അല്ഹുദാ എക്സലന്സി അവാര്ഡ് : ബഹാഉദ്ദീന് നദ് വിക്ക്

കൂരിയാട്: ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി യുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അല്‍ഹുദാ എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹനായി. അല്‍ഐന്‍ സുന്നി സെന്റര്‍  എല്ലാ വര്‍ഷവും കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക സമുദ്ധാരകന് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. നാല് പതിറ്റാണ്ടിലധികമായി കേരളത്തില്‍ വിദ്യാഭ്യാസ-ഇസ്‌ലാമിക പ്രചരണ രംഗത്തും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വേദികളിലും സക്രിയമായ ഇടപെടലുകള്‍ നടത്തുകയും അന്താരാഷ്ട്ര മതപ്രബോധന രംഗത്ത് സജീവ സാന്നിധ്യമായി തുടരുകയും ചെയ്യുന്ന വ്യക്തിയാണ് നദ്‌വി.
 നിലവില്‍ മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ആത്മീയ ചൂഷണപരമായ പ്രവണതകള്‍ക്കെതിരെ ഏറ്റവും രൂക്ഷമായും സൂക്ഷമായും പ്രതികരിച്ച ഉന്നത വ്യക്തിത്വമാണദ്ദേഹം. ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയെ യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യുന്നതിലും അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുന്നതിലും മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ച അദ്ദേഹം പ്രഭാഷണ-തൂലികാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. ഹൈദരലി തങ്ങള്‍ സമ്മേളന നഗരിയില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വഹിക്കും.
അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍  നേടിയ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജാമിഅ നൂരിയ്യ, ദാറുല്‍ ഉലൂം ലഖ്‌നൗ, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ എന്നിവിടങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. യൂറോപ്യന്‍ ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വിവിധ പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒ.ഐ.സി യുടെ പ്രത്യേക ക്ഷണം സ്വീകരീച്ച് സെനഗലിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സിലും  ലിബിയന്‍ പ്രസിഡണ്ടിന്റെ ക്ഷണ പ്രകാരം ലിബിയയിലെയും മൗറിത്താനി യയിലെയും അന്താരാഷ്ട്ര കോണ്‍ഫറന്‍സിലും പങ്കെടുത്തിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടിയ ഇദ്ദേഹം  2007ല്‍ ദുബൈ ഗവണ്‍മെന്റിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണ പരിപാടികളിലേക്കും 2009-ല്‍ യു.എ.ഇ പ്രസിഡണ്ടിന്റെ റമദാന്‍ പ്രഭാഷണ പ്രോഗ്രാമിലേക്കും ക്ഷണിക്കപ്പെട്ടിരുന്നു. കുവൈത്തിന്റെ അല്‍മഹബ്ബ എക്‌സെലന്‍സി  അവാര്‍ഡ്, ജൈഹൂന്‍ ടി.വി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, തുര്‍ക്കി, മലേഷ്യ തുടങ്ങി 35ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.