മദീനയിലേക്കുള്ള പാതയില്‍ സൂഫികള്‍ക്കെന്തുകാര്യം?

സൂഫിസം വീണ്ടും ചര്‍ച്ചയാവുകയാണ്‌. സാസ്‌കാരിക ഇസ്‌ലാമും ദേശീയ ഇസ്‌ലാമും നാളവും താളവുമായവര്‍ക്ക്‌ സഹസ്രാബ്‌ദങ്ങള്‍ പഴക്കമുള്ള തസവ്വുഫിന്റെ തിളക്കം വിഷയമാകണമെന്നില്ല. ആര്‍ക്കും എന്തും പറയാം. പക്ഷെ വാക്കിന്‌ വിലയുള്ളവരാകുമ്പോള്‍ സഹൃദയങ്ങള്‍ വേദനിക്കും.

അലിമിയാന്‍ എഴുതി. സൂഫികളുടെ മധ്യത്തില്‍ നിന്നും ജനങ്ങള്‍ക്ക്‌ ഉന്നതമായ മാനവികമൂല്യങ്ങള്‍ ലഭ്യമാകുന്നു; വര്‍ഗ്ഗ വര്‍ണ്ണ വിഭാഗീയതക്കപ്പുറം സഹജീവി സ്‌നേഹത്തിന്റെ ഉള്‍ക്കടമായ അഭിനിവേഷമാണ്‌ അവരെ നയിക്കുന്നത്‌. സൃഷ്‌ടികള്‍ നാഥന്റെ കുടുംബമാണ്‌ . ഉന്നതമായ ഭക്തിയോടെ ഈ കുടുംബത്തെ സ്‌നേഹിക്കുന്ന തന്റെ അടിമകളെയാണ്‌ അവന്‍ ഏറ്റവും ഇഷ്‌ടപ്പെടുക. എന്ന പ്രവാചക വചനത്തില്‍ സൂഫികള്‍ വിശ്വസിക്കുകയും അതനുസരിച്ച്‌ അവരുടെ സ്വഭാവം രൂപപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. (അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ്‌)
അലിമിയാനെ പുകഴ്‌ത്തുന്നവര്‍ സൂഫിസത്തെ ഇകഴ്‌ത്തുന്നതില്‍ വലിയ വൈരുധ്യമുണ്ട്‌. പേര്‍ഷ്യന്‍ സൂഫി ഉമര്‍ഖയ്യാം അല്ലാഹുവിനെ കാമുകീസ്ഥാനത്തിറക്കി പ്രണയപ്രേയസങ്ങള്‍ ചൊരിയുന്നു. മദീനയിലേക്കുള്ള പാതയില്‍ വിരിഞ്ഞ ഫാത്വിമയുടെ അപദാന ശ്രുതികള്‍ക്കിടയില്‍ സങ്കീര്‍ത്തകന്‍ പാട്ടുപോലെ പറയുന്നുണ്ട്‌ ഈ ഖയ്യാമിന്റെ പോരിശകള്‍. സൂഫികള്‍ നിശ്‌ക്രിയരാണെന്ന പതിനഞ്ച്‌ വര്‍ഷത്തെ പഠനറിപ്പേര്‍ട്ട്‌ അവതരിപ്പിക്കും മുമ്പ്‌ ഖയ്യാമിന്റെയെങ്കിലും സക്രിയ കര്‍മ്മങ്ങള്‍ ഓര്‍ത്തിരുന്നുവെങ്കില്‍ സുഭഗമായേനെ. സല്‍ജൂക്ക്‌ സുല്‍ത്താന്‍ മാലിക്കിന്റെ കാലത്തെ ഗണിതജ്ഞനും ജ്യോതിശാസ്‌ത്രജ്ഞനുമായ ഖയ്യാം റുബാഇയ്യത്തിന്റെ കര്‍ത്താവും ഗേഡിയന്‍ കലണ്ടറിന്റെ പോരായ്‌മകണ്ടെത്തി പുതിയ കലണ്ടറുണ്ടാക്കിയ പ്രതിഭയുമാണ്‌. സൂഫികള്‍ ഹൃദയപരമായ നിര്‍മ്മാണങ്ങള്‍ നടത്തുന്നവരും മൗനസൂനകള്‍ വിടര്‍ത്തി വസന്തങ്ങള്‍ പണിയുന്നവരുമാണ്‌. ശരിയാണ്‌, അവരുടേത്‌ കാഴ്‌ചയില്‍ കൊച്ചു ലോകമാണ്‌. പക്ഷെ, അകക്കണ്ണിന്റെ പ്രപഞ്ചങ്ങള്‍ക്ക്‌ അതിരേയുണ്ടാവാറില്ല, അവര്‍ പുഴുക്കളോടും പുഴകളോടുമുള്ള പുണര്‍ച്ചയെ പ്രാപിച്ചു. രാത്രിയെയും രാക്കിളിയെയും സ്‌നേഹിച്ചു. മിണ്ടാതെ നടന്നു. മന്ദഹസിതം തൂകി. എങ്കിലും അവര്‍ ഒരു ലോകത്തെ കല്‍പനാധികാരത്തിന്റെ കണിശമായ താളനിബദ്ധതയില്‍ നിയന്ത്രിച്ചു. അവര്‍ നാദങ്ങളില്ലാത്ത ഭാഷയില്‍ നിസ്വരങ്ങള്‍ പൊഴിച്ച്‌ സംസാരിച്ചു. അത്രയെത്താത്തവര്‍ക്കവ ആശ്ചര്യമായി; ചിലര്‍ക്കവ അസ്‌വൃക്കായി. ചിലരവരെ ആഹുതിപ്പെടുത്തി. മന്‍സൂര്‍ ഹല്ലാജിന്റെ രക്തമുദ്രവിശ്വകല്‍പ്പനികതയുടെ ചിരകാല പ്രതീകമായത്‌ അങ്ങനെയാണ്‌. റൂമിയെ പ്രണയത്തിന്റെ പ്രവാചകനാക്കി ആഘോഷിക്കുന്നതധികവും യൂറോപ്യരാണെന്ന ഖിന്നം ബഹുസ്വരതയുടെ പ്രവാചകന്മാര്‍ പറയുന്നതാണ്‌ അതിലേറെ ഖിന്നം. ജോഗ്രഫിക്കല്‍ അതിര്‍ത്തി മനുഷ്യന്റെ രാഷ്‌ട്രീയമാണ്‌. സൂഫിസത്തിന്റെ ഹൃദയധാര പ്രാപഞ്ചികമാണ്‌. മാനവികലോകം മൊത്തം തത്വത്തിലംഗീകരിക്കുന്ന പൊതുനന്മകളുണ്ട്‌. അവ സര്‍വ്വപ്രത്യയങ്ങളാണ്‌. പരിത്യാഗത്തിന്റെ വൈവിധ്യശീലങ്ങള്‍ ചരിത്രത്തില്‍ കാണാം. കൊട്ടാരം വിട്ടിറങ്ങി കാട്ടാര്‍ തേടിപ്പോയവരില്‍ ബി.സി. കാലത്തെ സിദ്ദാര്‍ത്ഥനും ശേഷകാലത്തെ ഇബ്രാഹീമുബ്‌നു അദ്‌ഹമും ഒന്നിച്ചുവരുന്നു. അത്‌ വസ്‌തുതകളുടെ ഒത്തുപൊരുത്തമാണ്‌. ദാര്‍ശനികമായ ഏകതാനത തന്നെ. പക്ഷെ മതപരമായ ഒന്നിപ്പല്ലിത്‌. ഇസ്‌ലാമില്‍ അനുഷ്‌ഠാനങ്ങളുടെ കേവലത്വം പ്രധാനമേയല്ല. പിന്നിലെ പ്രേരണയും മുന്നിലെ ലക്ഷ്യവും മാനദണ്‌ഡമാണ്‌. സ്വന്തത്തിന്‌ വേണ്ടിയായപ്പോള്‍, സ്വകീയമായ സ്വാര്‍ത്ഥതക്ക്‌ വേണ്ടിയായപ്പോള്‍ സിദ്ധാര്‍ത്ഥനുണ്ടായി, നിര്‍ലോഭമായ ദിവ്യതൃപ്‌തിക്കുവേണ്ടിയായപ്പോള്‍ സിദ്ദീഖുമുണ്ടായി. ചെയ്‌തിയിലെ ഒന്നിപ്പിനപ്പുറം ചാരുതയിലെ ഭിന്നിപ്പും കൂടി നോക്കണം. എന്നല്ല, അതാണ്‌ നോക്കേണ്ടത്‌. മതപരമായ കണിശതക്കപ്പുറം പുറപ്പാടുകളിലെ പുറമ്പാടുകളെ മാത്രം നോക്കുമ്പോള്‍ എല്ലാം ഒന്നായിതോന്നും. ഒരുപക്ഷെ ചിലചില സര്‍വ്വശരിവാദങ്ങളുടെ പ്രേരണയും സമീപനത്തിലെ അത്തരം ബാഹ്യമാത്ര നിരീക്ഷണമായേക്കാം.
