മക്കയില്‍ തിരക്ക് തുടങ്ങി..

മക്ക: മക്കയില്‍നിന്ന് മദീനയിലേക്കുള്ള സന്ദര്‍ശക പ്രവാഹം നിന്നതോടെ മക്കയില്‍ തിരക്ക് വര്‍ധിക്കാന്‍ തുടങ്ങി. ഹജ്ജിന്റെ മുന്നോടിയായി ഇന്നലെ മുതല്‍ മദീനയിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ വിവിധ രാജ്യക്കാരായ ആളുകളുടെ മദീന സന്ദര്‍ശനം ഇനി ഹജ്ജിന് ശേഷമായിരിക്കും. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടു ണ്ടെങ്കിലും മസ്ജിദുല്‍ ഹറാമില്‍ ഈ കുറവ് അനുഭവുപ്പെടുന്നില്ല. മതാഫിലെന്നപോലെ ഹറമിലും എല്ലാ സമയത്തും തിരക്കാണ്. ബാബുല്‍ഉംറയുടെയും ബാബുല്‍ ഫതഹിന്റെയും ഭാഗങ്ങള്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം മറ്റിടങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് പലപ്പോഴും കാണുന്നത്.
ഹറമിലും മതാഫിലും തിരക്കൊഴിഞ്ഞ സമയം വളരെകുറവാണ്. നട്ടുച്ച സമയത്ത് തിരക്കിന് അല്‍പം ശമനമൊഴിച്ചാല്‍ മറ്റു സമയങ്ങളിലെല്ലാം തിരക്കുതന്നെ. മഗ്‌രിബ്, ഇശാ നിസ്‌കാര സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ പലപ്പോഴും തീര്‍ഥാടകരെ നിയന്ത്രിച്ചാണ് ഹറമിലേക്ക് കടത്തിവിടുന്നത്. മുന്‍വര്‍ഷം ഇതേസമയത്ത് ചൂടിന് അല്‍പം ആശ്വാസമായിരുന്നുവെങ്കിലും ഈ വര്‍ഷം ചൂടിന്റെ കാഠിന്യം വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം രാത്രി സമയ ങ്ങളിലാണ് തീര്‍ഥാടകര്‍ ഏറെപേരും ഉംറയും ത്വവാഫും ചെയ്യുന്നത്. വിപുലീകരണ പ്രവര്‍ത്തനം മൂലം ബാബുല്‍ ഫത്ഹും ഉംറയും അടച്ചതിനാല്‍ മറ്റു കവാടങ്ങളില്‍ തിരക്കേറി. അബ്ദുല്‍ അസീസ് കവാടത്തിലൂടെയും ഫഹദ് കവാടത്തിലൂടെയുമാണ് ഏറെപേരുടെയും സഞ്ചാരം. ബാബുല്‍ ഫത്ഹിലെയും ഉംറയിലെയും സൗകര്യം പരിമിതമായതിനാല്‍ മറ്റിടങ്ങളിലും പതിന്മടങ്ങ് വര്‍ധിച്ചു. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളും ഫഹദ് കവാടത്തിന്റെ ഭാഗത്തേക്ക് ചേര്‍ത്തിരിക്കുകയാണ്.