മുസ്‌ലിം ഉമ്മത്ത് ഒന്നിന് ശേഷം മറ്റൊന്ന് എന്ന നിലക്ക് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിരന്തരമായി പീഢനങ്ങളേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്നു. ഇറാഖ്, അഫ്ഗാന്‍, സിറിയ, മ്യാന്‍മാര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇത് പതിവായിരിക്കുകയാണ്. ചരിത്രത്തില്‍ ഇത്തരമൊരു ഏടിലാണ് മ്യാന്‍മാറിലെ അറാകാന്‍ ജില്ലയുടെയും സ്ഥാനം. എഴുപതോളം ശതമാനം റോഹിങ്കാ മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലമാണത്. ഏകദേശം നാല് മില്യനാണ് അവിടത്തെ ആകെയുള്ള ജനസംഖ്യ. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ബംഗ്ലാദേശിനോടും, പടിഞ്ഞാറ് ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോടും ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണത്. അറബിയും റോഹിങ്കയുമാണ് അവിടത്തെ ഔദ്യോഗിക ഭാഷകള്‍.
ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ മ്യാന്‍മാറില്‍ മുസ്ലിംകള്‍ എത്തിയിട്ടുണ്ട്. അറബ് കച്ചവടക്കാരിലൂടെ അറാകാനിലേക്കായിരുന്നു അവരുടെ വരവ്. പ്രമഖു സഹാബിയായിരുന്ന സഅ്ദ് ബിന്‍ അബീ വഖാസിന്റെയും കുറച്ച് താബിഉകളുടെയും നേതൃത്വത്തിലാണ് അവിടെ ഇസ്ലാം എത്തുന്നത്. കച്ചവടത്തിന് വേണ്ടി അറബികള്‍ വിദൂര രാഷ്ട്രങ്ങള്‍ സദര്‍ശിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു യാത്രയില്‍ ഒരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് അവരുടെ കപ്പല്‍ തകര്‍ന്നു. അറാകാനോട് ചേര്‍ന്ന ഭാഗത്തായിരുന്നു സംഭവം. സ്വാഭാവികമായും അവര്‍ അവിടെ അഭയം തേടി. അവിടെയുള്ളവരുടെ മക്കളെ വിവാഹം കഴിച്ചു അവരവിടെ സ്ഥിരതാമസമാക്കി.
പ്രവാചകന്‍ തിരുമേനിയുടെ വചനം അവര്‍ ഏറ്റെടുത്തു. ഇസ്ലാമിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിക്കാന്‍ തങ്ങളുടെ പുതിയ കേന്ദ്രത്തില്‍ അവര്‍ അശ്രാന്തപരിശ്രമം നടത്തി. യുക്തിദീക്ഷയോടും, സദുപദേശത്തോടും കൂടി അവര്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. അറാകാന്‍ ദേശക്കാരാവട്ടെ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് വന്നു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും അവിടേക്ക് പ്രബോധകരെത്തി. ദിനംപ്രതി മുസ്‌ലിംകളുടെ എണ്ണം വര്‍ദ്ധിച്ചു. 1430ല്‍ അറാകാനില്‍ മുസ്‌ലിംകള്‍ സുലൈമാന്‍ ശായുടെ നേതൃത്വത്തില്‍ ഇസ്ലാമിക രാഷ്ട്രം തന്നെ നിര്‍മിച്ചു. മൂന്നര നൂറ്റാണ്ടോളം ഇസ്ലാമിക ഭരണം അവിടെ നിലനിന്നു. 1784ല്‍ ബുദ്ധന്‍മാരുടെ ആക്രമണത്തോടെയാണ് ആ ഭരണം നിലം പതിച്ചത്.
ഇപ്രകാരമാണ് ഇസ്‌ലാം മ്യാന്‍മാറില്‍ വ്യാപിച്ചത്. ഇപ്പോള്‍ ആകെയുള്ള 50 മില്യന്‍ ജനസംഖ്യയില്‍ അവിടെ പത്ത് മില്യന്‍ മുസ്‌ലികംളാണ് ഉള്ളത്. അതായത് 20%ത്തോളം വരുമത്. അവയില്‍ തന്നെ നാല് മില്യന്‍ മുസ്‌ലിംകളും അറാകാനിലാണ്. അവരില്‍ ഒരു മില്യനോളം ജനങ്ങള്‍ നാട്കടത്തപ്പെട്ടവരും അഭയാര്‍ത്ഥികളുമായി പല രാഷ്ട്രങ്ങള്‍ ജീവിക്കുന്നുവെന്നാണ് കണക്ക്.