മതത്തിന്റെ സൗന്ദര്യമാണ്‌ തസവ്വുഫ്‌. ആത്മലാവണ്യങ്ങളുടെ വിശ്വാസശോഭയാണ്‌ സൂഫിസത്തിന്റെ തിളക്കം. ഇസ്‌തരി മതത്തിന്റെ ഫോര്‍മാലിറ്റികള്‍ ``ഇത്ര കിഴക്കോ പടിഞ്ഞാറ്‌'' എന്ന്‌ ചോദിപ്പിക്കാന്‍ വേണ്ടി മാത്രം വേഷം കെട്ടുന്ന കാലത്ത്‌ ആരവങ്ങളില്ലാതെ, ആള്‍ക്കൂട്ടങ്ങളില്ലാതെ ഒരിടം തേടി മടങ്ങുന്നത്‌ ചേതോഹരമാണ്‌. സക്രിയതയുടെ ഒരര്‍ത്ഥത്തില്‍ മാത്രമാണ്‌ വേദിയും പേജും ഇടം പിടിക്കുന്നത്‌, ഒരായിരം അര്‍ത്ഥങ്ങള്‍ ഏകാന്തതയില്‍ വിരിയുന്നതാണ്‌. ശരീരത്തിന്റെ മതം ഒരു തരം അഭിനയമായി മാറുന്ന കാലമാണിത്‌, പാണ്‌ഡിത്യനാട്ട്യങ്ങള്‍ ചര്‍മ്മ ചിത്രങ്ങളുടെ മിന്നലുകളില്‍ മയങ്ങിവീഴുന്നു. ഭൗതിക പ്രലോഭനങ്ങള്‍ക്ക്‌ മുമ്പില്‍ പതറി വീഴാതെ കാമറ കണ്ണുകള്‍ക്ക്‌ മധ്യേ ഹൃദയമിളകാതെ രാപ്പകലുകള്‍ ദിക്‌റും ശുക്‌റുമായി ഒരു പുഴപോലെ ഒഴുകുന്ന ജീവിതങ്ങള്‍ ഇപ്പോഴും ലോകത്തുണ്ട്‌, കേരളത്തില്‍, മലബാറില്‍. അവര്‍ അവകാശ വാദങ്ങളില്ലാതെ പതിനായിരങ്ങള്‍ക്ക്‌ പ്രകാശപാത കാണിച്ചും കൊടുക്കുന്നുണ്ട്‌. അവരൊക്കൊ സക്രിയരാണ്‌. കാല്‍പനികതയുടെ വക്താക്കളാണ്‌. ഉദയങ്ങള്‍ ഉത്ഥാനമാണവര്‍ക്ക്‌. മഴ കണ്ണീരാണ്‌, വെയില്‍ പുഞ്ചിരിയും. അവരാണ്‌ താരങ്ങള്‍. അവരുടെ മതം വിചാരണക്ക്‌ വെക്കുന്നതിന്ന്‌ മുമ്പ്‌ വേറെ ചില മതാചരണങ്ങള്‍ വിചാരങ്ങള്‍ക്ക്‌ വിധേയമാവേണ്ടതുണ്ട്‌. അമ്പലനടയിലെ പാട്ടും ദിശതെറ്റിചുറ്റുന്ന ഉടുതുണിയും സൗഹാര്‍ദ്ദംവിടുന്ന സമന്വയങ്ങളുമെല്ലാം ചിലയര്‍ത്ഥങ്ങളില്‍ വിശ്വാസത്തിന്‌ ദുസ്വാദാക്കുന്നുണ്ടല്ലോ.
തസവ്വുഫില്‍ ഔദ്യോഗികമായ അന്താരാഷ്‌ട്ര പഠന-സമ്പര്‍ക്ക-പരിചയമുള്ള സയ്യിദ്‌ മുഹമ്മദലിശിഹാബ്‌ തങ്ങളെ തസവ്വുഫ്‌ ഒരു സമഗ്രപഠനത്തിന്റെ അവതാരികയില്‍ ഇങ്ങനെ വായിക്കാം. വളര്‍ന്നുവരുന്ന തലമുറയില്‍ തസ്വവ്വുഫ്‌, സ്വൂഫി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അവജ്ഞയോ അല്ലെങ്കില്‍ അസാധാരണവും അതി ഭൗതികവുമായ എന്തോ ഒന്നെന്ന ഒരു തോന്നലോ ഉണ്ടായിത്തീരുന്നുണ്ട്‌. പൊതു സമൂഹത്തില്‍ സൂഫികളെ കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ വളരെ വികലമാണ്‌. ത്വരീഖത്തുകളില്‍ ചേര്‍ന്ന വ്യക്തികളില്‍ പോലും അബദ്ധധാരണകള്‍ തിരുത്തപ്പെടാതെ നില്‍ക്കുന്നതു കാണാം. അതു പോലെ കള്ളനാണയങ്ങളുടെ ആധിക്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന, അല്ലെങ്കില്‍ അനുയോജ്യമായ രീതിയിലല്ലാതെ അവയെ വിമര്‍ശിക്കുന്ന ഒരു പ്രവണതയും വ്യാപകമായിരിക്കുന്നു.
