ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഏതൊരു കര്‍മ്മവും, അനുഷ്ടാനവും, മറ്റു മുഴുവന്‍ മത വിശ്വാസികളുടെയും കര്‍മ്മാനുഷ്ടാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാവേണ്ടതാണ്. കാരണം പ്രകടനപരതക്കും, ഉപരിപ്ലവമായ ആര്‍ഭാട പ്രദര്‍ശനത്തിനും ഒരു മുസ്ലിമിന്റെ ഹ്യദയത്തില്‍ ഒട്ടും സ്ഥാനമുണ്ടായിക്കൂടാ. വലിപ്പചെറുപ്പ ഭേദമന്യെ അവന്റെ കര്‍മ്മാനുഷ്ടാനങ്ങളിലോരോന്നിലും അവന്‍ ലക്ഷ്യമാക്കേണ്ടത് തന്റെ സ്യഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം.
ഈ ഉദ്ധേശ ശുദ്ധി മുഖമുദ്രയാകുമ്പോള്‍ മാത്രമെ അവന്റെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടൂവെന്ന് മാത്രമല്ല , ഇതിനപവാദമായി മറ്റു ഭൗതിക താല്‍പര്യങ്ങളാല്‍ കളങ്കിതനായി അവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അവന് ഗുണത്തേക്കാളുപരി ദോഷം വരുത്തിവെക്കുകയും ചെയ്യുമെന്നാണ് ഇതു സംബന്ധമായ ഇസ്ലാമിന്റെ കാഴ്ചപ്പാട്.
നൈമിഷികവും, പരിമിതവുമായ ഭൗതിക താല്‍പര്യങ്ങളെക്കാളുപരി ശാശ്വതവും അനന്ത വിശാലവുമായ പാരത്രിക ചിന്തയും ആവേശവുമാണ് കര്‍മ്മ വീഥിയില്‍ മുസ്ലിമിനെ വഴി നടത്തേണ്ടത്. അപ്പോള്‍ മാത്രമെ യതാര്‍ത്ഥ ഇസ്ലാമിന്റെ വക്താവാകാന്‍ അവന്‍ യോഗ്യനാവൂ. കാരണം വിശുദ്ധ ഖുര്‍ആനില്‍ ഒട്ടനേകമിടങ്ങളില്‍ ഒരു മുസ്ലിമിന്റെ മുഖമുദ്രയായി അല്ലാഹു പരിചയപ്പെടുത്തിയിരിക്കുന്നത് അവന്റെ കര്‍മ്മങ്ങളില്‍ അവശ്യമായും ഉണ്ടായിരിക്കേണ്ട കളങ്കരഹിതമായ ഈ ആത്മാര്‍ത്ഥതയെയാണ്. നിഷ്‌കളങ്ക ഹ്യദയത്തോടെ അല്ലാഹുവിനെ ആരാധിക്കുവാനും, നിസ്‌കാരം നിലനിര്‍ത്തുവാനും സമ്പാദ്യത്തിന്റെ നിര്‍ബന്ധ ദാനം നിര്‍വ്വഹിക്കാനുമാണ് അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നതെന്നും ഈ ഗുണങ്ങളുള്‍ക്കൊള്ളുന്ന മതം മാത്രമാണ് നേരായ മതമെന്നുമാണ് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കുന്നത്. തന്റെ വിശ്വസ്തരും, സവിശേഷമായ പരിഗണനക്കര്‍ഹരുമായ പ്രവാചകര്‍ക്കു പോലും അല്ലാഹു നല്‍കിയ സര്‍വ്വോപരി കര്‍ശനമായ താക്കീത,് തങ്ങളുടെ കര്‍മ്മങ്ങളില്‍ ആത്മാര്‍ത്ഥത കൈമുതലാക്കണമെന്നതായിരുന്നു. സത്യനിഷ്ടമായ വേദഗ്രന്ഥം നിങ്ങള്‍ക്കുഞാന്‍ അവതരിപ്പിച്ചു തന്നിരിക്കയാല്‍ ,കളങ്കരഹിതമായ ഹ്യദയത്തോടെ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കണമെന്നും, അല്ലാഹു സ്വീകരിക്കുന്നത് ആത്മാര്‍ത്ഥതയില്‍ അധിഷ്ടിതമായ കര്‍മ്മങ്ങള്‍ മാത്രമാണ് എന്നുമൊക്കെ തന്റെ പ്രവാചകരെ ഖുര്‍ആനിലൂടെ നിരന്തരം അല്ലാഹു ഉണര്‍ത്തുന്നതായി കാണാം. അതിനാല്‍ തന്നെ അല്ലാഹുവിന്റെ സ്യഷ്ടികളില്‍ ഉല്‍ക്യഷ്ടരായ പ്രവാചകരൊക്കെയും തങ്ങളുടെ ഓരോ കര്‍മ്മങ്ങളിലും ഉദ്ദശശുദ്ധിയും, നിഷ്‌കളങ്കതയും ചൊരിഞ്ഞു കിട്ടാന്‍ അല്ലാഹുവിനോട് അകമഴിഞ്ഞു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. അല്ലാഹുവിന്റെ ആത്മ മിത്രമായി ഖുര്‍ആനിലൂടെ തന്നെ വിശേഷിപ്പിക്കപ്പെട്ട ഇബ്രാഹീം നബി (അ) ന്റെയും അവിടുത്തെ ത്യാഗീവര്യനായ പുത്രന്‍ ഇസ്മായീല്‍ നബി (അ) ന്റെയുമൊക്കെ ചരിത്രങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠം ഈ ഉദ്ദേശ ശുദ്ധിക്കുവേണ്ടിയുള്ള അടങ്ങാത്ത തേട്ടങ്ങളാണ്. ഇത്തരത്തില്‍ തങ്ങളുടെ ദൈനംദിന കര്‍മ്മങ്ങളില്‍ നിഷ്‌കളങ്കത കൈമുതലാക്കിയ തന്റെ പ്രവാചകരെ ഖുര്‍ആനിലൂടെ അല്ലാഹു പ്രശംസിക്കുകയും, അവരുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്ത ഒട്ടനേകം ഉദാഹരണങ്ങളും ഖുര്‍ആനിലുണ്ട്.
മനുഷ്യ കുലത്തിന്റെ ആജന്‍മ ശത്രുവായ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് മുക്തരാവാന്‍ മനുഷ്യന് ഏറ്റവുമധികം ശക്തി പകരുന്ന ഒരു രക്ഷാകവചമാണിത്. ലോകാവസാനം വരേക്കുമുള്ള മനുഷ്യ കുലത്തെ വഴിപിഴപ്പിക്കാന്‍ ഞാന്‍ കഠിനപ്രയത്‌നം തന്നെ നടത്തുമെന്ന് അല്ലാഹുവിനോട് ശപഥം ചെയ്ത വേളയില്‍ തന്നെ, നിന്റെ അടിമകളുടെ കൂട്ടത്തില്‍ ആത്മാര്‍ത്ഥത മുറുകെ പിടിച്ചവരെ മാത്രമെ എന്റെ സ്വാധീന വലയത്തിലെത്തിക്കാന്‍ എനിക്കു സാധിക്കാതെ വരൂ എന്ന നിസ്സഹായതയും പിശാച് വെളിപ്പെടുത്തിയതായി കാണാം.
തന്റെ വാക്കുകളും പ്രവര്‍ത്തികളുമോരോന്നിലും, ദൈവീക പ്രതിഫലം മാത്രം ലക്ഷീകരിക്കുകയും, ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുണ്ടാവുന്ന അനുകൂല, പ്രതികൂല പ്രതികരണങ്ങളൊന്നും തന്നെ അലട്ടാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് മനുഷ്യന്‍ ഉയരുമ്പോള്‍ മാത്രമെ ഈ സ്വഭാവവിശേഷത്തിന്റെ സ്വാംശീകരണം മനുഷ്യന് അവകാശപ്പെടാനാവൂ.
