വിവാദകേശം വ്യാജം തന്നെ - കാളമ്പാടി മുഹമ്മദ് മുസ്ലിയാര്

മലപ്പുറം: പ്രവാചകന്‍േറതെന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന വിവാദകേശം വ്യാജംതന്നെയാണെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ . എസ്.കെ.എസ്.എസ്.എഫ്  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദര്‍ശ വിശദീകരണ സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ് സമസ്ത പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ കേശത്തെക്കുറിച്ച് സമസ്ത മുശാവറയുടെ തീരുമാനം ജനങ്ങളെ അറിയിച്ചതാണിതെന്നും തന്റെയും സമസ്തയുടെയും മറ്റ് പണ്ഡിതന്മാരുടെയും അഭിപ്രായം ഇതുതന്നെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അസത്യമാണെന്നും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശമീര്‍ ഫൈസി ഒടമല സ്വാഗതവും ജില്ലാസെക്രട്ടറി റഫീഖ് അഹമദ് തിരൂര്‍ നന്ദിയും പറഞ്ഞു.