1784ല്‍ ഇസ്‌ലാമിക ഭരണത്തിന്റെ മേല്‍ അധികാരം സ്ഥാപിച്ചതോടെ ബുദ്ധന്മാര്‍ മുസ്‌ലിംകളുടെ കഥകഴിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 1824ല്‍ ബ്രിട്ടന്‍ അധിനിവേശം നടത്തിയതോടെ അവരുടെ അധികാരം നഷ്ടപ്പെട്ടു. ഒടുവില്‍ 1938ലാണ് മ്യാന്‍മറിന് സ്വയംഭരണം ലഭിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മ്യാന്‍മര്‍ ആദ്യമായി ചെയ്തത് മുസ്‌ലിംകളെ കൊല്ലുകയും നാടുകടത്തുകയുമായിരുന്നു. അതിനേതുടര്‍ന്ന് അമ്പതിനായിരത്തോളം മുസ്‌ലിംകള്‍ പലായനം ചെയ്യുകയുണ്ടായി.
1942ല്‍ ബുദ്ധന്‍മാര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണയോടെ തെക്കന്‍ അറാകാനില്‍ മുസ്‌ലിം കൂട്ടക്കൊല നടത്തി. ഒരു ലക്ഷത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. മ്യാന്‍മാറിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ബുദ്ധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു സ്വാതന്ത്ര്യാനന്തരം അരങ്ങേറിയത്.
വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ പദ്ധതി വിജയിച്ചു. പക്ഷെ മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രം അവരുടെ ആസൂത്രണം പരാജയപ്പെടുകയായിരുന്നു. ഒരു മുസ്‌ലിം പോലും തന്റെ മതമുപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നില്ല. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ബുദ്ധന്‍മാര്‍ തങ്ങളുടെ നിലപാട് മാറ്റി. ബുദ്ധവല്‍ക്കരണത്തില്‍ നിന്നും വംശഹത്യയിലേക്ക് അവര്‍ അഭയം തേടി. കൊന്നും, കൊലവിളിച്ചും, കൊള്ളയടിച്ചും, നാട് കടത്തിയും മ്യാന്‍മറില്‍ നിന്നും മുസ്ലിംകളുടെ അടിവേരറുക്കുക എന്നതായിരുന്നു പ്രസ്തുത നയം.
1962ല്‍ സൈന്യം ഭരണത്തിന്‍മേല്‍ പിടിമുറുക്കിയപ്പോള്‍ പീഢനം ശക്തമായി. 1978ല്‍ മൂന്ന് ലക്ഷത്തോളം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാട്കടത്തി. 1824ന് ശേഷം മ്യാന്‍മറില്‍ വന്നവരാണെന്ന ന്യായം പറഞ്ഞ് 1982ല്‍ മുസ്‌ലിംകളുടെ പൗരത്വം റദ്ദ് ചെയ്തു. 1992ല്‍ വീണ്ടും മൂന്ന് ലക്ഷത്തോളം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാട് കടത്തി.
ഇപ്രകാരം ബംഗ്ലാദേശിലേക്കും മറ്റ് രാഷ്ട്രങ്ങളിലേക്കും നിരന്തരമായി നാട് കടത്തിക്കൊണ്ടിരിക്കുന്നു. പലായനത്തിന്റെ അന്തരീക്ഷമാണ് ഭരണകൂടം അവിടെ സൃഷ്ടിച്ചത്. അറാകാനിലെ മുസ്‌ലിംകളുടെ അവസ്ഥ വളരെ ശോചനീയമാണ്. വളരെ ലളിതമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. കരുവാളിച്ച മുഖവുമായി, നുരുമ്പിയ വസ്ത്രം ധരിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ നമുക്കവിടെ കാണാം. അവരുടെ പാദങ്ങള്‍ നഗ്‌നമാണ്. കണ്ണുകളിലാവട്ടെ ഭീതിയും പരിഭ്രമവുമാണുള്ളത്. വിധവകളും അനാഥരും വാവിട്ട് നിലവിളിക്കുന്നുണ്ടവിടെ. അവരുടെ പുരുഷന്‍മാരെ ബന്ധിച്ച് കൊണ്ട്‌പോയിരിക്കുന്നു. ആണിതറച്ച് മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു. ചെവിയും മൂക്കും ചെത്തിയിരിക്കുന്നു. പള്ളികളും മദ്‌റസകളും തകര്‍ക്കപ്പെട്ടിരിക്കുന്നു.
