നബിയുടേതെന്നു പറയപ്പെടുന്ന പാനപാത്രം വിവാദമാകുന്നു

കോഴിക്കോട്: നബി തിരുമേനി ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന പാനപ്പാത്രം കാന്തപൂരം അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. കാന്തപുരം വിഭാഗം എസ്.വൈ.എസ്. അന്താരാഷ്ട്ര മീലാദ് സമ്മേളനവേദിയിലാണ് ഡോ. അഹമ്മദ് മുഹമ്മദ് ഖസ്‌റജി നബി തിരുമേനിയുടേതെന്ന് പറയപ്പെടുന്ന പാനപാത്രവും കാന്തപുരത്തിന് സമര്‍പ്പിച്ചത്. നേരത്തെ വിവാദമായ കേശവും കൈമാറിയത്‌ ഇദ്ദേഹം തന്നെയായിരുന്നു. നബി തങ്ങള്‍ വെള്ളം കുടിക്കാ‍ന്‍ ഉപയോഗിച്ചിരുന്ന പാത്രമാണ് താ‍ന്‍ കൈമാറുന്നതെന്നും പ്രവാചകന്റെ തിരുശേഷിപ്പും ഉപയോഗിച്ച വസ്തുക്കളും ദര്‍ശിക്കുന്നത് സുകൃതമാണെന്നും പാനപാത്രം കൈമാറിയ ഖസ്റജി പറഞ്ഞു. തിരുശേഷിപ്പുക‍ള്‍ മക്ക, മദീന, തുര്‍ക്കി എന്നിവിടങ്ങളി‍ല്‍ ഉണ്ട്. അനേകം വിശ്വാസികള്‍ ഇത് ദര്‍ശിക്കുകയും പുണ്യം കരസ്ഥമാക്കുകയം ചെയ്ചാറുണ്ട്. അത്തരം തിരുശേഷിപ്പുകളിലൊന്നാണ് താന്‍ സൂക്ഷിച്ചു വരുന്ന പാനപാത്രമെന്നും ഇന്ത്യയിലെ വിശ്വാസികള്‍ക്കുള്ള തന്‍റെ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേരത്തെ കൈമാറിയ കേശത്തെ പോലെ തന്നെ ആധികാരിക രേഖകള്‍ ഒന്നുമില്ലാത്തതാണ് പാനപാത്രവുമെന്ന ആരോപണം ശക്തമാണ്. ഈ പാത്രം നബി തങ്ങ‍ള്‍ ഉപയോഗിച്ചതാണെന്നതിന് ഇതുവരെ തെളിവുകളൊന്നുംപരസ്യമാക്കിയിട്ടില്ല. വിവാദ കേശത്തിന്‍റെ ആധികാരികത തെളിക്കാ‍ന്‍ നാലു വര്‍ഷമായി സാധിച്ചില്ലെന്നിരിക്കെ പാത്രത്തിന്‍റെ വിഷയത്തിലും ഈ മലക്കംമറിച്ചില്‍ സംഭവിക്കുമെന്നാണ് ആരോപണം.

നേരത്തെ, കേശത്തിന്റെ പേരി‍ല്‍ വന്‍വിവാദങ്ങളാണ് കേരള മുസ്‍ലിംകള്‍‌ക്കിടയിലുണ്ടായത്. ആധികാരികത തെളിയിക്കാന്‍ ആവശ്യമായ സനദോ (കൈമാറ്റ പരമ്പര) മറ്റ് തെളിവുകളോ ലഭ്യമാക്കാ‍ന്‍ സാധിക്കാതെ വന്നതിനെതുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനക‍ള്‍ കേശത്തിനെതിരെ രംഗത്തു വന്നു. തിരുകേശം സൂക്ഷിക്കാനായി നാല്പത് കോടിയുടെ പള്ളി പണിയുകയെന്ന തീരുമാനത്തില്‍ നിന്ന് ഇതു മൂലം കാന്തപുരം പിറകോട്ട് പോയിരുന്നു. തിരുകേശം എന്ന പള്ളിയില്ലെന്നും അതിന് വേണ്ടി പണം പിരിച്ചിട്ടില്ലെന്നും അത് തങ്ങളുടെ കീഴിലെ ഏതെങ്കിലും പള്ളിയില്‍ സൂക്ഷിക്കുമെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മാതൃഭൂമി ആഴചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുറപടി പറഞ്ഞത്.