അധാര്മ്മി കത വളരുന്നതില്‍ അധികാരികള്ക്കും പങ്കുണ്ട്

വെങ്ങപ്പള്ളി : സദാചാരബോധം സമൂഹത്തില്‍ നിലനിര്‍ത്താന്‍ സഹായകമായ സമീപന മാവണം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും സ്വവര്‍ഗ്ഗരതി പോലുള്ള അധാര്‍മ്മിക പ്രവണതകളോട്‌ സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നും ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന യുവസംഗമം അഭിപ്രായപ്പെട്ടു. മദ്യം മയക്കു മരുന്നു പോലുള്ള അധാര്‍മ്മിക പ്രവണതകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും യുവാക്കള്‍ ആകൃഷ്‌ടരാവുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അധികാരികള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നതില്‍ സാമൂഹിക സാഹചര്യങ്ങള്‍ക്ക്‌ വലിയ പങ്കാണുള്ളതെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അധാര്‍മ്മിക പ്രവണതകള്‍ക്കെതിരെ ക്രിയാത്മകമായി ഇടപെടാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക്‌ പരിപാടിയില്‍ രൂപം നല്‍കി. ശംസുദ്ദീന്‍ റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. കെ അലി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. മമ്മുട്ടി മാസ്റ്റര്‍ തരുവണ ക്ലാസ്സിനു നേതൃത്വം നല്‍കി. സുബൈര്‍ കണിയാമ്പറ്റ, അബ്ബാസ്‌ തലപ്പുഴ, റഫീഖ്‌ തോപ്പില്‍ , എടപ്പാറ കുഞ്ഞമ്മദ്‌, വി സി മൂസ മാസ്റ്റര്‍ , കെ എ നാസിര്‍ മൗലവി, അബ്‌ദുല്‍ ഖാദിര്‍ മടക്കിമല സംബന്ധിച്ചു. മുഹമ്മദ്‌കുട്ടി ഹസനി സ്വാഗതവും കുഞ്ഞിമുഹമ്മദ്‌ ദാരിമി നന്ദിയും പറഞ്ഞു.