പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്: ഒരുക്കങ്ങള് പൂര്ത്തിയാകുന്നു.

മലപ്പുറം: പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ നടക്കുന്ന സമ്പൂര്‍ണ്ണ ഹജ്ജ് പഠന ക്യാമ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.ജൂലായ് 14,15 തീയതികളിലാണ് ക്യാമ്പ്. കേന്ദ്രമന്ത്രി ഇ.അഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിശുദ്ധ കര്‍മ്മത്തിന് വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുളള കര്‍മ്മങ്ങളുടെ വിശദ പഠനവും പ്രായോഗിക പരിശീലനവും ദ്വിദിന ക്യാമ്പില്‍ നല്‍കും. ആരാധനകള്‍,യാത്രയുടെ ആത്മീയത, പുണ്യസ്ഥലങ്ങള്‍, ജീവിത ശുദ്ധി,ത്യാഗം,സമര്‍പ്പണം എന്നീ വിഷയങ്ങള്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ക്യാമ്പില്‍ അവതരിപ്പിക്കും.


കാലവര്‍ഷം പരിഗണിച്ച് വിശാലമായ പന്തലിന്റെ പണി പൂര്‍ത്തിയായി വരികയാണ്.വിദൂര സ്ഥലങ്ങളില്‍ നിന്ന് ക്യാമ്പില്‍ എത്തുന്നവര്‍ക്കായി താമസ സൗകര്യം, പങ്കെടുക്കുന്നവര്‍ക്കെല്ലാം ഭക്ഷണം, മെഡിക്കല്‍ ക്യാമ്പ്, ദേശീയപാതയില്‍ നിന്ന് ക്യാമ്പിലേക്ക് വാഹനസൗകര്യം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.ക്യാമ്പിന്റെ ഭാഗമായി 13 ന് 2ന് ക്യാമ്പ് സെറ്റും ഖിലാഫത്ത് സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് അവസരം നല്‍കും.