പ്രവാചക ശേഷിപ്പുകള്‍ മുസ്ലിം സമുദായം ഏറെ ആദരിക്കുകയും പുണ്യമായി കാണുകയും ചെയ്യുന്നവയാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞ മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ട ധാരാളം വസ്തുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ സംരക്ഷിച്ചുവരുന്നുണ്ട്. ഇവയില്‍ പ്രവാചകന്റെ തിരുശരീരത്തില്‍നിന്നെടുത്ത കേശങ്ങളുമുണ്ട്. നൂറ്റാണ്ടുകളായി പാരമ്പര്യമായി സംരക്ഷിച്ചുപോരുന്ന ഈ കേശങ്ങളുള്‍പ്പെടെ യുള്ള, പ്രവാചകനുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആധികാരികമായ കൈമാറ്റ പരമ്പര കളുടെ പിന്‍ബലവും ചരിത്രഗ്രന്ഥങ്ങളിലെ സാക്ഷ്യങ്ങളുമുണ്ട്.
ഇസ്്‌ലാമിക ലോകത്ത് പ്രവാചകനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ആധികാരികത ബോധ്യം വന്നാല്‍ മാത്രമേ മുസ്ലിം സമൂഹം ഇത്തരത്തിലുള്ളവയെ അംഗീകരിക്കാന്‍ തയ്യാറാകാറുള്ളൂ. അല്ലാത്തപക്ഷം ഏറെ ചൂഷണത്തിനു വിധേയമാക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട് തികഞ്ഞ അവധാനതയും സൂക്ഷ്മതയും പുലര്‍ത്തിയേ പറ്റൂ. കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കേശവിവാദം ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. പ്രവാചക ശേഷിപ്പുകള്‍ക്ക് യാതൊരു തരത്തിലുമുള്ള പുണ്യവുമില്ലെന്ന് വാദിക്കുന്ന മുജാഹിദ്, ജമാഅത്ത് തുടങ്ങിയ ബിദഇ കക്ഷികളുടെ വാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നതാണ്.
ഇസ്ലാമിക വിശ്വാസ ആചാര കാര്യങ്ങളില്‍ എന്നും പാരമ്പര്യത്തിനു വിരുദ്ധമായി നെഗറ്റീവ് അപ്രോച്ചിലൂടെ മാത്രം നോക്കിക്കാണുകയും യുക്തിവാദത്തിന്റെ തലത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ഈ വിഭാഗങ്ങളുടെ വികല വാദങ്ങള്‍ മുസ്ലിം സമാജത്തിനിടയില്‍ കാര്യമായി സ്വാധീനിച്ചിട്ടില്ലാത്തതുകൊണ്ട് തല്‍ക്കാലം നമുക്ക് അവഗണിക്കാവുന്നതാണ്. എന്നാല്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഈ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ‘തിരുകേശം’ ഇങ്ങനെ അവഗണിക്കാന്‍ കഴിയാത്തതാണ്. വിവാദകേശത്തിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന കുറേയേറെ ചോദ്യങ്ങളുണ്ട്. മുസ്ലിം ലോകം സ്വന്തം ജീവനെക്കാളേറെ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഈ ചര്‍ച്ചയിലെ കേന്ദ്രബിന്ദുവെന്നത് വിഷയത്തിന്റെ ഗൗരവം വളരെയേറെ വര്‍ദ്ധിപ്പിക്കുന്നതാണ്.
അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രവാചക പ്രഭു മുഹമ്മദ് നബി (സ)യുമായി ബന്ധപ്പെട്ട തിരുശരീരത്തിലെ ഒരു ഭാഗം തന്റെ കൈവശമുണ്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഒരാള്‍ വിളിച്ചുപറയുമ്പോള്‍ അതിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവരെ പഴിക്കുന്നതില്‍ തുടങ്ങുന്നു ഈ വിഷയത്തിലെ ദുരൂഹത. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിക്കുന്ന പത്രത്തില്‍ ഒരു ചെറിയ ഒറ്റകോളം വാര്‍ത്തയിലൂടെയാണ് ലോകം മുഴുവനും പകരം കൊടുത്താല്‍ പോലും മതിയാകാത്തതെന്ന് മുസ്ലിം ലോകം കരുതുന്ന പ്രവാചകമുടി തന്റെ കൈവശമുണ്ടെന്ന് കാന്തപുരം ആദ്യമായി അവകാശവാദം ഉന്നയിക്കുന്നത്.
തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന ബോംബെക്കാരനായ കുട്ടി നാട്ടില്‍പോയി തിരിച്ചുവരുമ്പോള്‍ കൂട്ടുകാരന് പ്രസന്റേഷനായി കൊടുത്ത 'പ്രവാചകമുടി’യുടെ വിവരം കാന്തപുരം മുസ്ലിയാര്‍ അറിയുകയും ഒന്ന് തനിക്കും സംഘടിപ്പിച്ചുതരാന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെടുകയും ചെയ്തതിലൂടെയാണ് കാന്തപുരത്തിന് തിരുകേശം ലഭിക്കുന്നത്. വന്‍ സുരക്ഷയിലും നിരീക്ഷണത്തിലും കൈകാര്യം ചെയ്യുന്ന അമൂല്യങ്ങളില്‍ അമൂല്യമായി കാണുന്ന പ്രവാചക മുടിയാണ് ഇത്ര സുലഭമായി ലഭ്യമാകുന്നതെന്നത് വലിയൊരു തമാശ കൂടിയാണ്.
ഈ വാര്‍ത്ത പുറത്തുവന്നതോടെ കാന്തപുരത്തിന്റെ അനുയായികള്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും ഈ മുടി ഒരു വലിയ പ്രശ്‌നമായി രൂപപ്പെടുകയായിരുന്നു. പൊതുസമൂഹത്തിനുപോലും പരിചിതമായി മാറിയ ‘സനദ്’ ചര്‍ച്ചയിലേക്ക് കടന്നുവരുന്നതോടെ വിഷയം ചൂടുപിടിച്ചു. അതിനിടെ തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടിയില്‍ നിന്ന് ലഭിച്ച മൂന്ന് മുടികളില്‍ ഒന്ന് ഒരു അറബ് പ്രമുഖന് കാന്തപുരം കൈമാറിയിരുന്നു. സ്വാഭാവികമായും ഈ അറബ് പ്രമുഖനും ‘സനദ്’ ആവശ്യപ്പെട്ടു. കൈ മലര്‍ത്തുകയല്ലാതെ കാന്തപുരത്തിന് മറ്റു വഴികളൊന്നുമില്ലായിരുന്നു. അല്‍പ്പം വൈകി യാണെങ്കിലും സനദില്ലാതെ ഇത് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട കാന്തപുരം മുസ്ല്യാര്‍ സ്വന്തമായി ഒരു കൈമാറ്റപരമ്പര തട്ടിക്കൂട്ടാന്‍ തീരുമാനിച്ചു.
തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റും സ്ഥാപനത്തിലെ അധ്യാപകനുമായ മലയമ്മയിലെ മുഹമ്മദ് കാമില്‍ സഖാഫിയോട് കാന്തപുരം മുതല്‍ പ്രവാചകന്‍ മുഹമ്മദ്(സ്വ) വരെ എത്തിച്ചേരുന്ന ഒരു ‘സനദ്’ ഉണ്ടാക്കാന്‍ ഏല്‍പിക്കപ്പെട്ടത് അങ്ങിനെയാണ്. മതവിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്ന ഈ സഖാഫി അതിനു വിസമ്മതിച്ചപ്പോള്‍ പിന്നീട് മറ്റു ചില ‘കടുംകൈ’ യുടെ ഉടമകള്‍ ആ ദൗത്യം ഏറ്റെടുക്കുകയും അന്തരീക്ഷത്തില്‍ നിന്ന് മാജിക് പോലെ സനദ് തട്ടിക്കൂട്ടുകയുമായിരുന്നു.
