സുപ്രഭാതം : കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത് - നേതാക്കള്‍

കോഴിക്കോട്: വിവാദ കേശം വ്യാജമാണെന്ന യാഥാര്‍ത്ഥ്യം സ്വന്തം പാളയത്തിലുള്ളവര്‍ പോലും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ആസന്നമായ പിളര്‍പ്പില്‍ നിന്നും മുഖം രക്ഷിക്കാനും പൊന്മള ഗ്രൂപ്പിനെ പ്രതിരോധിക്കാനും മുടി ഗ്രൂപ്പ്‌ കൊണ്ടു പിടിച്ച ശ്രമങ്ങളാരംഭിച്ചു. ഭൂരിപക്ഷം പ്രവര്‍ത്തകരും മുടി വ്യാജമാണെന്ന്‌ തിരിച്ചറിഞ്ഞവരും പൊന്മള  ഗ്രൂപ്പിനൊപ്പവുമാണെന്നതിനാല്‍ വ്യാപകമായ മുടി ചര്‍ച്ചകള്‍ ഓണ്‍ലൈനിലും മറ്റും നടക്കാതിരിക്കാനും വിഷയം വഴി തിരിച്ചു വിടാനുമുള്ള നീക്ക മാണിപ്പോള്‍ കാന്തപുരത്തെ പിന്തുണക്കുന്ന മുടിഗ്രൂപ്പുകാര്‍ നടത്തുന്നത്‌. ഇതിന്റെ ഭാഗമായി ചില പത്ര സ്ഥാപനങ്ങളെ കൂട്ടു പിടിച്ച്‌ സമസ്‌ത പുറത്തിറക്കാനിരിക്കുന്ന സുപ്രഭാതം ദിനപത്രത്തിനെതിരെ യാണിപ്പോള്‍ മുടി ഗ്രൂപ്പ്‌ കുപ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരി ക്കില്ലെന്ന്‌ സമസ്‌ത തീരുമാനിച്ചെന്നും ചന്ദ്രികയുടെ നിര്‍ബന്ധത്തിന്‌ നേതാക്കള്‍ വഴങ്ങിയെന്നുമുള്ള വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ്‌ ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്‌. തുടര്‍ന്ന്‌ അവ മറ്റു മാധ്യമങ്ങള്‍ക്ക്‌ കൈമാറി കുപ്രചരണം തുടരാനായിരുന്നു ഉദ്ധേശ മെങ്കിലും വ്യാജവാര്‍ത്തയെ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തകരുടെ കമന്റുകളും പ്രതികരണങ്ങളും വര്‍ദ്ധിച്ചതോടെ ശ്രമം ചീറ്റി പോകുകയായിരുന്നു. വ്യാജ വാര്‍ത്തയെ കുറിച്ച്‌ കേട്ടറിഞ്ഞ നേതാക്കള്‍ യാഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ ഉടനെ ഓണ്‍ലൈനിലെത്തിയതും കുപ്രചാരകര്‍ക്ക്‌ തിരിച്ചടിയായി. സുപ്രഭാതം ജന.കണ്‍വീനര്‍ കൂടിയായ ഉസ്‌താദ്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവും SKSSF സംസ്ഥാന ജന.സെക്രട്ടറി ഉസ്‌താദ്‌ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുമാണ്‌ വിശദീകരണ വുമായി കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമിലെത്തിയത്‌.(സാങ്കേതിക തകരാര്‍ മൂലം അബ്‌ദുല്‍ ഹമീദ്‌ ഫൈസിയുടെ പ്രതികരണം യഥാസമയം കേള്‍പ്പിക്കാനായില്ലെങ്കിലും തുടര്‍ന്നുള്ള ചര്‍ച്ച കള്‍ക്കിടയില്‍ അദ്ധേഹവും ക്ലാസ്‌റൂമിലെത്തും). കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രതികരണവുമായി ഓണ്‍ലൈനിലെത്തിയ ഉസ്‌താദ്‌ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വിഘടിതരുടെ ഹിഡന്‍ അജണ്ടകളും വസ്‌തുതകളും തുറന്നടിച്ചു സംസാരിച്ചു.
 ``നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ പത്രം ഇറങ്ങും. എങ്കിലും ഒരു ദിന പത്രമാരംഭിക്കുമ്പോള്‍ ചെയ്‌തു തീര്‍ക്കേണ്ട നിരവധി സജ്ജീകരണങ്ങളുണ്ട്‌. അതിനാല്‍  നിശ്ചിത സമയത്ത്‌ ഒരു പക്ഷേ ആരംഭിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ഉടനെ പത്രം ആരംഭിക്കാനും തുടരാനും തന്നെയാണ്‌ സമസ്‌തയുടെ തീരുമാനം. മറിച്ചുള്ള കുപ്രചരണങ്ങളില്‍ ആരും വഞ്ചിതരാകരുത്‌. അദ്ധേഹം പറഞ്ഞു. സുപ്രഭാതം പത്രത്തിന്റെ കാര്യത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ സമസ്‌ത നേതാക്കളോ പ്രവര്‍ത്തകരോ തമ്മില്‍ ഒരു അഭിപ്രായ വിത്യാസവുമില്ല. പത്രം ആരംഭിക്കുന്നത്‌ ചന്ദ്രികക്ക്‌ തിരിച്ചടി നല്‍കാനാണെന്ന പ്രചരണവും ശരിയല്ല. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച്‌ പത്രത്തിന്റെ പ്രചാരണവും പുരോഗതിയും വിലയിരുത്താനും ഭാവി പദ്ധതികളാലോചിക്കാനുമുള്ള കമ്മറ്റിയുടെ യോഗവും ഇന്ന്‌ നടക്കുന്നുണ്ട്‌. ഇത്‌ പത്രം നിര്‍ത്തി വെക്കാനല്ലെന്നും മറിച്ച്‌ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണെന്നും അന്തരിച്ച പി.പി. ഉസ്‌താദിനു പകരം കണ്‍വീനര്‍ സ്ഥാനത്തേക്ക്‌ ബഹു. ഹമീദ്‌ ഫൈസിയെ നിയമിച്ചിട്ടുണ്ടെന്നും അദ്ധേഹം അറിയിച്ചു. അതേ സമയം വിഘടിതരുടെ കുപ്രചരണങ്ങള്‍ പത്ര പ്രചരണത്തിന്‌ കൂടുതല്‍ ആക്കം കൂട്ടുമെന്നാണ്‌ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ വിലയിരുത്തല്‍.