പാരത്രിക ജീവിതം വിഭവസമ്യദ്ധമാക്കാന്‍ സഹായകമായ വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ സമാഹരണത്തിനായാണ് മനുഷ്യന്‍ ഭൗതിക ലോകത്തേക്ക് അയക്കപ്പെട്ടിരിക്കുന്നത്. പാരത്രിക ജീവിതത്തിന്റെ അനന്ത വിശാലത പരിഗണിക്കുമ്പോള്‍ , ഒരു താരതമ്യ വിചിന്തനം പോലും അസാധ്യമാവും വിധം തുലോം പരിമിതമാണ് മനുഷ്യന്റെ ഭൗതിക ജീവിതം. അതിനാല്‍ തന്നെ തന്റെ ഭൗതിക ജീവിതത്തില്‍ അല്ലാഹു കനിഞ്ഞു നല്‍കുന്ന ഓരോ നിമിഷങ്ങളും ക്രിയാത്മകമായി വിനിയോഗിക്കുകയും
സമയവിനിയോഗത്തിന് ഗൗരവതരവും, ഫലപ്രദവുമായ ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ മാത്രമെ നശ്വരമായ ഭൗതിക ജീവിതത്തില്‍, ഉപര്യുക്ത വിഭവസമാഹരണം ചെറിയ അളവിലെങ്കിലും സാധ്യമാവൂ. ഭൗതിക ലോകത്ത് മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും സ്ഥായിയായ മൂലധനം അവന്‍ ജീവിച്ചിരിക്കുന്ന നിമിഷങ്ങള്‍ തന്നെയാണ്. ആ നിമിഷങ്ങളുടെ വിനിയോഗത്തില്‍ ആസൂത്രണമികവും, തന്ത്രവും പുലര്‍ത്തുന്നവരാണ് യതാര്‍ത്ഥ വിജയത്തിന് അവകാശികളായിത്തീരുന്നത്. ഏറ്റവും നിസ്സാരമെന്ന രൂപത്തില്‍ മനുഷ്യന്‍ ചെയ്യുന്ന നന്‍മ തിന്‍മകള്‍ക്കു പോലും അവന്റെ ആദ്യന്തിക വിജയത്തില്‍ സ്വാധീനം ചെലുത്താനാകുമെന്ന് സൂചിപ്പിക്കുന്ന ഖുര്‍ആനിക വചനങ്ങളിലൂടെ ഈ സമയവിനിയോഗത്തിന്റെ പ്രാധാന്യത്തിലേക്ക് അല്ലാഹു വിരല്‍ ചൂണ്ടിയതായി കാണാം. മാത്രമല്ല വിശുദ്ധ ഖുര്‍ആനിലെ ഒട്ടനേകം സ്ഥലങ്ങളില്‍ പല സുപ്രധാന കാര്യങ്ങളും അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത് സമയത്തിന്റെ വിവിധ യാമങ്ങളുടെ പേരില്‍ സത്യം ചെയ്തു പറഞ്ഞുകൊണ്ടാണ്. ഇതൊക്കെയും സൂചിപ്പിക്കുന്നത് സമയമെന്ന അമൂല്യ സമ്പത്തിന്റെ അനിതരസാധാരണമായ പ്രാധാന്യത്തെ തന്നെയാണ്.
