ശിഹാബ്‌ തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ലോകോത്തര നിലവാരമുള്ളതാക്കും : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

പെരിന്തല്‍മണ്ണ : തെന്നിന്ത്യയിലെ അത്യുന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ സ്ഥാപിക്കുന്ന സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ലോകോത്തര നിലവാരമുള്ളതാക്കുമെന്ന്‌ ജാമിഅ ജനറല്‍ സെക്രട്ടറി സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. ജൂബിലിയുടെ ഭാഗമായി 1000 കേന്ദ്രങ്ങളില്‍ SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിഹാബ്‌ തങ്ങളുടെ പാവന സ്‌മരണ അന്തര്‍ദേശീയ സമൂഹത്തില്‍വരെ നിലനിര്‍ത്താന്‍ പര്യാപ്‌തമായ, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മുസ്‌ലിം സമുദായവും ഇതര പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന, യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശങ്ങളെ സമൂഹത്തിന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്ന അത്യുന്നത കേന്ദ്രമാണ്‌ ശിഹാബ്‌ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസിലൂടെ ജാമിഅ ലക്ഷ്യമാക്കുന്നതെന്ന്‌ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

SKSSF കൊല്ലം ജില്ലാ പ്രസിഡണ്ട്‌ അബ്‌ദുല്ല തങ്ങള്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. TREND സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ കരുവാരക്കുണ്ട്‌, അബ്‌ദുല്ല കുണ്ടറ, അഹ്‌മദ്‌ ഉഖൈല്‍, ശഹീദ്‌ ഫൈസി, ജവാദ്‌ ബാഖവി, താജുദ്ദീന്‍ മന്നാനി, ത്വല്‍ഹത്‌ അമാനി, റഹ്‌മതുല്ല ഖാന്‍ കോട്ടയം, സലീം ചടയമങ്കലം, അയ്യൂബ്‌ഖാന്‍ ഫൈസി, ഷാജഹാന്‍.എം തുടങ്ങിയവര്‍ സംബന്ധിച്ചു.