നബി (സ)യുടെ കാലത്ത്‌ ഇസ്‌ലാമിക സമൂഹത്തില്‍ വിശ്വാസകാര്യങ്ങളും അനുഷ്‌ഠാന മുറകളുടെയും സാമൂഹിക-സാമ്പത്തിക ഇടപാടുകളുടെയും നിയമങ്ങളും മനുഷ്യന്റെ മാനസിക പരിഷ്‌കരണത്തിന്റെ രീതികളും കൃത്യമായി വേര്‍തിരിച്ചെടുക്കാനാവാത്തവണ്ണം കൂടിച്ചേര്‍ന്നുകിടന്നു. പില്‍ക്കാലത്ത്‌ ഇസ്‌ലാമിക സമൂഹം വികാസം പ്രാപിക്കുകയും ലോകമാകെ പടര്‍ന്നു പന്തലിക്കുകയും ചെയ്‌തപ്പോള്‍ പല പ്രതിസന്ധികളുമുണ്ടായി. ഒരു വശത്ത്‌ രാഷ്‌ട്രീയമായ പ്രശ്‌നങ്ങളും ശരിയായ വിശ്വാസത്തിനും അനുഷ്‌ഠാനങ്ങള്‍ക്കുമെതിരെ പൊട്ടിമുളച്ചുണ്ടായ ബിദ്‌അത്തുകളും പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു അവസ്ഥാ വിശേഷമുണ്ടാക്കി. അനുഷ്‌ഠാനമുറകളുടെയും സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ- ഇടപാടുകളുടെയും കുടുംബകാര്യങ്ങളുടെയും നിയമങ്ങള്‍ വിശദീകരിക്കാന്‍ ഫിഖ്‌ഹിന്റെ ഒരു വൈജ്ഞാനികലോകം ശക്തമായ അടിത്തറകളോടെ രൂപീകരിക്കപ്പെട്ടു. നാല്‌ മദ്‌ഹബുകളിലായി അവ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രത്യക്ഷ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ചു.
അതേസമയം മറുവശത്ത്‌ വിശ്വാസ കാര്യങ്ങളില്‍ മുഅ്‌തസിലത്ത്‌, മുര്‍ജിഅത്ത്‌, ഖദ്‌രിയ്യ, കര്‍റാമിയ്യ തുടങ്ങിയ അനേകം പുതുവഴുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചപ്പോള്‍ അവയെ നേരിടാന്‍ അശ്‌അരി, മാതുരീദി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ശക്തമായി നിലകൊണ്ടു. ഫിഖ്‌ഹിലെ ചിന്താധാരകളെപ്പോലെ വിശ്വാസകാര്യങ്ങളിലെ പ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ പില്‍ക്കാല ചലനത്തിന്റെ മാര്‍ഗരേഖ നിര്‍ണ്ണയിച്ചു.
എന്നാല്‍, നബി(സ)യുടെ കാലത്ത്‌ ശക്തമായി നിലനിന്നിരുന്നതാണ്‌ മനുഷ്യന്റെ ആത്മികമായ, സ്വഭാവസംബന്ധിയായ പരിഷ്‌കരണത്തിന്റെ സംരംഭങ്ങള്‍. റസൂല്‍(സ) ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയതും ഈ മേഖലക്കായിരുന്നു. ഉജ്ജ്വലമായ ആത്മിക ശേഷിയുള്ള പ്രകൃതമുണ്ടായിരുന്നതുകൊണ്ട്‌ പരിസരങ്ങളിലുള്ള എല്ലാറ്റിനും വെളിച്ചം നല്‍കാനും അവയെ ശുദ്ധീകരിക്കാനും റസൂല്‍(സ)ക്ക്‌ കുറഞ്ഞ വര്‍ഷം കൊണ്ട്‌ അനായാസമായി സാധിച്ചു. അധ്യാത്മികമായ ഈ ഔന്നത്യത്തിലൂടെയാണ്‌ വിശ്വാസത്തിലേക്കും ഇബാദത്തിലേക്കും ജനസമൂഹത്തെ അഗാധമായ വേരുറപ്പോടെ കൊണ്ടുവരാനും സാമൂഹികവും രാഷ്‌ട്രീയവുമായ വമ്പിച്ച വിപ്ലവം നടത്താനും സാധ്യമായത്‌; എല്ലാറ്റിനും ഉള്‍ക്കാഴ്‌ചയോടെ നോക്കിക്കാണാനും മനുഷ്യരുടെ വിവിധമാന പ്രകൃതങ്ങളെയും സ്വഭാവങ്ങളെയും മാനസിക-ശാരീരിക ശേഷികളെയും ഏകോപിപ്പിക്കാനും ജനക്കൂട്ടത്തെ സൗമനസ്യത്തിലൂടെ മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞത്‌.
ഖുലഫാഉര്‍റാശിദുകള്‍ക്ക്‌ ശേഷമുള്ള കാലത്ത്‌ വമ്പിച്ച സാമ്പത്തിക ഐശ്വര്യവും രാഷ്‌ട്രീയ പ്രശ്‌നങ്ങളും ഉടലെടുത്തപ്പോള്‍ മനുഷ്യനില്‍ സ്വാര്‍ഥത, അഹങ്കാരം, അസൂയ, പൊങ്ങച്ചം തുടങ്ങി പല മാനസിക മാലിന്യങ്ങളും കുമിഞ്ഞുകൂടി പ്രശ്‌നം സൃഷ്‌ടിച്ചു. ഈ സമയത്ത്‌ അല്ലാഹുവിലും അന്ത്യനാളിലും പരലോകത്തിലും ഉറച്ച ബോധമുണ്ടായിരുന്നവര്‍ തങ്ങളുടെ സത്യവും വ്യക്തിത്വവും ഈ ബഹളങ്ങളില്‍ ഒഴുക്കിക്കളയാന്‍ വിസമ്മതിച്ചു. മലവെള്ളപ്പാച്ചിലിലെ ചേറാവാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. അവര്‍ ഒഴുക്കിനെതിരെ നീന്തി. അസാമാന്യമായ സഹനശക്തിയോടെ, അല്ലാഹുവിലുള്ള ഉറച്ച പ്രതീക്ഷയോടെ മോക്ഷത്തെയും പരലോകത്തെ അത്യുന്നത സ്ഥാനങ്ങളെയും ലക്ഷ്യം വെച്ച്‌ അവര്‍ അധ്വാനിച്ചു. ഒരിക്കല്‍ അനായാസമായി നിന്നുകൊടുത്തവര്‍ അവരെ പലപ്പോഴും മനസ്സിലാക്കിയില്ല. തെറ്റിദ്ധാരണകളുണ്ടാക്കി; ഭ്രാന്തരും ബുദ്ധിശൂന്യരുമായി കണ്ടു.
ഏകാന്തതയുടെ ലോകത്ത്‌ ചെന്നവര്‍ അടിത്തറയുറച്ച അധ്യാത്മികശേഷിയോടെ സമൂഹമധ്യത്തിലേക്ക്‌ തിരിച്ചുചൊല്ലാന്‍ നിര്‍ബന്ധിതരായി. അവരുടെ അധ്യാത്മിക ശേഷി കൊണ്ട്‌ ജനമനസ്സുകളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ അല്ലാഹു അവര്‍ക്ക്‌ ആജ്ഞ നല്‍കി. അങ്ങനെയാണ്‌ ആത്മിക ഗുരുക്കന്മാരും ശിഷ്യ സമൂഹവുമുണ്ടാവുന്നത്‌. ധ്യാനവും ഏകാഗ്രതയും ശക്തിയായുള്ള വ്യക്തികള്‍ ഇന്ന്‌ ആളുകളെ അവരുടെ ആത്മികവലയത്തില്‍ കൊണ്ടുവരുന്നത്‌ കാണാം. മുസ്‌ലിം സമൂഹത്തില്‍ മാത്രമല്ല, എല്ലാ സമൂഹങ്ങളിലും ഇത്തരക്കാറുണ്ട്‌. എന്നാല്‍ തൗഹീദിന്റെ മാര്‍ഗത്തില്‍ ഇത്തരം ശേഷികളാര്‍ജിച്ചവര്‍ക്ക്‌ അല്ലാഹുവിന്റെ പ്രത്യേകമായ സഹായവും കാവലുമുണ്ടാകും. അവര്‍ സമൂഹത്തില്‍ നന്മ കല്‍പ്പിക്കാനും തിന്മതടയാനും രംഗത്തിറങ്ങുന്നതോടെ ആളുകള്‍ ചുറ്റും ചേരുമെന്നുറപ്പ്‌.