താന്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളില്‍, പരമമായി അല്ലാഹുവിന്റെ പ്രീതിയെ ലക്ഷ്യമാക്കുന്നവന്‍ ആ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനകീയാംഗീകാരങ്ങളോ, മറ്റു പൊങ്ങച്ച പ്രകടനങ്ങളോ ഒരിക്കലും ലക്ഷ്യമാക്കിക്കൂടാ. അതിനാല്‍ തന്നെ ഇത്തരം കേവലഭൗതികതയില്‍ നിന്നു പോലും മനുഷ്യ ഹ്യദയങ്ങള്‍ അകലം പാലിച്ചു നിര്‍ത്തുന്നതിനായി സല്‍കര്‍മ്മങ്ങളില്‍ രഹസ്യ സ്വഭാവം പുലര്‍ത്താനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അന്ത്യ നാളിലെ അസഹനീയവും, ഭയാനകവുമായ വിചാരണാവേളയിലെ കൊടും താപത്തിന്റെ ഘട്ടത്തില്‍ ദൈവീക കടാക്ഷത്തിന്റെ രാജകീയ തണലാസ്വദിക്കാന്‍ അല്ലാഹു തിരഞ്ഞെടുക്കുന്ന വിശിഷ്ട വ്യക്തികളുടെ കൂട്ടത്തില്‍ നല്ലൊരു ശതമാനത്തെയും, ആ അസൂയാവഹമായ തെരഞ്ഞെടുപ്പിന് യോഗ്യരാക്കുന്നത് അവരുടെ കര്‍മ്മങ്ങളില്‍ അവര്‍ പുലര്‍ത്തിയ ഉദ്ദേശശുദ്ധിയാണെന്ന് പ്രവാചകര്‍ (സ) തങ്ങളും ഉണര്‍ത്തിയതായി കാണാം.
യുഗ പ്രഭാവരായ നമ്മുടെ മുന്‍ഗാമികളുടെ ചരിത്രം പരിശോധിക്കുമ്പോള്‍,തങ്ങളുടെ ജീവിതത്തില്‍ അവര്‍ പുലര്‍ത്തിയ നിഷ്‌കളങ്കതയും, ആത്മാര്‍ത്ഥതയുമെല്ലാം അദ്ഭുതത്തോടെ മാത്രമെ നമുക്ക് അയവിറക്കാനാവൂ. ഇസ്ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ് (റ),തന്റെ പ്രജകളില്‍പെട്ട നിരാലംബയായ ഒരു വ്യദ്ധയുടെ പരിചരണത്തില്‍ കാണിച്ച ശുശ്കാന്തിയും, താന്‍ ചെയ്യുന്ന ഈ ഉത്തരവാദിത്ത നിര്‍വ്വഹണം പരമരഹസ്യമായി സൂക്ഷിക്കാന്‍ അദ്ധേഹം കാണിച്ച വ്യഗ്രതയും ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖിതമാണ്. ആരുമറിയാതെ ഈ വ്യദ്ധയുടെ വീട്ടിലെത്തി അവരെ ആശ്വസിപ്പിക്കുകയും, അവരുടെ ആവശ്യ നിര്‍വ്വഹണങ്ങള്‍ക്ക് കൈതാങ്ങ് നല്‍കുകയും ചെയ്ത അബൂബക്കര്‍ സ്വിദ്ധീഖ് (റ) നെ സ്വകാര്യമായി പിന്തുടര്‍ന്നാണ് ഉമര്‍ (റ) അദ്ദേഹത്തിന്റെ ഈ സദുദ്യമം കണ്ടെത്തുകയും അതില്‍ തനിക്കുകൂടി ഭാഗധേയത്വം ലഭിക്കാന്‍ അബൂബക്കര്‍ (റ) വിനോട് സൗഹ്യദ മല്‍സരം നടത്തുകയും ചെയ്തത് .
ചുരുക്കത്തില്‍ നമ്മുടെ ഏതൊരു പ്രവര്‍ത്തനത്തിന്റെയും, സ്വീകാര്യതയിലും, ഫലപ്രാപ്തിയിലും സര്‍വ്വോപരിയായ സ്വാധീനം ചെലുത്തുന്നത് നമ്മുടെ ഉദ്ധേശ ശുദ്ധിയും ആത്മാര്‍ത്ഥതയും തന്നെയാണ്. അതിനാല്‍ നമ്മുടെ പ്രവര്‍ത്തനളെ പ്രകടനാത്മകതയില്‍ നിന്നും, സ്വാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്നുമകറ്റി ആത്മാര്‍ത്ഥതയും, ദൈവിക പ്രീതിയും നാം മുഖമുദ്രയാക്കുക .നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