലിംലീഗുമായി പരസ്യമായി എതിരിട്ടപ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ ഞങ്ങളുമായി കൂട്ടുകൂടി. തുടര്‍ന്ന്‌ ഞങ്ങള്‍ അങ്ങോട്ടുപോകും. അവരിങ്ങോട്ട്‌ വരും. അതില്‍കവിഞ്ഞ്‌ അതിന്‌ ഒരു മാനദണ്ഡവുമില്ല.
? കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സ്ഥാര്‍ത്ഥിയായപ്പോള്‍ ഞാനൊരു എ.പി. സുന്നിയാണെന്ന്‌ താങ്കള്‍ പറഞ്ഞിരുന്നല്ലോ; അതിലിപ്പോള്‍ കുറ്റബോധമുണ്ടോ
ഇല്ല; അതൊരു രാഷ്‌ട്രീയപ്രതിസന്ധി ഘട്ടത്തില്‍ പറയേണ്ട കാര്യങ്ങള്‍ വൃത്തിയായി പറഞ്ഞുവെന്നേയുള്ളൂ.

? ഒരു സ്ഥാനാര്‍ത്ഥി പറയേണ്ട വാക്ക്‌....
ഒരു സ്ഥാര്‍ത്ഥിയുടെ തന്ത്രം, ഇ.കെ സുന്നിയുടെ വോട്ടില്ല, ജമാഅത്ത്‌ വോട്ടില്ല, മുജാഹിദ്‌ വോട്ടില്ല. അപ്പോള്‍ കിട്ടുന്ന വോട്ടിന്‌ നന്നായിട്ടു പറഞ്ഞുവെന്നു മാത്രം. അത്രയൊക്കെ വിചാരിച്ചാല്‍ മതി. എന്റെ കാര്യത്തില്‍ നമ്മളെന്ത്‌ ചര്‍ച്ച ചെയ്‌തിട്ടും കാര്യമില്ല.
? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്‌ ഇരുപത്‌ സീറ്റ്‌ കിട്ടിയത്‌ കാന്തപുരത്തിന്റെ പിന്തുണകൊണ്ടാണെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നല്ലോ
നുണയാണപ്പറഞ്ഞതെന്ന്‌ എല്ലാവര്‍ക്കുമറിയുന്നതല്ലേ?
? ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ സി.പി.എമ്മും കാന്തപുരവും ധാരണ ഉണ്ടാക്കിയിരുന്നോ

എല്ലാം അറിയാം. അതൊന്നും ഇപ്പോള്‍ തുറന്ന്‌ പറയാന്‍ കഴിയില്ല.
? കാന്തപുരത്തിന്‌ സ്വന്തമായി വോട്ടുബാങ്കുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ടോ
പ്രവര്‍ത്തകര്‍ കുറച്ചൊക്കെ എല്ലാവര്‍ക്കുമുണ്ടാവും, പക്ഷെ ജനങ്ങള്‍ വിവിധ രാഷ്‌ട്രീയപ്രവര്‍ത്തകരോ അനുഭാവികളോ ആണ്‌. എന്‍.എസ്‌.എസ്‌ പറഞ്ഞാല്‍ എല്ലാ നായന്‍മാരുടേയും വോട്ട്‌ പോകുമോ? വെള്ളാപ്പള്ളി പറഞ്ഞാല്‍ എല്ലാ ഈഴവരുടേയും വോട്ട്‌ കിട്ടുമോ? അതുകൊണ്ട്‌ വോട്ടുബാങ്ക്‌ എന്നുപറഞ്ഞ്‌ വണ്‍ ടു ത്രി കണക്കാക്കി ആരും ഇരിക്കേണ്ട എന്നാണ്‌ എന്റെ കാഴ്‌ച്ചപ്പാട്‌. ഒരു സംഘടനാ നേതാവ്‌ പറഞ്ഞാല്‍ കുറച്ചാളുകളൊക്കെ കേള്‍ക്കും. എല്ലാവരും അനുസരിക്കുമെന്ന്‌ കരുതേണ്ട. മതരംഗത്ത്‌ കാന്തപുരത്തെ അംഗീകരിക്കുന്നവര്‍ തന്നെ വ്യത്യസ്‌ത രാഷ്‌ട്രീയപ്രവര്‍ത്തകരാണെന്ന്‌ എനിക്കറിയാം. നന്നായിട്ടറിയാം. എന്നാല്‍ അവരൊക്കെ തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ അവരുടെ പാര്‍ട്ടിയുടെ കൂടെയല്ലേ നില്‍ക്കൂ.

? അപ്പോള്‍ അദ്ദേഹം ഒരു നിശ്ചിതപാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ പറഞ്ഞാല്‍ അനുയായികള്‍ അനുസരിക്കില്ലെന്നാണോ

അതല്ലേ അദ്ദേഹം പറയാത്തത്‌. ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം പറയും നമ്മളെ സഹായിച്ചവരെ നമ്മളും സഹായിക്കും....!
? മുടിപള്ളി കിനാലൂരില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം തടസ്സം നിന്നുവെന്ന്‌ കേള്‍ക്കുന്നുണ്ടല്ലോ
എനിക്കറിയില്ല; ഞാനത്‌ പഠിച്ചിട്ടില്ല
? നിങ്ങളത്‌ മറച്ചുവെക്കുകയാണോ
ഞാന്‍ പലതും മറച്ചുവെക്കും. നിങ്ങളോട്‌ ഉള്ളുതുറന്നു സംസാരിക്കാന്‍ നിങ്ങളും ഞാനും ബന്ധമായിട്ടില്ല. അങ്ങനെ പറയേണ്ടതായ ഒരു ബാധ്യതയും എനിക്കില്ല. പറയേണ്ടിടത്തോളം പറഞ്ഞുകഴിഞ്ഞു. പറയേണ്ട ബാധ്യതയിലേക്ക്‌ എത്തുന്നനേരത്ത്‌ എന്തു പറയുന്നുവെന്ന്‌ അപ്പോള്‍ നോക്ക്‌.... ഞങ്ങളത്‌ പറയും, പറയാതിരിക്കില്ല.... ഞങ്ങളും ഒരു ലൈന്‍ കണ്ടിട്ട്‌ തന്നെയാണ്‌ ഇതൊക്കെ പറയുന്നത്‌. നിങ്ങളെക്കൊണ്ട്‌ കഴിയുമെങ്കില്‍ മുസ്‌ലിംലീഗിനോട്‌ മുടിയുടെ കാര്യത്തില്‍ ഒരു പ്രമേയം പാസാക്കാന്‍ പറ..... എന്നിട്ട്‌ സമുദായം ഒന്നിച്ച്‌ എതിര്‍ക്കട്ടെ. അപ്പോള്‍ ഞങ്ങള്‍ക്ക്‌ കുറച്ചുകൂടി പറയാനുണ്ട്‌. അല്ലാതെ എന്നെമാത്രം കുളത്തിലിറക്കല്ലെ.....