മലപ്പുറം : സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക് എന്ന പ്രമേയവുമായി 2013 ഏപ്രിലില്‍ നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക ഒന്നാം സനദ്‌ദാന സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം മഹല്ല് സമുദ്ധാരണം, യുവശാക്തീകരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ആതുര സേവനം തുടങ്ങിയവ ഉള്‍പ്പെടുത്തി പത്തിന കര്‍മ്മ പദ്ധതി കള്‍ക്ക് പാണക്കാട് നൂര്‍മഹല്ലില്‍ ചെയര്‍മാന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം എക്‌സിക്യൂട്ടീവ് യോഗം രൂപം നല്‍കി.
ജൂണ്‍ 15 ന് മുമ്പായി 14 മേഖലാ തലങ്ങളിലും പ്രചാരണ കണ്‍വെന്‍ഷനുകളും സംഘാടക സമിതി രൂപീകരണവും നടക്കും. ജൂലൈ ആദ്യവാരത്തില്‍ ജില്ലയിലെ മുഴുവന്‍ ഉലമാക്കളേയും പങ്കെടുപ്പിച്ച് ഉലമാ കോണ്‍ഫറന്‍സ് നടത്തും. മഹല്ല് സമ്മേളനങ്ങള്‍, കുടുംബസംഗമം, യുവസംഗമം, മാനേജ്‌മെന്റ് സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. 14 മേഖലാ കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണവും ദുആ സമ്മേളനങ്ങളും നടത്തും. സമ്മേളന പ്രചരണാര്‍ത്ഥം ജൂണ്‍ മാസത്തില്‍ മിഅ്‌റാജ് പ്രഭാഷണങ്ങളും ഓഗസ്‌ത് മാസത്തില്‍ ആദര്‍ശ സമ്മേളനങ്ങളും നടത്തും.
ജൂലൈ 13 ന് വെള്ളിയാഴ്‌ച ജില്ലയിലെ മുവുവന്‍ പള്ളികളില്‍ വെച്ചും സ്ഥാപനം മുദ്രണം ചെയ്‌ത കവറുകളുടെ വിതരോദ്‌ഘാടനവും പ്രചരണ പ്രഭാഷണവും നടക്കും. ശംസുല്‍ ഉലമാ അക്കാദമി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഉമറലി ശിഹാബ് തങ്ങള്‍ സ്‌മാരക തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ബില്‍ഡിംഗ്, അക്കാദമി മസ്‌ജിദ് വിപുലീകരണം, വാരാമ്പറ്റ സആദാ കോളേജ് ഒന്നാം ഘട്ടം എന്നീ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമ്മേളനത്തിനു മുമ്പായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സി കെ ശംസുദ്ദീന്‍ റഹ്‌മാനി, കെ മുഹമ്മദ്‌കുട്ടി ഹസനി, കെ എ നാസിര്‍ മൗലവി, പി സി ഇബ്രാഹിം ഹാജി, എം കെ അബ്‌ദു റശീദ് മാസ്റ്റര്‍, മൂസാ ബാഖവി മമ്പാട്, പനന്തറ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ പദ്ധതികളവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സി പി ഹാരിസ് ബാഖവി സ്വാഗതവും നന്ദിയും പറഞ്ഞു.