മറ്റെല്ലാ രംഗത്തും ശക്തമായി ഇടപെടുന്ന പിശാച്‌ അധ്യാത്മികവഴികളിലും അല്ലാഹുവെന്ന ലക്ഷ്യത്തിലേക്കുമുള്ള സഞ്ചാരത്തിന്‌ മാര്‍ഗതടസ്സം സൃഷ്‌ടിക്കും. അത്തരം അപകടകരമായ കുണ്ടുകുഴികള്‍ തിരിച്ചറിഞ്ഞേ ഈ മേഖലയില്‍ യാത്ര ചെയ്യാവൂ. അത്‌കൊണ്ടാണ്‌ ആത്മിക ഔല്‍കൃഷ്‌ട്യം നേടിയ ഈ മാര്‍ഗത്തിലെ ഗുരുക്കന്മാര്‍ ആവശ്യമാകുന്നത്‌. ആത്മികവികാസമെന്നാല്‍ ബാഹ്യമായ സ്വഭാവങ്ങളെ സംസ്‌കരിക്കലെന്നു മാത്രമല്ല മറിച്ച്‌ ഹൃദയത്തില്‍ വീണേക്കാവുന്ന ഏത്‌ പുള്ളിക്കുത്തുകളെയും തുടച്ചുമാറ്റി ഹൃദയത്തെ സ്‌ഫുടം ചെയ്‌ത്‌ പ്രകാശിപ്പിക്കുന്നു, അതിനെ വികസിപ്പിക്കുന്ന പ്രക്രിയയാണ്‌. ഈ സമയത്ത്‌ അദൃശ്യലോകവുമായുള്ള ബന്ധവും വര്‍ധിക്കുന്നു. അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ പല വിജ്ഞാനങ്ങളും നല്‍കുന്നു. എന്നാല്‍, ഇവിടെയും പക്വമായ ഗുരുവിന്റെ ആവശ്യമുണ്ട്‌. സമൂഹത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങള്‍ അവരോട്‌ പറഞ്ഞ്‌ സ്വയം എതിരാളികളെ സൃഷ്‌ടിക്കുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കേണ്ടത്‌ ആവശ്യമാണ്‌.

തസവ്വുഫ്‌ ജനങ്ങളെ നിശ്‌ക്രിയരാക്കുന്നുവെന്ന ഒരു സാധാരണമായ ആക്ഷേപമുണ്ട്‌. പൊതു സമൂഹത്തിന്റെ മനസ്സില്‍ അതു പതിഞ്ഞ്‌കിടപ്പുണ്ട്‌. ഇക്കാര്യത്തില്‍ നാം തിരിച്ചറിയേണ്ടത്‌ ഇസ്‌ലാമികമായി ഏതാണ്‌ കര്‍മ്മമെന്നും എന്തു കാര്യത്തിലാണ്‌ അദ്ധ്വാനിക്കേണ്ടതെന്നുമാണ്‌. സമൂഹത്തില്‍ ഇടപെടുന്നത്‌ ഓരോരുത്തരും അവനവന്റെ ശേഷിയനുസരിച്ചും അല്ലാഹു തനിക്ക്‌ നല്‍കിയിട്ടുള്ള ഖിലാഫത്ത്‌ ഏത്‌ കാര്യത്തിലാണെന്ന്‌ വിചിന്തനം ചെയ്‌തുമാണ്‌. തന്നെ കുറിച്ച്‌ ആയത്തില്‍ ഇജ്‌തിഹാദ്‌ ചെയ്‌തിട്ടുണ്ടോ അല്ലെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ അറിവ്‌ ദാനം മുഖേനെയോ ആയിരിക്കും സൂഫി തന്റെ വഴി നിശ്ചയിക്കുക. എന്നാല്‍, അയാളുടെ സ്വാധീനം പൊതു സമൂഹത്തെ നിശ്ചലമാക്കുന്നുവെന്ന്‌ സങ്കല്‍പ്പിക്കാന്‍ പോലുമൊക്കില്ല. മറിച്ച്‌ സമൂഹത്തിന്റെ വഴിതെറ്റിയ ചലനങ്ങളെയും പുരേഗതികളെയും ഇസ്‌ലാമികമായ നിയന്ത്രിക്കുകയെന്ന അടിത്തറ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യമാണ്‌ അത്‌ നിര്‍വഹിക്കുന്നത്‌. അടിത്തറയില്ലാതെ നിങ്ങള്‍ എത്ര മനോഹരമായ കെട്ടിടം സ്ഥാപിച്ചിട്ടും കാര്യമില്ല, പ്രയോജനമില്ല. മേല്‍പറഞ്ഞ ആന്തരികമാനവും ബാഹ്യമാനവും തുല്യമായ അളവില്‍ വികാസം പ്രാപിച്ചാലേ യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹം രൂപപ്പെടു. ആന്തരികമാനത്തിന്റെ തകര്‍ച്ചക്കു മുന്നില്‍ ബാഹ്യമാനത്തിന്റെ വികാസം സംഭവിച്ചിട്ടു കാര്യമില്ല.
ആന്തരികവും ബാഹ്യവുമായ മാനങ്ങളെ ഇസ്‌ലാമിന്റ ചരിത്രത്തില്‍നിന്ന്‌ നമുക്ക്‌ പഠിച്ചെടുക്കാം. മൂസാ നബി(അ) തന്റെ പ്രകൃതവും അല്ലാഹുവിന്റെ ഖിലാഫത്തിന്റെ ലക്ഷ്യവും അനുസരിച്ച്‌ സമൂഹത്തിന്റെ ബാഹ്യതലത്തെ സ്‌പര്‍ശിച്ചിട്ടുള്ള വിപ്ലവങ്ങള്‍ക്കാണ്‌ ഊന്നല്‍ കൊടുത്തത്‌. അഥവാ അദ്ദേഹം അവരെ രാഷ്‌ട്രീയമായി വിമോചിപ്പിക്കുകയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ സമൂഹത്തിനുണ്ടായിരുന്ന തെറിച്ചുനില്‍ക്കുന്ന ഒരു രീതിയും നമുക്ക്‌ കാണാം. ഇങ്ങനെ ഉപേക്ഷിച്ചിടപ്പെട്ട ഒരന്തരീക്ഷത്തിലാണ്‌ ഈസാ നബി(അ)ന്റെ നിയോഗം. ഒരു സൂഫി മാതൃകയാണ്‌ താന്‍ പ്രയോഗവല്‍ക്കരിക്കുന്നത്‌. ആസമൂഹത്തില്‍ ഊന്നിച്ചെയ്യേണ്ട കാര്യം അതാണെന്നര്‍ത്ഥം. മഹാനവര്‍കളുടെ പ്രകൃതവും ഖിലാഫത്തും ഇക്കാര്യത്തിലായിരുന്നു. ഒന്ന്‌ ജൂതമതത്തിന്റേതും രണ്ടാമത്തേത്‌ കൃസ്‌തു മതത്തിന്റെയും സ്വഭാവത്തെ പ്രതിനിധീകരിക്കുന്നു. ഇവക്കു രണ്ടിനുമിടയിലുള്ള സന്തുലിതത്വമാണ്‌ ഇസ്‌ലാം. ഇതു മാനവന്റെ യഥാര്‍ത്ഥ അസ്‌തിത്വത്തിന്‌ കമ്മ്യൂണിസം പോലെതന്നെ കൃസ്‌ത്യാനിസവും, ശരീരം പോലെ ആത്മാവും, ശാസ്‌ത്രം പോലെ കവിതയും, പണിയായുധം പോലെ അനുഷ്‌ഠാനങ്ങളും കവാത്ത്‌പോലെ മാതൃവാത്സല്യവും അനിവാര്യമാണെന്ന്‌ മനസ്സിലാക്കുന്നു.
