കണ്ണൂര്: തളിപ്പറമ്പ് വെള്ളിക്കീലില്‍ ഇക്കഴിഞ്ഞ ഒമ്പതിനുണ്ടായ ബോംബ് സ്‌ഫോടനത്തിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 31നു തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ പി സുന്നി പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചവരുടെ കൈയില്‍നിന്നു വീണ ബോംബാണ് പൊട്ടിയത്. പ്രദേശത്ത് മുമ്പു പഠിപ്പിച്ച അധ്യാപകന്റെ കൈയില്‍നിന്നാണ് ബോംബ് പൊട്ടിയത്. മദ്‌റസയില്‍ സ്വലാത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഇതു കണ്ടിരുന്നു.
ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടികള്‍ പോലിസിനു മൊഴി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. ഇരിട്ടി ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എസ്.എസ്.എഫിന്റെ പ്രകടനത്തിനെത്തിയിരുന്നു. അതിനാല്‍ ബോംബിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം. ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് 31നു രാവിലെ 10നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുല്ലത്തീഫ് പന്നിയൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, പി പി മുഹമ്മദ് കുഞ്ഞി മൗലവി, ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട് പങ്കെടുത്തു.