മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികസമ്മേളനം 23 മുതല്‍ 26 വരെ വേങ്ങരയ്ക്കടുത്ത കൂരിയാട്ട് 'വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറി'ല്‍ നടക്കും. 15 വര്‍ഷത്തെ ഇട വേളയ്ക്കുശേഷമാണ് സമസ്തയുടെ വാര്‍ഷികസമ്മേളനം ചേരുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രത്യേക പന്തല്‍ സമ്മേളനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കാല്‍ ലക്ഷം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളന ത്തിന്റെ ഭാഗമായ പ്രദര്‍ശനം തിങ്കളാഴ്ച ഗ്രാമവികസനമന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു.
23ന് രാവിലെ ഒമ്പതിന് പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 9.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ സുവനീര്‍ പ്രകാശനംചെയ്യും. തുടര്‍ന്ന് 'സത്യസാക്ഷികളാകുക' എന്ന പ്രമേയത്തെ ആസ്പദമാക്കി വിവിധ സംവാദ സെഷനുകള്‍ക്ക് തുടക്കമാകും.
നാല് ദിവസങ്ങളിലായി 11 സെഷനുകളിലായി 33 സെഷനുകള്‍ നടക്കും. വിദ്യാര്‍ഥി, യുവജന, അധ്യാപക, പ്രവാസി സെഷനുകളും ഉണ്ടാകും. 26ന് വൈകീട്ട് ഏഴ് മണിക്ക് സമാപനസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത അധ്യക്ഷന്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി മുഖ്യാതിഥിയാവും. പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലി അവാര്‍ഡുദാനം നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ കൊടിമരജാഥ പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങളുടെ നേതൃത്വത്തിലും പതാകജാഥ അബ്ബാസലി ശിഹാബ്തങ്ങളുടെ നേതൃത്വത്തിലും 22ന് കൂരിയാട് സമ്മേളന നഗരിയില്‍ എത്തിച്ചേരും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.