അവകാശധ്വംസനത്തിനെതിരെ സമസ്‌ത കലക്‌ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

മലപ്പുറം: മുസ്‌ലിം സമുദായത്തെ ഇനി ആര്‍ക്കും ഉറക്കിക്കിടത്താനാ വില്ലെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ ആരും ഭീഷണിപ്പെ ടുത്തേണ്‌ടതില്ലെന്നും എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്താവിച്ചു. വെള്ളംകോരികളും വിറകുവെട്ടികളുമല്ല മുസ്‌ലിംകള്‍.. വിദ്യാഭ്യാസത്തില്‍ സമുദായവും മുന്നേറിയിട്ടുണ്‌ട്‌. അതിനാല്‍, അര്‍ഹമായ അവകാശത്തിനു വേണ്‌ടിയുള്ള ന്യായമായ പോരാട്ടമാണു മുസ്‌ലിംകള്‍ നടത്തുന്നത്‌. ന്യൂനപക്ഷ അവകാശ ധ്വംസനത്തിനെതിരേ സമസ്‌തയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്‌ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമദൂരം, ശരിദൂരം എന്നൊക്കെ പറഞ്ഞ്‌ ഇനിയാരും സമുദായത്തെയും സര്‍ക്കാരിനെയും പേടിപ്പിക്കേണ്‌ട. എന്നാല്‍, ഇങ്ങനെ പറയുന്നവരെയൊന്നും മുസ്‌ലിം സമുദായം പേടിക്കുന്നുമില്ല. അര്‍ഹമായ അവകാശം വേണമെന്നാണു മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത്‌. അനര്‍ഹമായതൊന്നും വേണ്‌ട. അവിഹിത മായി വല്ലതും നേടിയിട്ടുണെ്‌ടങ്കില്‍ അതു തിരിച്ചുകൊടുക്കാം. അതിനു മറ്റുള്ളവരും തയ്യാറാവണം. 

മുസ്‌ലിം സമുദായം അനര്‍ഹമായതു നേടിയെന്നു പറയുന്ന എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അതു തെളിയിക്കാനായി ഒരു മേശയ്ക്കു ചുറ്റുമുള്ള ചര്‍ച്ചയ്ക്കു വരണം. ചര്‍ച്ചയ്ക്കു മുസ്‌ലിം സമുദായം തയ്യാറാണ്‌. പിന്നാക്ക പ്രദേശമായ മലപ്പുറത്തിന്റെയും മലബാറിന്റെയും വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയപ്പോഴാണു ചിലര്‍ക്കു പ്രശ്‌നങ്ങളുണ്‌ടായത്‌. ഹിന്ദു–ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ക്കു കൂടുതല്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ സംസ്ഥാനത്തുണ്‌ട്‌. എന്നാല്‍, കേരള ജനസംഖ്യയില്‍ 25 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക്‌ ആനുപാതികമായി സ്ഥാപനങ്ങള്‍ ഒന്നുമില്ല എന്ന്‌ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അറിയണം. അവിഹിതമായി സര്‍ക്കാരില്‍ നിന്നു പലതും നേടിയത്‌ അവരാണ്‌. അപ്പോഴൊന്നും മുസ്‌ലിം സമുദായത്തിനു പരാതിയുണ്‌ടായിരുന്നില്ല. എന്നാല്‍, മുസ്‌ലിംകള്‍ക്കു ചില സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ ഇവര്‍ക്കായിരുന്നു പരാതി. 

അഞ്ചാംമന്ത്രിപദവിയില്‍ സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞവര്‍ എന്തുകൊണ്‌ട്‌ രാജ്യസഭയിലേക്കു വിട്ട ഒമ്പതു പേരില്‍ ഒരാളെങ്കിലും മുസ്‌ലിം സമുദായത്തില്‍ നിന്നാവണം എന്നു പറഞ്ഞില്ല? എന്നാല്‍, അസന്തുലിതാവസ്ഥ എന്ന പേരു പറഞ്ഞു സാമുദായിക വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കും. 

രാവിലെ പത്തരയോടെ സുന്നി മഹല്‍ പരിസരത്തു നിന്നു തുടങ്ങിയ മാര്‍ച്ച്‌ നഗരം ചുറ്റി കലക്‌ടറേറ്റിനു മുന്നില്‍ സമാപിച്ചു..ശേഷം നടന്ന പ്രതിഷേധ സംഗമം പി പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. നേതാക്കള്‍ കലക്ടര്‍ക്കു നിവേദനം നല്‍കി. സമസ്ത ജില്ല--കേന്ദ്ര നേതാക്കള്‍ സംബന്ധിച്ച  പ്രതിഷേധ സംഗമത്തില്‍  കെ മമ്മദ്‌ ഫൈസി, കെ എ റഹ്‌മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരും സംസാരിച്ചു.