'സുപ്രഭാതം'വാര്‍ത്ത കെട്ടിച്ചമച്ചത്; പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു: ചെയര്‍മാന്‍

കോഴിക്കോട്: സുപ്രഭാതം ദിനപത്രം മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലിക മായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു. സുപ്രഭാതം ദിനപത്രം ആര്‍ക്കെങ്കിലും ബദലോ, സമാന്തരമോ അല്ല. ഒന്നര പതിറ്റാണ്ടുനീണ്ട വിചിന്തനങ്ങള്‍ക്കൊടുവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ തീരുമാനിച്ചതനുസരിച്ചാണ് സുപ്രഭാതം രജിസ്‌ത്രേഷന്‍ സംബന്ധിച്ച് ഇഖ്‌റഅ് പബ്ലിക്കേഷന്‍ രൂപീകരിച്ചതും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും.  പത്രത്തിന്റെ പ്രസിദ്ധീകരണ വുമായി സംഘടന സജീവമായി മുന്നോട്ടു നീങ്ങുകയാണ്. സാങ്കേതികവും, അടിസ്ഥാന സൗകര്യപരവും, സാമ്പത്തികവുമായ ക്രീമകരണങ്ങള്‍ നടന്നുവരികയാണ്. ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം അറിയിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ‘സുപ്രഭാതം’ പത്രം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം-മത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് മുഖപത്രം വേണമെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. ഇതിനായി പലഘട്ടങ്ങളിലും കൂടിയാലോചനകളും പദ്ധതിയും ആവിഷ്കരിച്ചിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമായിരുന്നില്ല. അടുത്ത നവംബര്‍ ഒന്നിനെങ്കിലും പത്രം യാഥാര്‍ഥ്യമാക്കലാണ് ലക്ഷ്യം. ഓണ്‍ലൈന്‍ എഡിഷനും ഇതോടൊപ്പം ആരംഭിക്കും. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട്, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരാണ് പത്രത്തിനായി മുന്‍പന്തിയിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന് തുടക്കത്തില്‍ മൂന്ന് എഡിഷനുകളാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരിക്കും. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്തയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രസ് ഇതിനായി വിപുലീകരിക്കുന്നുണ്ട് . സംഘടനാ വാര്‍ത്തകളും നിലപാടുകളും അറിയിക്കുന്നതോടൊപ്പം പൊതു പത്രമായാണ് ‘സുപ്രഭാതം’ പുറത്തിറക്കുന്നത്.