ഇസ്‌ലാമിന്റെ ദ്വിമാനസ്വഭാവത്തെ വേണ്ട വിധം കൈകാര്യം ചെയ്യുമ്പോഴേ നാമതിനെ ശരിയായി ഉള്‍ക്കൊള്ളുന്നുള്ളു. ദ്വിമാനത്തെക്കുറിച്ച്‌ വാചാലയാവുന്ന ഇരപതാം നൂറ്റാണ്ടിലെ ചില ഇസ്‌ലാമിക സംഘടനകള്‍ രാഷ്‌ട്രീയ വിപ്ലവങ്ങള്‍ക്കായി തത്വശാസ്‌ത്രങ്ങളും സിദ്ധാന്തങ്ങളും നെയ്‌തെടുത്തെങ്കിലും, സാമ്പത്തിക-സാമൂഹിക ഉന്നമനങ്ങള്‍ക്കായുള്ള ഗവേഷണ പ്രബന്ധങ്ങളവതരിപ്പിച്ചെങ്കിലും അതുപോലെ ആത്മീക രംഗത്തെ കൈകാര്യം ചെയ്യാറായിട്ടില്ല.
ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സൂഫിസത്തില്‍ രണ്ടു പ്രവണതകള്‍ വളര്‍ന്നതു കാണാം. ഇറാഖിലെ അബ്‌ദുല്‍ ഖാസിം അല്‍ ജുനൈദിയുടെയും ഖുറാസാനിലെ അബൂയസീദ്‌ ത്വയ്‌ഫൂര്‍ അല്‍ ബിസ്‌ത്വാമിയുടെയും സമീപനങ്ങളെ പിന്‍പറ്റിയായിരുന്നു ഇത്‌. പരമാനന്ദത്തി(ഗലബ്‌)ലും ഉന്മാദലഹരി(സുക്‌റ്‌)യിലും അധിഷ്‌ഠിതമാണ്‌ ബിസ്‌ത്വാമിയുടെ അധ്യാപനം. എന്നാല്‍ ചിലരുടേത്‌ ഉന്‍മാദപരമല്ല. ആത്മ നിയന്ത്രണ പരമാണ്‌.

ഇസ്‌ലാമിന്റെ ചലനാത്മതക്ക്‌ ഭംഗം നേരിടുമ്പോഴൊക്കെ അതിന്റെ രക്ഷയ്‌ക്കെത്തിയത്‌ സൂഫിസമാണെന്ന്‌ യൂറോപ്യന്‍ചരിത്രകാരന്‍ എച്ച്‌. എ. ആര്‍. ഗിബ്ബിന്റ അഭിപ്രായം പ്രസക്തമാണെന്ന്‌ സൂഫീ സില്‍സില (ഗുരുപരമ്പര) കളുടെ ചരിത്രം പറയുന്നു. പ്രവാചക പ്രഭുവിന്റെ ഹിറാ ഗുഹയിലെ ആത്മീയ അധ്യാനത്തോടെ ആരംഭിക്കുന്ന മുഹമ്മദീയ സൂഫിസം ആദി പിതാവില്‍നിന്ന്‌ തുടങ്ങി ആയിരക്കണക്കിനു പ്രവാചകരിലൂടെ ഈ സാമസീഹിലെത്തിയ ഉല്‍കൃഷ്‌ടമായ ദിവ്യ ജ്ഞാനത്തിന്റെ തുടര്‍ച്ചയാണ്‌. ആദ്യം സുഫ്‌ഫക്കാരെന്നും പില്‍ക്കാലത്ത്‌ സൂഫികളെന്നും അറിയപ്പെട്ട ഇസ്‌ലാമിലെ ആധ്യാത്മികജ്ഞാനികള്‍ ജുനൈദുല്‍ ബഗ്‌ദാതിയുടെ വാക്കുകളില്‍ `സ്വാര്‍ത്ഥതക്ക്‌ മുമ്പില്‍ മരിച്ചവരും അല്ലാഹുവിന്റെ മുമ്പില്‍ ജീവിക്കുന്നവരുമാണ്‌'.

ഒമ്പതാം നൂറ്റാണ്ടോടെയാണ്‌ സൂഫിസം ഒരു പ്രസ്ഥാനമായി മാറുന്നത്‌. ഉമവീ ഭരണകാലത്തെ വിഭാഗീയ സംഘര്‍ശങ്ങളും വംശീയ പ്രശ്‌നങ്ങളും ഇസ്‌ലാമിക പ്രഭക്ക്‌ മംഗലേല്‍പ്പിച്ചപ്പോഴാണ്‌ സൂഫിസത്തിന്‌ ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ രൂപം കൈവന്നത്‌. കരിമ്പടം(സ്വുഫ്‌) ധരിച്ച്‌ ഭക്ത ജീവിതം നയിച്ച നിസ്വാര്‍ത്ഥ സേവകര്‍ സ്വൂഫികള്‍(കരിമ്പടം ധരിച്ചവര്‍) എന്ന പേരിലറിയപ്പെട്ടു. ഇവരുടെ പ്രസ്ഥാനത്തിന്‌ തസ്വവ്വുഫ്‌ എന്നു പറഞ്ഞു വന്നു. അതിന്റെ ആംഗല വല്‍ക്കരണമാണ്‌ സൂഫിസം.
ശരീഅത്തില്‍ നിന്ന്‌ തുടങ്ങി അധ്യാത്മികപരിശീലനങ്ങള്‍ താണ്ടി, കാമ ക്രോധ മോഹമങ്ങള്‍ ത്യജിച്ച്‌, സ്വാര്‍ത്ഥതയെ മറികടന്ന്‌ അനശ്വരമായ യാഥാര്‍ത്ഥ്യവുമായി വിലയം പ്രാപിക്കുന്ന മഹാത്യാഗാനുഷ്‌ഠാനമാണ്‌ സൂഫിസം. ഹഖീഖത്തി(ദൈവീക യാഥാര്‍ത്ഥ്യം) ന്റെ ജ്ഞാനവും ശരീഅത്തിന്റെ അനുഷ്‌ഠാനവും സംഗമിക്കുന്ന തൗഹീദിന്റെ പരമമായ ഈ ശ്രേണിയിലെത്താന്‍ അധ്യാത്മജ്ഞാനികള്‍ ആവിശ്‌കരിച്ച വ്യവസ്ഥകളാണ്‌ ത്വരീഖത്തു(അനുഷ്‌ഠാന പാത)കള്‍.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ തസ്വവ്വുഫിന്റെ വിവിധ ഭാഗങ്ങളെ കുറിച്ച്‌ ആയത്തിലുള്ള പഠനങ്ങള്‍ നടന്നു. സൂഫികള്‍ തത്വചിന്തകന്‍മാര്‍കൂടിയായി. ഓരോരുത്തരും അവരുടേതായ തത്വങ്ങള്‍ ആവിശ്‌കരിച്ചു. മഅ്‌റൂഫുല്‍ കര്‍ഖ്വിയുടെ ഏകത്വവും ദുന്നൂന്‍ മിസ്‌രിയുടെ ഹാല്‍മഖാം എന്നിവയും ഇതിന്റെ ഭാഗങ്ങളാണ്‌. ഇവരുല്‍ ഓരോരുത്തരോടും പിന്‍പറ്റിയവര്‍ ഓരോ വിഭാഗമായിത്തീര്‍ന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഇത്തരം പന്ത്രണ്ട്‌ വിഭാഗങ്ങളെങ്കിലും നിലനിന്നിരുന്നുവെന്ന്‌ കശ്‌ഫുല്‍ മഹ്‌ജൂബില്‍ പറയുന്നു. പിന്നീട്‌ വന്ന ചിന്തകന്മാര്‍ ഈ തത്വങ്ങളെ കൂടുതല്‍ വികസിപ്പിച്ചു. ഇമാം ഖുശ്‌യരി, ഇമാം ഗസ്സാലി തുടങ്ങിയവര്‍ സൂഫിസത്തെപ്പറ്റി വ്യവസ്ഥാപിതമായ ഗ്രന്ഥങ്ങള്‍ രചിച്ചു. ശരീഅത്തിനെയും മഅ്‌രിഫത്തി (ദിവ്യജ്ഞാനം) നെയും കുറിച്ച്‌ ഇമാം ഗസ്സാലി ആയത്തില്‍ പഠിച്ചു. ഉലമാഉകള്‍ ജ്ഞാനത്തില്‍ നിന്ന്‌ കര്‍മ്മത്തിലേക്കും ആരിഫുകള്‍ കര്‍മ്മത്തില്‍ നിന്നു ജ്ഞാനത്തിലേക്കും നീങ്ങുന്നുവെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചു. ഇരുവിഭാഗത്തിന്റെയും വാദഗതികളെ സമന്വയിപ്പിക്കാനും ശരീഅത്തിലും തസവ്വുഫിലും അവഗാഹമുള്ള ഇമാം ഗസ്സാലിക്ക്‌ സാധിച്ചു.
