സ്വത്വബോധം

'ഭുവനങ്ങളെ സൃഷ്ടിക്കുകയും ആകാശത്തുനിന്ന് മഴപെയ്യിച്ച് അതുമൂലം നിങ്ങള്‍ക്ക് ആഹാര ത്തിനായി ചില പഴങ്ങള്‍ ഉല്‍പാദിപ്പിക്കുകയും തന്റെ കല്‍പനയനുസരിച്ച് കപ്പലുകള്‍ സമുദ്രത്തില്‍ സഞ്ചരിക്കാനായി  സ്വാധീനിച്ചുതരുകയും നദികളെ സ്വാധീന പ്പെടുത്തിത്തരുകയും ചെയ്തവനാകുന്നു അല്ലാഹു' (വി.ഖു. 14:32). മനോഹരം മാത്രമല്ലല്ലോ ഭൂമിയുടെ വര്‍ണന. വാസയോഗ്യമാണിവിടം. യുഗാന്തരങ്ങളായി മനുഷ്യര്‍ക്കിവിടെ പാര്‍ക്കാന്‍ മണ്ണുതന്നെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നു. പക്ഷേ, എത്രപേരുണ്ട്. തിരിച്ചറിവിന്റെ തീരത്ത്. 'ഇടമുറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ സൂര്യനെയും ചന്ദ്രനെയും നിങ്ങള്‍ക്ക് വഴിപ്പെടുത്തി ത്തരുകയും രാപ്പകലുകളെ കീഴ്‌പ്പെടുത്തുകയും ചെയ്തിരിക്കുന്നവനാകുന്നു അല്ലാഹു' (വി.ഖു. 15:22).
ഒരു ചെറിയ തീപ്പൊരി വീണാല്‍മതി ലോകം ചാമ്പലാവാന്‍. പക്ഷേ, ഒരിക്കലുമത് സംഭവിക്കുന്നില്ല. പ്രപഞ്ചത്തിന്റെ  മഹാസംരക്ഷണം അല്ലാഹു നിര്‍വഹിക്കുന്നു. ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാതെ സൂക്ഷ്മശാലിയായ ദൈവം മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് പാര്‍ക്കാന്‍ പാകപ്പെടുത്തുകയാണ്.
നാം ദൈനംദിനം അറിയുന്ന വാര്‍ത്തകളില്‍ സ്ഥാനംനേടിയ ആക്രമണങ്ങള്‍ വന്യജീവികളുടെ വകയല്ല. മനുഷ്യര്‍ മനുഷ്യനെ വന്യമായി ആക്രമിക്കുന്നു. പരിക്കേല്‍പിക്കുന്നു. വധിക്കുന്നു. എന്തിന് പരിമിത മതഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി ലക്ഷ്യബോധമില്ലാതെ മനുഷ്യര്‍ കാണിക്കുന്ന അവിവേകങ്ങളാണിതെല്ലാം.
മനുഷ്യരുടെ  യഥാര്‍ഥശക്തിയും അവന്റെ ജീവിതാവശ്യങ്ങളും ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുകയാണ് ഇസ്‌ലാം. റമദാന്‍ ആത്മനിഷ്ഠയിലും നിയന്ത്രണത്തിലും ഊന്നിയ ആരാധനയാണ്. അതിലൂടെ അവനിലെ അവനെ ഉത്തേജിതനാകാനും എല്ലാ കര്‍മങ്ങളുടെയും വിശുദ്ധി വീണ്ടെടുക്കാനും അവനെ പ്രാപ്തനാക്കുന്നു.
സ്രഷ്ടാവിന്റെ പൊരുത്തമാണ് തന്റെ പരമമായ ലക്ഷ്യമെന്ന തിരിച്ചറിവിലൂടെ സ്രഷ്ടാവിന് അനിഷ്ടകരമായ എല്ലാം അവന്‍ സ്വയം വര്‍ജിക്കുന്നു. അപ്പോള്‍ ഏതൊരാളും  ഉന്നതമായ മാനവികതകളും മൂല്യങ്ങളും മേളിക്കുന്ന ഉത്തമനായിത്തീരുന്നു.
വിശുദ്ധിയിലൂടെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനുള്ള മഹത്തായ അവസരമാണ് റമദാന്‍. വിശ്വാസികള്‍ അതൊരു ആഘോഷമാക്കുന്നില്ല. പരീക്ഷണാവസരമായി കണ്ട്  കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ലക്ഷ്യം കൈവരിക്കുന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