കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): മഹല്ല് സംവിധാനം ശക്തമാക്കാന്‍ പ്രശ്‌ന പരിഹാരസമിതി ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കാന്‍ 300 മഹല്ലുകള്‍ക്ക് ഒന്ന് എന്ന തോതില്‍ 10 പൂര്‍ണസമയ പ്രചാരകരെ വിനിയോഗിക്കാന്‍ ഞായറാഴ്ച കൂരിയാട്ട് സമാപിച്ച സമസ്തകേരള 85-ാം വാര്‍ഷികസമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന്റെ സമീപന രേഖയി ലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മേല്‍നോട്ട സംവിധാനവുംവഴി ദര്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ ദര്‍സ് കോ- ഓര്‍ഡിനേ ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കും.
മതനവീകരണം എന്നപേരില്‍ നബിവചനം ചോദ്യംചെയ്യുന്നതിനെതിരെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രചാരണം നടത്തും. ആത്മീയചൂഷണത്തിനും സാമൂഹിക ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാട്ടം തുടരും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനവും വിപുലീകരിക്കും. ജലസംരക്ഷണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി ബോധവത്കരണം എന്നിവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഡല്‍ഹിയിലും ബംഗാളിലും 85-ാം വാര്‍ഷിക സ്മാരക സൗധങ്ങള്‍ സ്ഥാപിക്കും. മദ്രസ പ്രസ്ഥാനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ക്ഷേമ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമീപനരേഖയില്‍ പറയുന്നു.