കാന്തപുരത്തിന് സര്‍ക്കാര്‍ ഒത്താശ: സുന്നി കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന തല കാമ്പയിന്‍ ഉദ്ഘാടനം സെപ്തംബര്‍ 26 ന് കോഴിക്കോട്ട്

കോഴിക്കോട്: ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തില്‍ ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തോട് പക്ഷപാതപരമായ സമീപനം സ്വീകരിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമസ്തയുടെ പല മഹല്ലുകളിലും മദ്രസകളിലും കാന്തപുരം വിഭാഗം ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പൊലീസ് അവര്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും ചെയ്യുക യുമാണ്.  സമസ്തയുടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി ച്ചാര്‍ജ്ജും ഗ്രനേഡ് അക്രമണവും നടത്തുകയും വ്യാപകമായി കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലുള്ള സമീപനം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാനും പ്രവര്‍ത്തകരെ സമര സജ്ജരാക്കാനുമായി സുന്നി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ നടത്തും. സെപ്തംബര്‍ 26 ന് വൈകീട്ട് 4 മണിക്ക് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് നടക്കും. കാസര്‍ക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് സമസ്തയുടെ കീഴിലുള്ള മഹല്ലിലെ കുടുംബങ്ങള്‍ക്ക് നേരെ അക്രമവും അറസ്റ്റും വര്‍ദ്ധിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആഭ്യന്തര വകുപ്പുമാണ് ഇതിനു പിന്നില്‍. ലീഗിലെ ചിലരുടെ സമവായ സമീപനം ഇവര്‍ക്ക് കരുത്തു പകരുന്നുണ്ടെന്നും ഹമീദ് ഫൈസി പറഞ്ഞു. പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൊണ്ട് വന്ന മുടികള്‍ വ്യാജമാണെന്ന് മനസ്സിലാക്കി സംഘടനയിലെ പ്രമുഖര്‍ ഉള്‍പ്പെടെ പലരും മുടിക്കെതിരെ രംഗത്ത് വന്നത് കള്ളമാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിലെ പ്രമുഖ പണ്ഡിതന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പേരില്‍ മുടി വ്യാജമാണെന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതുവരെ നിഷേധിക്ക പ്പെട്ടിട്ടില്ല. വ്യജമാണെന്നും തങ്ങള്‍ക്കതില്‍ വിശ്വാസമില്ലന്നും തുറന്ന് പറയുന്ന കാന്തപുരം വിഭാഗത്തിലെ മറ്റ് പലരുടെയും ഓഡിയോ വീഡിയോ ക്ലിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. മുടി ആധികാരികമാക്കാന്‍ ഉണ്ടാക്കിയ സനദ് (കൈമാറ്റ പരമ്പര), തങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അതിന് നേതൃത്വം നല്‍കിയ കാന്തപുരത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ ന്യൂസിലാന്റില്‍ ജോലി ചെയ്ത് വരികയും ചെയ്യുന്ന സഖാഫി സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. മുടി കൈമാറിയ മുംബൈയിലെ ഇഖ്ബാല്‍ജാലിയ വാലയില്‍ നിന്നും 18 മുടികള്‍ കൊണ്ടു വന്ന് പരീക്ഷിച്ച് വ്യാജമാണെന്ന് ഉറപ്പു വരുത്തിയതായി സംഘടനയുടെ ഇന്റര്‍നെറ്റ് ക്ലാസ് റൂമിലെ അവതാരകന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു.


മുടി ന്യായീകരിച്ചുകൊണ്ട് പ്രസംഗിക്കാനോ എഴുതാനോ പ്രചാരണപ്രവര്‍ത്തനം നടത്താനോ പാടില്ല, വിവാദമാകാത്തവിധം ഘട്ടം ഘട്ടമായി മുടി പ്രദര്‍ശനം അവസാനിപ്പിക്കണം, പള്ളിയുടെ പേര് 'ശഅ്‌റ് മുബാറക്ക്' (അനുഗൃഹീത കേശപ്പള്ളി) എന്നപേര് മാറ്റി മസ്ജിദുല്‍ ആസാര്‍ (പുരാവസ്തു പള്ളി) എന്നാക്കി മാറ്റണം എന്നീ തീരുമാനങ്ങള്‍ ഉണ്ടായി എന്ന വെളിപ്പെടുത്തലിലൂടെ സംഘടനയിലെ ചിലരെ പുറത്താക്കിയെങ്കിലും പ്രശ്‌നം അവസാനി ക്കുന്നില്ലെന്നും തെളിഞ്ഞിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ പള്ളി നിര്‍മ്മാണമോ ടൗണ്‍ ഷിപ്പ് നിര്‍മ്മാണമോ നടക്കാന്‍ ഇടയില്ല. മുമ്പ് ഇവിടെ നടത്തിയ എല്ലാ ഷെയര്‍ ബിസിനസ്സുകളും പൊളിഞ്ഞതിനാല്‍ പള്ളിക്കു സംഭാവന നല്‍കിയ 40 കോടിയും ടൗണ്‍ ഷിപ്പിന് ഷെയര്‍ നല്‍കിയ പ്രഥമ ഗഢുവും നഷ്ടപ്പെട്ടു പോവാതിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഹമീദ് ഫൈസി ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമര്‍ഫൈസി മുക്കം, സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സംബന്ധിച്ചു.