തസവ്വുഫ്‌ അനുഭവത്തിലൂടെ കരസ്ഥമാക്കുന്ന ഒന്നാണ്‌. അധ്യാപനത്തേക്കാളും അനുഭവമാണ്‌ മുഖ്യം. പരിശീലനത്തിലൂടെ നേടുന്ന ഈ അനുഭവത്തിലൂടെ സ്രഷ്‌ടാവിനും സൃഷ്‌ടിക്കും ഇടയിലുള്ള ഈ ആവരണം അനാവൃതമാവുന്നു. പരമാനന്ദപരമായ അവസ്ഥയിലൂടെ സൂഫി പരമാത്മാവില്‍ സ്വയം ലയിക്കുകയാണ്‌. സൂഫി ധര്‍മ്മ ശാസ്‌ത്രത്തിന്റെ സൈദ്ധാന്തികനായ ഇമാം ഗസ്സാലി തന്നെ സൂഫിസം പഠനത്തിലൂടെ നേടാനാവില്ല; പ്രത്യക്ഷമായ അനുഭവത്തിലൂടെയും ആന്തരികമായ പരിണാമത്തിലൂടെയും മാത്രമെ സാധിക്കുകയുള്ളുവെന്ന്‌ പറഞ്ഞിട്ടുണ്ട്‌. പഠനത്തിലൂടെ മാത്രം കഴിയുമായിരുന്നെങ്കില്‍ ബുദ്ധിമാനും ദൈവശാസ്‌ത്രജ്ഞനമായ അദ്ദേഹം ത്വരീഖത്തിന്റെ വഴി തേടുമായിരുന്നില്ല. ഉദാഹരണത്തിന്‌ ഒരാള്‍ ഫനാഇ(ആത്മനാശം)നെ കുറിച്ച്‌ നന്നായി പഠിച്ചെന്നിരിക്കട്ടെ. പക്ഷെ അതുകൊണ്ട്‌ ആ അവസ്ഥയിലെത്താന്‍ അയാള്‍ക്ക്‌ കഴിയില്ല. അനുഭവിച്ചറിഞ്ഞ ഒരു ദര്‍ശകന്റെ (മുര്‍ശിദ്‌) കീഴിലുള്ള പരിശീലനത്തിലൂടെയാണ്‌ അത്‌ സാധ്യമാവുക. മുര്‍ശിദിന്റെ നിര്‍ദേശാനുസരണമല്ലാതെ സ്‌തോത്രങ്ങളോ മന്ത്രങ്ങളോ പതിവാക്കാനോ പ്രത്യേകമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ ഒരു ആത്മീയ ശിഷ്യനു പാടില്ലത്രെ.
സൂഫികള്‍ അലസന്മാരാണെന്ന വാദത്തെകുറിച്ച്‌ അല്‍പം ചിന്തിക്കാം. വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ സൂഫികള്‍ മികവാര്‍ന്ന സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്‌. പര്‍ണ്ണശാലകള്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. അതാതിടങ്ങളില്‍ മാതൃഭാഷകള്‍ പുഷ്‌ടിപ്പെടുത്തി അവ ബോധന മാധ്യമമാക്കി വിദ്യാഭ്യാസ രംഗത്ത്‌ പരിവര്‍ത്തനമുണ്ടാക്കാന്‍ സൂഫികള്‍ക്ക്‌ കഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ഭാഷകള്‍ക്കും അറബിലിപി നല്‍കി അതതു ഭാഷകള്‍ക്ക്‌ ഇസാലാമികമായ രൂപവും ഭാവവും നല്‌കി. പേര്‍ഷ്യന്‍, തുര്‍ക്കി, ഉര്‍ദു ഭാഷകളൊക്കെ അതിന്റെ ഫലമായാണ്‌ ഉണ്ടായത്‌. ലത്തീന്‍ ഭാഷക്ക്‌ സൂഫികള്‍ അറബിരൂപം ആവിഷ്‌ക്കരിച്ചിരുന്നു. അറബി ഗ്രന്ഥങ്ങള്‍ പലതും പുതിയ ഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്‌തു. അതതു ദേശങ്ങളിലെ കലകള്‍ക്കും സംഗീതത്തിനുമൊക്കെ ആത്മീയ ചുവ നല്‌കി. ഇന്ത്യയിലെ ഹിന്ദുസ്ഥാനീ സംഗീതവും ഗസലും ഖവാലിയും മലബാറിലെ മാപ്പിളപ്പാട്ടുകളും ഒപ്പനയുമൊക്കെ ഇങ്ങനെ ഉത്ഭവിച്ചവയാണ്‌. തബല, സിത്താര്‍ തുടങ്ങി ഒട്ടേറെ സംഗീതോപകരണങ്ങളും സംഗീതപ്രിയരായ സൂഫികള്‍ സംഭാവന നല്‍കിയതാണ്‌. കേവലം ആസ്വാധന കവികളായല്ല സൂഫികള്‍ ഇതിനെ കണ്ടത്‌. ആത്മീയാനുഭുതി ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ചിശ്‌തികള്‍ക്ക്‌ സംഗീതം ഏറ്റവും ഇഷ്‌ടമായിരുന്നു. ഇതേചൊല്ലി കര്‍മ്മ പണ്‌ഢിതന്മാരും സൂഫികളും തമ്മില്‍ വിവാദം തന്നെ ഉണ്ടായി. സുല്‍ത്താന്‍ ജലാലുദ്ദീന്‍ ഖില്‍ജിയുടെസന്നിധിയില്‍ സംഗീതത്തിന്റെ ഇസ്‌ലാമിക മാനത്തെച്ചൊല്ലി സംഘടിപ്പിക്കപ്പെട്ട സംവാദത്തില്‍ സൂഫികളെ പ്രതിനിധാനം ചെയ്‌ത്‌ ഹസ്രത്ത്‌ നിസാമുദ്ധീന്‍ ഔലിയയാണ്‌ പങ്കെടുത്തത്‌. വിവിധ ദേശങ്ങളില്‍ പ്രചാരത്തിലുള്ള ബൈതുകള്‍, കോര്‍വ്വകള്‍, ശബീനകള്‍ മൗലിദുകള്‍ തുടങ്ങി കവിതാ സമാഹാരങ്ങളെല്ലാം സൂഫികളുടെ സംഭാവനകളാണ്‌. മൗലവിത്വരീഖത്തുകാര്‍ റൂമിയുടെ മസ്‌നവി സംഗീതാത്മകമായി ആലപിക്കുന്നതില്‍ വിദഗ്‌ധന്‍മാരായിരുന്നു. തുര്‍ക്കിയിലെ ബെക്താശികള്‍ തുര്‍ക്കി ഭാഷയില്‍ നിരവധി സ്‌തോത്രങ്ങളും സ്‌തുതി ഗീതങ്ങളും രചിച്ച്‌ സംഗീത സദസ്സുകള്‍ സംഘടിപ്പിക്കുമായിരുന്നു. സുഡാനിലെ ചില സൂഫീസംഘങ്ങള്‍ ദിക്‌റുകള്‍ക്ക്‌ പ്രത്യേകമായ ഒരു സംഗീത ശൈലി തന്നെ ആവിഷ്‌ക്കരിച്ചിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ ഏറെ ആകര്‍ഷകമായ ഒരു സമ്പ്രദായമായി ഇത്‌ പുരോഗതിപ്പെട്ടു. രാഷ്‌ട്രീയരംഗത്തും ചില അവസരങ്ങളില്‍ സൂഫികള്‍ സജീവമായിട്ടുണ്ട്‌. സാമൂഹികമായ അനിവാര്യതകളാണ്‌പലപ്പോഴും ഇതിന്‌ പ്രേരിപ്പിച്ചത്‌. ചിലപ്പോള്‍ അക്രമകാരികളായ ഭരണാധികാരികള്‍ക്കെതിരെ കലാപം ഉണ്ടാക്കാന്‍ സൂഫികള്‍ നായകത്വം വഹിച്ചതായി കാണാം. സൂഫികളുടേതായ ഭരണവംശങ്ങളും ഇല്ലാതില്ല. പേര്‍ഷ്യയിലെ സ്വഫവീ വംശത്തിന്റെ ഉത്ഭവം സൂഫികളില്‍നിന്നാണെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചുവല്ലോ. നൂറാസുഫി എന്നപുണ്യവാളനില്‍ നിന്നാണ്‌ ഖുന്‍യായിലെ ഖ്വറമാംഗലൂസ്‌ എന്ന രാജവംശം ഉണ്ടായത്‌. ബെക്താശി സൂഫികളും ഉസ്‌മാനി സുല്‍ത്താന്മാരും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നു. ബെക്താശികള്‍ ശീഈസത്തിനോട്‌ ചായാന്‍ തുടങ്ങിയപ്പോഴാണ്‌ ഉസ്‌മാനി ഭരണാധികാരികളുടെ ശത്രുത ഉണ്ടായത്‌. ഉസാമാനികളാവട്ടെ സുന്നികളായ നഖ്‌ശബന്ദികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്‌തു. ബാഗ്‌ദാദിലെ ഖാദിരികള്‍ക്കും ഉസ്‌മാനി സുല്‍ത്താന്മാരുടെ പിന്തുണ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ചിശ്‌തി സൂഫികള്‍ ഭരണാധികാരികളോട്‌ തീരെ ബന്ധം പുലര്‍ത്തിയിരുന്നില്ല. സുഹാറവര്‍ദികള്‍ ഭരണാധികാരികളെ നേര്‍വഴിക്കാക്കാന്‍ അവരുമായി ബന്ധപ്പെട്ടിരുന്നു. നിസാമുദ്ധീന്‍ ഔലിയായുടെ കാലത്ത്‌ എഴു സുല്‍ത്താന്മാര്‍ ഡല്‍ഹി വാണു. ആരുടെ ക്ഷണവും ഔലിയ സ്വീകരിച്ചില്ല. ശൈഖുല്‍ ഇസ്‌ലാം പദവി ഏറ്റെടുക്കാനുള്ളസുല്‍ത്താന്‍ ഇല്‍ത്തുമിഷിന്റെ ക്ഷണം ശൈഖ്‌ ഖുതുബുദ്ധീന്‍ ബക്തിയാര്‍ കാകി നിരസിച്ചു. ഇമാം പദവിക്കുള്ള സുല്‍ത്താല്‍ ബാല്‍ബന്റെ നീക്കം മൗലാനാ കമാലുദ്ധീന്‍ സാഹിബ്‌ തള്ളി. `സുല്‍ത്താനെ ആദില്‍' എന്ന അപരനാമം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശൈഖ്‌ ശിഹാബുദ്ധീന്‍ സുല്‍ത്താന്റെ മുഖത്ത്‌ നോക്കി ചോദിച്ചു `ക്രൂരനായ താങ്കളെ ഞാന്‍ മര്യാദക്കാരനെന്ന്‌ വിളിക്കില്ല' കോപാകുലനായ സുല്‍ത്താന്‍ ശൈഖിനെ കോട്ടയുടെ മുകളില്‍ കൊണ്ടു പോയി എറിഞ്ഞു കൊല്ലാന്‍ വിധിച്ചു.
യുദ്ധങ്ങളിലും സ്വാതന്ത്ര്യ സമരങ്ങളിലും സൂഫികള്‍ പങ്കെടുത്തിരുന്നു. അനതോലിയയിലെ ഗാസി പട്ടാളക്കാര്‍ക്ക്‌ സൂഫി ബാബമാരാണ്‌ നേതൃത്വം നല്‍കിയത്‌. 1453-ലെ കോണ്‌സ്റ്റാന്റിനോപ്പിള്‍ ഉപരോധത്തില്‍ നൂറുകണക്കിനു നഖ്‌ശബന്ധി സൂഫികള്‍ പങ്കെടുത്തിരുന്നുവത്രെ. കുരിശു യുദ്ധങ്ങളില്‍ സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയെ സഹായിക്കാന്‍ സൂഫികളും മുന്‍പന്തിയിലുണ്ടായിരുന്നു. അസ്സദുശ്ശാം എന്നറിയപ്പെട്ട ശൈഖ്‌ അബ്‌ദുല്ലാ അല്‍ യുനൂനി കുരിശു യുദ്ധത്തില്‍ സജീവമായിരുന്നു. കുരിശുവാഹകര്‍ക്കെതിരെ ജനങ്ങളെ സമരരംഗത്തിറക്കുന്നതില്‍ അഹമ്മദ്‌ ബദവിയും സജീവമായി. പറങ്കി ആധിപത്യത്തിനെതിരെ മഗ്‌രിബില്‍ ശൈഖ്‌ ജൂസുലിയും സംഘവും മലബാറില്‍ ശൈഖ്‌ സൈനുദ്ധീന്‍ മഖ്‌ദൂം, ശൈഖ്‌ അബുല്‍ വഫാ മാമുക്കോയ എന്നിവരും രംഗത്തിറങ്ങി. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യപൂര്‍വ്വ ദേശത്തും പൗരസ്‌ത്യ ദേശത്തും യൂറോപ്യന്‍ കൊളോണിയലിസം പിടിമുറുക്കിയപ്പോള്‍ സൂഫികള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യവുമായി രംഗത്തെത്തി. മധ്യേഷ്യയില്‍ ശൈഖ്‌ മുഹമ്മദ്‌ അഹമ്മദ്‌ സമ്മാനി, സുഡാനില്‍ ശൈഖ്‌ മഹ്‌ദി, ലിബിയയിലി ശൈഖ്‌ സനൂസി, സോമാലിയയില്‍ സ്വാലിഹ്‌ ഇദ്രീസി, മുഹമ്മദുബ്‌നു അബ്‌ദില്ലാ ഹസന്‍, മൊറോക്കോയില്‍ ശൈഖ്‌ ഫാളിലി ബക്കായേഖാദിരി മാഉല്‍ അയ്‌നയ്‌ന്‍, പുത്രന്‍മുഹമ്മദ്‌ അല്‍ഹിബാ എന്നിവര്‍ കോളനി വിരുദ്ധസംഗമങ്ങളില്‍ ശ്രദ്ധേയമായ പങ്കുവെച്ചു.

