വെറുമൊരു ഒഴുക്കാവരുത് മനുഷ്യപ്രയാണം.നിര്‍ണിത അജണ്ടയും നിശ്ചിത സമയക്രമം പാലിച്ചും വ്യക്തത വരുത്തിയ വിശ്വാസങ്ങള്‍ക്ക് അനുസൃതവു മാവണം വിശ്വാസിയുടെ ജീവിത വ്യവഹാരങ്ങള്‍. അവന്റെ വാസത്തിന് യോഗ്യമായ വിധം പ്രകൃതിയെ സജ്ജമാക്കിയ അല്ലാഹു വിന് നന്ദി ചെയ്ത് പരലോക മോക്ഷത്തിന് വേണ്ടിയുള്ളതാവണം അവന്റെ എല്ലാ നിലപാടുകളും. ഇരുകരകള്‍ ഒതുക്കി നിയന്ത്രിച്ചതു കൊണ്ടാണ് മനോഹരമായി ഒഴുകാനാവുന്നതെന്ന് ഏത് നദിയും പറയും. ഉദ്ഭവസ്ഥാനത്തുനിന്ന് ചിതറി ത്തെറി ക്കാതെ, അലങ്കോലപ്പെടാതെ, ഒരു ദുരന്തമാവാതെ നദികളെ നിയന്ത്രിക്കുന്നത് ശക്തമായ രണ്ട് കരകളാണ്.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ സൗകര്യപൂര്‍വം മനുഷ്യര്‍ മറക്കുകയാണ്. അല്ലെങ്കില്‍ ബൗദ്ധിക വ്യായാമത്തിന് അവര്‍ അധിക സമയം ചെലവഴിക്കുന്നില്ല. നമസ്‌കാരവും വ്രതവും അതുപോലുള്ള കര്‍മങ്ങളിലെല്ലാം പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിര്‍ത്താനും ശ്രദ്ധയോടെ ജീവിക്കാനും പാഠം നല്‍കുന്നുണ്ട്.
'ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് നിങ്ങളുടെ രക്ഷിതാവ്. എന്നിട്ടവന്‍ സിംഹാസനസ്ഥനായി. അവന്‍ രാവിനെ കൊണ്ട് പകലിനെ മൂടുന്നു. അത് ധിറുതിപ്പെട്ടുകൊണ്ട് അതിനെ അന്വേഷിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെയും തന്റെ കല്‍പനക്ക് വിധേയമാക്കിയാണവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അറിയുക, സൂക്ഷിക്കലും നിയന്ത്രിക്കലും അവനു മാത്രമുള്ളതാകുന്നു. ലോക രക്ഷിതാവായ അല്ലാഹു വളരെ അനുഗ്രഹങ്ങള്‍ അധികരിച്ചവനാണ് (ഖുര്‍ആന്‍. 8:54).
മനുഷ്യമനസ്സുകളെ സൂഫിപണ്ഡിതര്‍ ആറായി പകുത്ത് പറഞ്ഞു. മൂന്നുഭാഗം നന്മയും മൂന്നുഭാഗം തിന്മയും. നന്മകളുടെ ഭാഗം വളര്‍ത്തിയെടുത്താല്‍ നല്ല മനുഷ്യനായി. അഥവാ ഒരു വിശ്വാസിയുടെ പിറവിയാണതിലൂടെ സംഭവിക്കുക.
ദൈവചിന്ത, വിജ്ഞാനവാഞ്ഛ, കാരുണ്യഭാവം ഈ മൂന്നിനങ്ങള്‍ നട്ടുമുളപ്പിക്കാനായാല്‍ ആരും സുകൃതിയായി. ആര്‍ഭാടം, ആര്‍ത്തി, ആത്മപ്രശംസ എന്നിവ നാശകാരികളാണ്. അത് മനസ്സിന്റെ ജീവന്‍കെടുത്തും. മനം മൃതമാകുമ്പോള്‍ വിശ്വാസത്തിന്റെ വെളിച്ചം കെട്ടുതുടങ്ങും. അങ്ങനെ മനം കെട്ടവരാണ് സമൂഹത്തില്‍ കുഴപ്പം വരുത്തിവെക്കുന്നത്. മനുഷ്യനെ ചിട്ടപ്പെടുത്തേണ്ടത് ഹൃദയമാണ്. ഹൃദയത്തെ ചിട്ടപ്പെടുത്തേണ്ടത് ചില മൂല്യങ്ങളാണ്.
എങ്ങോട്ടും ഒഴുകാന്‍ പാകത്തിലാകരുത് മനുഷ്യന്‍. എപ്പോഴും എല്ലാവര്‍ക്കും ഉപകരിക്കുന്നവിധം ക്രമപ്പെടുത്തിയ വിശുദ്ധനായിരി ക്കണം.കുത്തഴിഞ്ഞ പുസ്തകം പോലെയാവരുത് വിശ്വാസിയുടെ ദിനചര്യകള്‍.
ചിട്ടകള്‍ പഠിപ്പിക്കുന്നതാണ് ആരാധനാക്രമങ്ങള്‍ പോലും. ദിനേനയുള്ള നമസ്‌കാരവും വര്‍ഷത്തിലൊരിക്കല്‍ വരുന്ന നോമ്പും ഹജ്ജും. എല്ലാം നല്‍കുന്ന സന്ദേശം ചിട്ടപ്പെടുത്തിയതാവണം വിശ്വാസിയുടെ വ്യവഹാരങ്ങള്‍.