ബദ്റില് മലക്കുകളുടെ പങ്കാളിത്തം

ബദ്റിന്റെ മണ്ണിലേക്കിറങ്ങിയ മലക്കുകള്‍ മുസ്ലിംകളോടൊപ്പം അണിചേര്‍ന്നു. പിന്നീട്, ബദ്റില്‍ നടന്നത് അവിസ്മരണീയ പോരാട്ടമാണ്. മലക്കുകളുടെ ആരവങ്ങളിലും, അദൃശ്യപ്രകടനങ്ങളിലും ‘യന്ന ശത്രുക്കള്‍ പരക്കംപാഞ്ഞുതുടങ്ങി. മലക്കുകളുടെ ആക്രമണത്തില്‍ കണക്കറ്റ ശത്രുക്കള്‍ തലയറ്റു വീണു. തന്നോടു പോരാടുന്ന ശത്രു, അസാധാരണമാം വിധം കഴുത്തറ്റുവീഴുന്നത് മുസ്ലിം പോരാളി നോക്കിനിന്നു! മുസ്ലിമിനു വേണ്ടി മലക്ക് ശത്രുവിനെ വധിക്കുകയായിരുന്നു!

അല്ലാഹുവിന്റെ സംഘടിത സൈന്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മക്കാ സൈന്യം പൂര്‍ണ്ണമായി ബദ്ര്‍മൈതാനം വിട്ടോടി! മുസ്ലിംകള്‍ അവരില്‍പ്പലരെയും പിന്തുടര്‍ന്നു പിടിച്ചു, ബന്ധനസ്ഥരാക്കി. അപ്പോഴേക്കും മക്കക്കാരിലെ പ്രമുഖരടക്കം എഴുപതോളമാളുകള്‍ കൊല്ലപ്പെട്ടിരുന്നു. നാനൂറോളം മക്കക്കാരെ മുസ്ലിംകള്‍ ബന്ധനസ്ഥരാക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് 313 മനുഷ്യപ്പോരാളികളും മലക്കുകളുമാണ്.

മുസ്ലിംകളില്‍ പതിമൂന്നു പേര്‍ ബദ്റിലും, പരുക്കു പറ്റിയ ഒരാള്‍ യാത്രാമദ്ധ്യേയും ശഹീദായി. ഈ പതിനാലു പേരുടെ പേരുകള്‍ വലിയൊരു സിമന്റ് ഫലകത്തിലെഴുതി ബദ്ര്‍ മൈതാനത്തിന്റെ ഗൈറ്റിനരികെ സ്ഥാപിച്ചിരിക്കുന്നത് ബദ്റില്‍ ചെല്ലുന്നവര്‍ക്കു കാണാന്‍ കഴിയുന്നതാണ്.

റസൂല്‍(റ) പറഞ്ഞപോലെ മക്കയുടെ കരുത്തിന്റെ കഷ്ണങ്ങളെല്ലാം ബദ്റിന്റെ മണ്ണില്‍ മരിച്ചുവീണു! മക്കക്കാര്‍ ഇട്ടെറിഞ്ഞുപോയ ഈ പ്രമുഖരുടെ മൃതദേഹങ്ങള്‍ റസൂല്‍(റ)യുടെ നിര്‍ദ്ദേശപ്രകാരം ബദ്ര്‍ മൈതാനിയിലുണ്ടായിരുന്ന ഒരു പഴയ കിണറിലിട്ട് മൂടുകയാണുണ്ടായത്.

മക്കക്കാര്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങളാണു ബദ്ര്‍ യുദ്ധം വരുത്തിവെച്ചത്. അതില്‍ പ്രധാനം പ്രമുഖരുടെ വധം തന്നെ. റസൂല്‍(റ) “എന്റെ ഫിര്‍ഔന്‍’ എന്നു വിശേഷിപ്പിച്ച അബൂജഹ്ലും അതിലുള്‍പ്പെട്ടു. ബദ്ര്‍ യുദ്ധത്തിനു തന്നെ കാരണക്കാരനായ ഈ അഹങ്കാരിയെ, ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നിലയില്‍ അബ്ദുല്ലാഹിബ്നു ഉമര്‍(റ) ബദ്ര്‍ മൈതാനിയില്‍ വളരെക്കാലങ്ങള്‍ക്കു ശേഷം കണ്ടതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. യഥാര്‍ത്ഥ മുഅ്മിനീങ്ങള്‍ ഇപ്പോഴും ആ കാഴ്ച ബദ്റില്‍ കാണുന്നുണ്ടാകാം.

പ്രഗത്ഭരില്‍ പലരുടെയും തിരോധാനം കാരണം മക്ക അക്ഷരാര്‍ത്ഥത്തില്‍ അനാഥമായതു പോലെയായി! യുദ്ധഫലം അബൂസുഫ്യാനെ അങ്ങേയറ്റം വേദനിപ്പിച്ചു. ഈ വന്‍നഷ്ടത്തിനു പകരംചോദിക്കാതെ താന്‍ തലയില്‍ വെള്ളമൊഴിക്കുകയില്ല എന്ന് അബൂസുഫ്യാന്‍ ശപഥം ചെയ്തു! മാസങ്ങളോളം മക്കയില്‍, ശ്മശാനമൂകത തളംകെട്ടിനിന്നു!
ബദ്റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്െടന്നും ജിബ്രീല്‍(അ) അറിയിച്ചു. വാനലോകത്തും, ‘ൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മനുഷ്യസമൂഹം മുഹമ്മദ് നബി(സ)യോട് കടപ്പെട്ടിരിക്കുന്ന പോലെ, മുസ്ലിം സമുദായം മുഴുവന്‍, ബദ്ര്‍ പോരാളികളോട് കടപ്പെട്ടിരിക്കുന്നു. അവരോടുള്ള ആദരവ്, സ്നേഹം, എല്ലാംതന്നെ അല്ലാഹുവിലേക്ക് നമുക്കുള്ള വസീലയാണ്; സംശയമില്ല. അന്തരിച്ച മഹാഗുരു ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ (ന:മ:) ബദ്ര്‍ പോരാളികളുടെ നാമം പതിവായി സ്മരിക്കുകയും, വസീല തേടുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണുന്നുണ്ട്.