ചേളാരി: ആണവ പദ്ധതിയുടെ പേരില്‍ ഇറാനെ വേണ്ടിവന്നാല്‍ ആക്രമിക്കുമെന്ന യു.എസ്. പ്രസിഡണ്ടിന്റെ സ്വരം സമാധാന പ്രേമികളില്‍ നടുക്കമുണ്ടാക്കുന്നതാണെതെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി. മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി.കെ.മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു.
ലോകം പലതവണ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള അണുവായുധങ്ങള്‍ സംഭരിച്ചുവെച്ച അമേരിക്കയും എന്നും അക്രമത്തിന്റെ പാത സ്വീകരിച്ചുവരുന്ന ഇസ്രാഈലും ഭാഷകള്‍ മാത്രമല്ല നയവും നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണ്.
ഇന്ത്യ ഉള്‍പ്പെടെയുള്ള പല ലോക രാജ്യങ്ങളുടെയും ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് അധികമായി സമീപിക്കുന്ന രാഷ്ട്രമായ ഇറാനെതിരില്‍ അമേരിക്ക നടത്തുന്ന ഏത് കയ്യേറ്റവും ഭാരതത്തെയും സാരമായി ബാധിക്കും.
ലിബിയ, ഈജിപ്ത്, തുനീഷ്യ, അള്‍ജീരിയ, യമന്‍, സിറിയ തുടങ്ങിയ മിഡില്‍ ഈസ്റ്റിലേയും ആഫ്രിക്കയിലേയും മുസ്‌ലിം നാടുകളില്‍ അമേരിക്ക തുറന്നുവെച്ച സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും രക്തചൊരിച്ചിലും തുടരുകയാണ്. സമാധാനമാണ് ലക്ഷ്യമെങ്കില്‍ നീതിബോധവും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനുള്ള മര്യാദയും ഐക്യരാഷ്ട്രസഭയുടെ ചട്ടകൂട്ടിലൊതുങ്ങിയ നയങ്ങളുമാണ് അമേരിക്ക സ്വീകരിക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.