2012 ജൂണില്‍ പത്തോളം ഇസ്ലാമിക പ്രബോധകര്‍ കൂട്ടമായി ക്രൂരമായ അറുകൊലക്ക് വിധേയമായി. അവരുടെ മൃതദേഹങ്ങള്‍ മുറിച്ചെടുത്ത് വികൃതമാക്കി. അവരുടെ വീടുകള്‍ ചുട്ടുകരിക്കുകയും, കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ശേഷവും അവരുടെ നരനായാട്ട് തുടര്‍ന്നു. ജുമുഅ നമസ്‌കരിക്കുകയായിരുന്ന ഏതാനും പേരെ ആക്രമിച്ചു. ചെറുത്ത് നിന്നപ്പോള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാല് പേര്‍ അവിടെയും കൊല്ലപ്പെട്ടു.
തീതുപ്പുന്ന ആയുധങ്ങളുമായായിരുന്നു അടുത്ത ആക്രമണം. നിരപരാധികളെ അവര്‍ നിഷ്‌കരുണം വധിച്ചു. അവരുടെ ഗ്രാമങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ശേഷം സൈന്യത്തിന്റെ സഹായത്തോടെ ബുദ്ധന്‍മാര്‍ പുറത്ത് വന്നു. ഗ്രാമഗ്രാമാന്തരം വംശഹത്യ നടത്തിക്കൊണ്ടേയിരുന്നു. ആയിരങ്ങളുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ കുന്ന്കൂടി. മൂവായിരത്തോളം വീടുകള്‍ അവര്‍ ചുട്ടുചാമ്പലാക്കി.
അടിയന്തരാവസ്ഥ വന്നതോടെ മുസ്‌ലിംകളുടെ ജീവിതം തീര്‍ത്തും ദുസ്സഹമായി. സങ്കല്‍പിക്കാനാവാത്ത വിധത്തില്‍ പ്രയാസത്തോടെ അവര്‍ക്ക് ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വന്നു. അറാകാന്‍ ഇന്ന് ഭീകരമായ ഒരു തടവറയാണ്. അല്ലെങ്കില്‍ അതിനേക്കാള്‍ ഭീതിദമാണ്. ഉപജീവനത്തിന് വീട്ടില്‍ നിന്നിറങ്ങാന്‍ അവര്‍ക്കവകാശമില്ല. കടകളില്‍ നിന്നും അവര്‍ക്ക് സാധനങ്ങള്‍ ലഭിക്കുകയുമില്ല. പോലീസാവട്ടെ അന്യായമായി അറസ്റ്റ് ചെയ്ത് കൊണ്ടേയിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ഗ്രാമമൊന്നടങ്കം ഉപരോധിച്ചിരിക്കുകയാണവര്‍. സമ്പത്ത് കൊള്ളയടിക്കുകയും, സ്ത്രീകളെ ബലാല്‍സംഗം ചെയ്യലുമാണ് അവരുടെ വിനോദം.
അറാകാന്‍ ഇപ്പോഴും തടവറ തന്നെയാണ്. അറബ് ഇസ്‌ലാമിക ലോകം മൗനവ്രതത്തിലുമാണ്. അരുതെന്ന് പറയാന്‍ തന്റേടമുള്ള, ആര്‍ജ്ജവമുള്ള വിശ്വാസികളാണ് ഇപ്പോള്‍ മ്യാന്‍മര്‍ മുസലിംകളുടെ മുതല്‍ക്കൂട്ട്.