ഇന്ത്യയില്‍ ബ്രിട്ടീഷ്‌ വിരുദ്ധകലാപം ആരംഭിച്ചത്‌ സൂഫികളുടെ പിന്തുണയോടെയാണ്‌. നഖ്‌ശബന്ധികളാണ്‌ മുഖ്യ പങ്കുവഹിച്ചത്‌. ഡല്‍ഹിയിലെ നഖ്‌ശബന്ധി കാര്‍മികനായ ശാ അബദുല്‍ അസീസ്‌ ഇന്ത്യ യുദ്ധഭൂമിയാണെന്ന്‌ പ്രഖ്യാപിച്ച്‌ ശിഷ്യന്‍ സയ്യിദ്‌ അഹ്മദ്‌ ശഹീദിനെ രംഗത്തിറക്കി. അഹ്മദ്‌ ശഹീദിന്റെ നേതൃത്വത്തില്‍ നഖ്‌ശബന്ധി പ്രസ്ഥാനവും തുടര്‍ന്ന്‌ ചിശ്‌തി, ഖാദിരി പ്രസ്ഥാനങ്ങളും ബ്രിട്ടീഷ്‌ വിരുദ്ധ കലാപത്തില്‍ തോളോടു തോള്‍ ചേര്‍ന്നു. ഉത്തര്‍ പ്രദേശില്‍ പല ഭാഗത്തും കലാപം തുടങ്ങുന്നതില്‍ ദയൂബന്ദ്‌ വിശ്വ വിദ്യാലയത്തിന്റെ സ്ഥാപകരായ മുഹമ്മദ്‌ ഖാസിം നാനൂതവിയും സഹപ്രവര്‍ത്തകരും സജീവ രംഗത്തു വന്നു. ഒന്നാം സ്വാതന്ത്ര സമരത്തിന്‌ ഖാദിരി സൂഫികളായ മൗലവി ഫള്‌ലുല്‍ ഹഖും,ഫൈസാബാദ്‌ മൗലവിയും രംഗത്തു വന്നു. എല്ലാ ത്വരീഖത്തുകളും ഇക്കാര്യത്തില്‍ കൈകോര്‍ത്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ബ്രിട്ടീഷ്‌ വിരുദ്ധസമരങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നഖ്‌ശബന്ധി-ഖാദിരി സൂഫികള്‍ സജീവമായിരുന്നു. ഫിറങ്കി മഹലിലെ അബ്‌ദുല്‍ ബാരി ചിശ്‌തി, ഖാദിരി ത്വരീഖത്തുകളുടെ നായകനായിരുന്നു. ഒട്ടേറെ അഭ്യസ്ഥവിദ്യര്‍ അദ്ദേഹത്തിന്റെ ശിഷ്യത്തം സ്വീകരിച്ചു. ഇവരില്‍ പ്രമുഗരാണ്‌ ഡോ.എം.എ അന്‍സാരി, അലി സഹോദരന്മാര്‍ എന്നിവര്‍. ഖിലാഫത്ത്‌, ജംഇയ്യത്തുല്‍ അന്‍സാര്‍, അന്‍ജുമന്‍ ഖുദ്ദാമെ കഅ്‌ബ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നായകത്വം ഇവര്‍ക്കായിരുന്നു. ഖിലാഫത്തിന്റെ ചുക്കാന്‍ പിടിച്ച മൗലാനാ മഹാമൂദ്‌ ഹസന്‍, നഖ്‌ശബന്ദീ ത്വരീഖത്തിലൂടെ മത ഭൗതിക രംഗത്തുള്ള നിരവധി പേരെ സംഘടിപ്പിച്ചിരുന്നു. ഇവരാണ്‌ സ്വാതന്ത്ര സമര പ്രസ്ഥാനത്തിന്‌ ജീവന്‍ നല്‍കിയത്‌. നഖ്‌ശബന്ദികളും ഖാദിരികളും ചിശ്‌തികളും ഒറ്റക്കെട്ടായി സ്വാതന്ത്ര സമരത്തിന്‌ ശക്തി പകര്‍ന്നു. അതേസമയം ചിശ്‌തികളില്‍പ്പെട്ട ചിലര്‍ സമരരംഗത്തു നിന്ന്‌ വിട്ടു നിന്നു. ബറേല്‍വി ശൈഖുമാര്‍ ബ്രിട്ടീഷ്‌ വിരോധം പുലര്‍ത്തിയതെങ്കിലും ഖിലാഫത്ത്‌ പ്രക്ഷോഭങ്ങളില്‍ നിന്നും മറ്റും വിട്ടു നിന്നു. നയപരമായ വ്യതിചലനങ്ങളായിരുന്നു ഇതിന്‌ കാരണമായി പറഞ്ഞത്‌.
ഡക്കാനിലും ദക്ഷിണ ഇന്ത്യയിലും സാമ്രാജത്വവിരുദ്ധ സമരങ്ങളില്‍ സൂഫികള്‍ സജീവമായി. മധുരയിലെ അക്രമിയായ ഭരണാധികാരി തിരുപാണ്‌ഢ്യനെതിരെ പടനയിച്ചവരാണ്‌ ഏര്‍വാടിയിലെ ഇബ്‌റാഹീം ബാദുഷ. മദീനയിലെ ഒരുരാജകുടുംബത്തില്‍പ്പെട്ട ബാദുഷ മത പ്രബോധന സന്ദേശവുമായി ഇന്ത്യയില്‍ എത്തിയതായിരുന്നു. അദ്ദേഹത്തിന്റെ നിരവധി മുരീദുമാരും യുദ്ധങ്ങളില്‍ പങ്കെടുത്ത്‌ രക്തസാക്ഷികളായി. ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ശഹീദ്‌ ടിപ്പുസുല്‍ത്താന്‌ സൂഫികളുടെ അനുഗ്രഹവും സാന്നിധ്യവുമുണ്ടായിരുന്നു. പാലക്കാട്‌ മഞ്ഞക്കുളത്തെ ഖാജാ ഹുസൈന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്‌ത്‌ മരിച്ച സൂഫിയാണ്‌. (അവ: സൂഫീമാര്‍ഗ്ഗം)
സാമൂഹിക രാഷ്‌ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിനിരുന്ന ആത്മീയ പൗരുഷ പ്രത്യയങ്ങളെ കണ്ണുമടച്ച്‌ അലസരും മൂഢരുമാക്കരുത്‌. തഖ്‌വയുടെയും ത്യാഖത്തിന്റെയും തിളക്കത്തിന്റെയും കഥകളാണ്‌ സൂഫിചരിതങ്ങള്‍. നിര്‍മ്മാണങ്ങളേ അവര്‍ക്ക്‌ അറിയൂ, നിശ്‌ക്രിയത്വം അവര്‍ക്ക്‌ മൂന്നും ചൊല്ലിയ അസ്‌പൃക്കാണ്‌.

ശുഐബ്‌ ഹൈതമി വാരാമ്പറ്റ.