സ്വന്തക്കാരും ഏറ്റവും അടുത്തവരും ആയ ആളുകള്‍ക്കുപോലും കാന്തപുരം മുസ്ല്യാരുടെ ഈ ‘തട്ടിപ്പ് ‘ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. ഒന്നാമത്തെ മൂന്ന് മുടികള്‍ കമ്പോളത്തിലേക്ക് ഇറക്കാന്‍ ധൈര്യം വരാതെ വന്ന കാന്തപുരം മുസ്ല്യാരുടെ കുരുട്ടുബുദ്ധി കണ്ടെത്തിയ ഒരു നാടകമായിരുന്നു ഖസ്‌റജിയുടെ വരവും രണ്ടാം കേശ സമര്‍പ്പണസംഭവവും.
ഒന്നാം മുടി നല്‍കിയ കുട്ടി മുഖേന ബോംബെയിലെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയാവാല എന്ന മുടിദാതാവിനെ കണ്ടെത്തിയ കാന്തപുരം യു.എ.ഇ.യിലെ മുഹമ്മദ് ഖസ്‌റജി എന്ന വ്യക്തിയെ കാര്യം തെര്യപ്പെടുത്തുകയും ജാലിയാവാലയുടെ ശേഖരത്തിലുള്ള ആയിരക്കണക്കിനു വരുന്ന മുടിക്കെട്ടുകളില്‍ നിന്ന് ഏതാനും കഷ്ണങ്ങള്‍ സംഘടിപ്പിക്കാന്‍ ഖസ്‌റജിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നതോടെ നാടകത്തിന്റെ ആദ്യസീനിന് തിരശ്ശീല വീണു. ഇനി സനദില്ലാത്ത ഈ രണ്ടാംമുടിയ്്ക്ക് സനദ് കണ്ടെത്താനുള്ള ശ്രമമായി.
നേരത്തെ പ്ലാന്‍ ചെയ്തുവെച്ച പ്രകാരം രണ്ടാം സീനിനു തിരശ്ശീല ഉയരുമ്പോള്‍ മര്‍കസിലെ വിശാലമായ സ്‌റ്റേജില്‍ ഏതാനും വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരം മുസ്ല്യാര്‍ കേശം ഏറ്റുവാങ്ങുന്നതോടെ നാടകം ക്ലൈമാക്‌സിലേക്ക് കടക്കുകയായിരുന്നു. പക്ഷെ, പ്ലാന്‍ ചെയ്തപോലെ നാടകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷണ്ണനായ വിയര്‍ത്തുകുളിച്ചുനില്‍ക്കുന്ന നായകന്റെ ചിത്രമാണ് തിരശ്ശീല വീഴ്ത്താന്‍ കഴിയാത്ത സ്റ്റേജില്‍ മാലോകര്‍ കാണുന്നത്.