പ്രവാചകര്‍ (സ) തങ്ങളുടെ തിരു അദ്ധ്യാപനങ്ങളിലും, സമയത്തിന്റെ ഫലപ്രദവും വിജയകരവുമായ വിനിയോഗത്തിന്റെ പ്രാധാന്യത്തിലേക്ക് നിരന്തരം സൂചനകള്‍ നല്‍കിയതായി കാണാം. അവിടുത്തെ ജീവിതത്തില്‍ ഈ സന്ദേശം സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോഗവല്‍ക്കരിക്കുന്നതില്‍ മാത്രമല്ല, തന്റെ അനുയായികളെ അക്കാര്യത്തിന് സര്‍വ്വാത്മനാ പ്രാപ്തരാക്കുന്നതിലും പ്രവാചകര്‍ (സ) വിജയിച്ചു. ജീവിതത്തിന്റെ ഒരു നിമിഷമെങ്കിലും പാരത്രിക മോക്ഷത്തിനുതകുന്ന രൂപത്തിലല്ലാതെ വിനിയോഗിക്കപ്പെട്ടു പോവുന്നത് തങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടായി കാണുന്ന മാനസികാവസ്ഥയിലേക്ക് തന്റെ അനുയായികളെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാചകര്‍ക്ക് സാധിച്ചു. സമയനിയന്ത്രണത്തിന്റെയും ജീവിത കാലാവധി നിര്‍ണ്ണയത്തിന്റെയും അധികാരങ്ങള്‍ അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാകയാല്‍ , ലഭ്യമായ വേളകളെ പരമാവധി ചൂഷണബുദ്ധിയോടെ നന്‍മകള്‍ക്കൊണ്ട് ധന്യമാക്കാന്‍ അവിടുന്ന് ഉദ്‌ബോധിപ്പിച്ചു. ഒരു പ്രവാചക വചനം ഇങ്ങനെ വായിക്കാം. 'അസൗകര്യങ്ങളും, പ്രതിബന്ധങ്ങളുമുണ്ടായേക്കാവുന്ന അഞ്ച് അവസ്ഥകളിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നതിനു മുമ്പായി കൂടുതല്‍ സൗകര്യപ്രദവും, പ്രയാസരഹിതവുമായ അഞ്ച് അവസ്ഥകളില്‍ നിന്ന് നിങ്ങള്‍ മുതലെടുക്കുക'. ശേഷം അവിടുന്ന് ഇപ്രകാരം വിശദീകരിച്ചു 'വാര്‍ദ്ധക്യത്തിന്റെ അവശതകളിലേക്ക് കടക്കുന്നതിന് മുമ്പ് ചോരത്തിളപ്പിന്റെ യുവത്വകാലം നിങ്ങള്‍ ആരാധനാ നിഷ്ഠമാക്കുക, രോഗാവസ്ഥയുടെ അവശതകള്‍ക്ക് അടിപ്പെടാനിടയാവും മുമ്പ് ആരോഗ്യഘട്ടം നിങ്ങള്‍ നന്‍മയാല്‍ സമ്പന്നമാക്കുക, ദാരിദ്യത്തിന്റെ കെട്ടുപാടുകള്‍ വന്നുഭവിക്കും മുമ്പ് ഐശ്വര്യ കാലം നിങ്ങള്‍ മത ചര്യകളില്‍ നിന്ന് അകന്നുപോകാതിരിക്കുക, ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവാത്ത വിധം മുങ്ങിപ്പോവുന്നതിന് മുമ്പ് ലഭ്യമായ ഒഴിവുവേളകളെ നിങ്ങള്‍ ആത്മീയമായി പ്രയോജനപ്പെടുത്തുക, എല്ലാ അവസരങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന മരണം നിങ്ങളെത്തേടിയെത്തും മുമ്പ് ജീവിത കാലം നിങ്ങള്‍ പരമാവധി നന്‍മകളാല്‍ സമ്പന്നമാക്കുക'.
