സമസ്ത 85-ാം വാര്ഷിക സമ്മേളനത്തില് ശതാബ്ദി സമീപന രേഖ

1. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വ്യതിരിക്തതയായി 'സമസ്ത' വളര്‍ത്തിയെടുത്ത മഹല്ല് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. വളര്‍ന്നുവരുന്ന തലമുറയെ അഭിസംബോധന ചെയ്യാനുതകുന്ന ആദര്‍ശ- വിദ്യാഭ്യാസ- സാംസ്‌കാരിക- ധാര്‍മിക മുന്നേറ്റങ്ങള്‍ സാദ്ധ്യമാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതി നടപ്പില്‍ വരുത്തും. മസ്‌ലഹത്ത് സമിതി ഉള്‍പ്പെടെ കേന്ദ്രീകൃത പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ മുന്നൂറ് മഹല്ലുകള്‍ക്ക് 1 എന്ന തോതില്‍ 10 ഫുള്‍ടൈം മുബല്ലിഗുമാരെ നിയമിക്കും.
2. വിശുദ്ധ ദീനിന്റെ തനിമ സംരക്ഷിച്ചത് പള്ളിദര്‍സുകളാണ്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മോണിറ്ററിംഗും വഴി കേരളത്തിലെ ദര്‍സ് സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ 'ദര്‍സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍' രൂപീകരിക്കും.
3. ലോകത്തിനു മാതൃകയായി സമസ്ത സ്ഥാപിച്ചു വളര്‍ത്തിയെടുത്ത മദ്‌റസാ പ്രസ്ഥാനം ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ മുഅല്ലിം ശാക്തീകരണം തുടങ്ങിയ നവീകരണ പദ്ധതിയിലൂടെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ കഴിയുംവിധം പരിവര്‍ത്തിപ്പിക്കും.
4. ഇസ്‌ലാമിക ലോകം ഐക്യകണ്ഠമായി അംഗീകരിച്ച അനിഷേധ്യപ്രമാണമായ സുന്നത്തിലെ പലപ്രബലനബി വചനങ്ങളും മതനവീകരണമെന്ന പേരില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന പശ്ചാതലത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുത്തന്‍വാദക്കാര്‍ക്കെതിരിലും സംഘടാ ശത്രുക്കള്‍ക്കെതിരിലും പ്രചാരണം ശക്തമാക്കും. സാമൂഹിക ജീര്‍ണതകള്‍ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ആത്മീയ ചൂഷണങ്ങള്‍ തുടങ്ങിയവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.
5. മീഡിയാ രംഗത്തെ സമസ്തയുടെ ഇടപെടലുകള്‍ക്ക് പുതിയ വാതിലുകള്‍ തുറക്കും. വിശുദ്ധ ദീനിനെതിരെയുള്ളെ മാധ്യമനീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കും.
6. വിദ്യാഭ്യാസ രംഗത്ത് സമുദായ ശാക്തീകരണത്തിനുതകുന്ന പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കും. വിദ്യാഭ്യാസ- ഉദ്യോഗതലത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
7. അശരണര്‍ക്കുള്ള ജീവികാരുണ്യപ്രവര്‍ത്തനങ്ങള്‍ മുഅല്ലിംകള്‍, മുദര്‍രിസുമാര്‍  തുടങ്ങിയവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ജലസമ്പത്ത്, ആരോഗ്യം, പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കും.
8. സമസ്തയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും. വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമായി ഡല്‍ഹിയിലും പശ്ചിമബംഗാളിലും 85-ാം വാര്‍ഷിക സ്മാരക സൗധങ്ങള്‍ സ്ഥാപിക്കും.
9. മദ്‌റസാ പ്രസ്ഥാനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കും.
10. വനിതകള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുംവേണ്ടി പദ്ധതികള്‍ നടപ്പാക്കും.