ഖസ്‌റജിയെ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബപരമ്പര മുടിയുടെ സനദെന്ന വ്യാജേന പറയിപ്പിച്ചതും പിന്നീട് പല സ്റ്റേജുകളിലും പേജുകളിലും വൈരുദ്ധ്യങ്ങളുടെ പേമാരികള്‍ തന്നെ സൃഷ്ടിച്ചതും ഈ വിഷയത്തിലെ പിന്നീട് നടന്ന സംഭവങ്ങളാണ്.വ്യാപാര താല്‍പ്പര്യവും തന്‍പെരുമ ലോകത്തെ അറിയിക്കാന്‍ കാണിച്ച വ്യഗ്രതയുമാണ് ഇവ്വിഷയകമായി ഒരുകാലത്തും കരകയറാന്‍ പറ്റാത്തവിധം കാന്തപുരത്തെ കുഴിയിലേക്ക് തള്ളിവീഴ്ത്തിയത്. മുമ്പ് നിരവധി വിഷയങ്ങളിലൂടെ വിവാദ നായകനായ കാന്തപുരം മുസ്ല്യാരുടെ മുടിക്കച്ചവടം അമ്പേ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പാവപ്പെട്ട വിശ്വാസികളെ വഞ്ചിച്ച് അതുവഴി സാമ്പത്തികലാഭം ഉണ്ടാക്കാനുള്ള വലിയൊരു നീക്കത്തിനെയാണ് ഇവിടെ തകര്‍ത്തുതരിപ്പണമാക്കിയത്. സ്വന്തക്കാരുടെ പേരില്‍ ഒരു പ്രൈവറ്റ്് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് കുറഞ്ഞ വിലയ്ക്ക് നൂറുകണക്കിന് ഏക്കര്‍ ഭൂമികള്‍ വാങ്ങിക്കൂട്ടി പ്രവാചകകേശമെന്ന വ്യാജേന ഏതാനും മുടികള്‍ (മുടി തന്നെയാണോ എന്നതും സംശയാസ്പദമാണ്) മധ്യസ്ഥാനത്ത് സ്ഥാപിച്ച് ചുറ്റുഭാഗവും ഫ്ലാറ്റുകളും വില്ലകളും ഉണ്ടാക്കി ശതകോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു ഈ മുടി വാണിഭത്തിന്റെ കാതല്‍.
ആട്, തേക്ക്, മാഞ്ചിയം; ബെയ് രാജ ബെയ് എന്ന വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുപോലെ മറ്റൊരു തട്ടിപ്പ്. അവസാനം ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തുന്ന സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. കേശത്തിന്റെ ആധികാരികത പരിശോധിക്കുന്നത് നീചമായ പ്രവര്‍ത്തനമാണെന്ന വികലവാദവുമായിട്ടാണ് ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കാന്തപുരത്തിന്റെ ഈ വാദം ശരിയല്ല. അതിന് ‘നിഴല്‍ ഉണ്ടാകില്ല, ഈച്ച ഇരിക്കില്ല, കത്തില്ല’ എന്ന് (സീറത്തുല്‍ ഹലബിയ്യ വാല്യം 3 പേജ് 381) ഇസ്്‌ലാമിക ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. ഹിജ്‌റ വര്‍ഷം 373 ല്‍ ശരീഫ് ഹസ്സന്‍ ബഖ്ജൂര്‍ രാജാവിന്റെ കാലത്തും അബ്ബാസിയ്യ ഭരണാധികാരി മുസ്ദര്‍ശിദ് ബില്ലാഹിയുടെ കാലത്തും ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗ സീബിന്റെ കാലത്തും തീയിലിട്ട് പരീക്ഷണം നടത്തിയതായി ചരിത്രത്തില്‍ കാണാം.
കേരളത്തിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്തിലെ ഗ്രാന്റ് മുഫ്തി ഈ രീതിയില്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതുമാണ്. ഇസ്ലാമിക സമൂഹത്തിന്റെയും പ്രമാണങ്ങളുടേയും വിശ്വാസ്യത തകര്‍ക്കുന്ന വിധമാണ് വിവാദകേശത്തിന്റെ ഉടമകള്‍ സമീപനം സ്വീകരിച്ചിരിക്കുന്നത്.
ആത്മീയതയെ ചൂഷണം ചെയ്ത് സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനോളം ഗുരുതരമായ കുറ്റം മറ്റൊന്നില്ല. അബദ്ധം മനസ്സിലാക്കി തെറ്റു തിരുത്താന്‍ തയ്യാറാവുകയല്ലാതെ ഇവ്വിഷയകമായി കാന്തപുരത്തിനും അനുയായികള്‍ക്കും മറ്റുവഴികളൊന്നുമില്ല.
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ
ജോയിന്റ് സെക്രട്ടറി സമസ്ത കേരളാ സുന്നി യുവജന സംഘം (S.Y.S)