അന്ത്യ പ്രവാചകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ശിക്ഷണം നേടാന്‍ ഭാഗ്യം സിദ്ധിച്ച,സച്ചരിതരായ അവിടുത്തെ അനുയായി വ്യന്ദം ആ നിര്‍ദ്ദേശങ്ങളോരോന്നും അക്ഷരം പ്രതി ജീവിത വ്യതമാക്കിയപ്പോള്‍, തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് ലോകത്തിന് അല്‍ഭുതങ്ങള്‍ സമ്മാനിക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങളുള്‍ക്കൊണ്ട ഇസ്ലാമിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു കൊടുക്കാനുള്ള പരിശ്രമങ്ങളില്‍ അവര്‍ വ്യാപ്യതരായപ്പോള്‍ വന്‍കരകളില്‍ നിന്ന് വന്‍കരകളിലേക്ക് ഇസ്ലാമിന്റെ പ്രകാശമെത്തിക്കാന്‍ പരിമിതമായ ജീവിതങ്ങള്‍ക്കൊണ്ട് അവര്‍ക്ക് സാധിച്ചു. ജനങ്ങളിലധികപേരും വഞ്ചിതരായിത്തീരുന്നത് രണ്ട് അനുഗ്രഹങ്ങളുടെ പേരിലാണെന്നും ആ രണ്ട് അനുഗ്രഹങ്ങള്‍ ആരോഗ്യം, ഒഴിവുവേള എന്നിവയാണ് എന്നുമുള്ള പ്രവാചകാധ്യാപനത്തിന്റെ സത്തയുള്‍ക്കൊണ്ട ആ അനുയായികള്‍ തങ്ങളുടെ ജീവിതത്തില്‍ നിന്ന് വിശ്രമത്തെ പടിക്കു പുറത്താക്കി . കിട്ടിയ നിമിഷങ്ങളോരോന്നും വിശ്രമരഹിതമായി നന്‍മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കാന്‍ അവര്‍ സന്നദ്ധരായി.
മനുഷ്യ ജീവിതത്തില്‍ കടന്നുവരുന്ന ഓരോ ദിനങ്ങളും മനുഷ്യനെ അഭിസംബോധനചെയ്ത് ഇങ്ങനെ പറയുമെന്ന് ഹസന്‍ (റ) പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 'ഒരു പുതിയ ദിനമായിട്ടാണ് ഞാന്‍ നിങ്ങളിലേക്ക് കടന്നുവരുന്നത് ഈ ദിനത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും നാളെ അല്ലാഹുവിന് മുന്നില്‍ ഞാന്‍ സാക്ഷിയായിരിക്കുന്നതും, ഇന്നത്തെ സൂര്യാസ്തമനത്തോടെ ഇനിയൊരിക്കലും മടക്കമില്ലാത്ത വിധം ഞാന്‍ നിങ്ങളില്‍ നിന്ന് മടങ്ങിപ്പോകുന്നതുമാണ'്. അതിനാല്‍ തന്റെ ഭൗതിക ജീവിതത്തില്‍ അല്ലാഹു തനിക്കു കനിഞ്ഞേകിയ നിമിഷങ്ങളോരോന്നിനും താന്‍ മറുപടി നല്‍കേണ്ടി വരുമെന്ന ബോധം ഒരു സത്യ വിശ്വാസിക്ക് സദാസമയവുമുണ്ടായിരിക്കണം. കഴിഞ്ഞു പോയ നല്ലകാലത്തെക്കുറിച്ചുള്ള അനര്‍ത്ഥമായ ആശങ്കകളും, വരാനിരിക്കുന്നതിനെക്കുറിച്ചുള്ള അമിതപ്രതീക്ഷകളുമകറ്റി ലഭ്യമായ നിമിഷങ്ങള്‍ കര്‍മ്മ ധന്യമാക്കുക എന്നതാണ് ഒരു സത്യ വിശ്വാസിക്ക് കരണീയമായിട്ടുള്ളത്. വിശ്രമരഹിതമായ കര്‍മ്മങ്ങളിലൂടെ ശരീരത്തെ രോഗാതുരമാക്കുന്നതിനെയോ, അപകടത്തിലേക്ക് സ്വയം ചെന്ന് വീഴുന്നതിനെയോ ഇസ്ലാം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ല. പ്രത്യുത സമയവിനിയോഗം ഫലപ്രദവും , വിജയകരവുമാക്കുന്നതിന് ശക്തവും, പ്രായോഗികവുമായ ചില ആസൂത്രണങ്ങള്‍ ഓരോമനുഷ്യനുമുണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. ഇസ്ലാമിന്റെ പ്രതിദിന നിര്‍ബന്ധ ശാരീരിക ബാധ്യതയായ നിസ്‌കാരത്തിന്റെ കാര്യത്തില്‍ പോലും ഈ സന്ദേശമാണ് നിറഞ്ഞു നില്‍ക്കുന്നത് എന്നു കാണാം