കാന്തപുരം വിഭാഗം വിവരമില്ലാത്തവര്‍ - ടി കെ ഹംസ

കോഴിക്കോട്:  കാന്തപുരം വിഭാഗം വിവരമില്ലാത്ത ജനക്കൂട്ടമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ. മുടി വിവാദത്തിലെ രാഷ്ട്രീയമെന്ന ടി കെ ഹംസ 'ദേശാഭിമാനി' യിലെഴു തിയ ലേഖനത്തെതുടര്‍ന്ന് എസ് കെ എസ് എസ് എഫ് ദൈ്വവാരികയായ 'സത്യധാര'യുടെ ഏറ്റവും പുതിയ ലക്കത്തിന് നല്കിയ അഭിമുഖത്തിലാണ് ടി കെ ഹംസ ഇടതുപക്ഷസഹയാത്രികരായി അറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാന്തപുരം വിഭാഗത്തെക്കുറിച്ചുള്ള താങ്കളുടെ തുറന്ന അഭിപ്രായം ആവശ്യപ്പെടുന്നതിന് ടി കെ ഹംസ മറുപടി നല്കുന്നു: ''ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം. ഇവര്‍ ഒരിക്കലും നേരെയാവില്ല. ഹാദാഖൗമുന്‍ ജാഹിലൂന്‍ (വിവരമില്ലാത്ത ജനക്കൂട്ടം)''.

തിരുകേശ പള്ളിയുമായി കാന്തപുരം നടക്കുന്നതിനെതിരെ മതപരമായ വീക്ഷണത്തില്‍ തന്നെ ധാരാളം പറയാനുണ്ട്. ഇപ്പോള്‍ പറയുന്നില്ല. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഒപ്പം നിന്നിട്ടില്ല, ഇനി നില്‍ക്കുകയുമില്ലെന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കളവാണ്. 'അരിവാള്‍ സുന്നി' എന്നല്ലേ അദ്ദേഹത്തിന്റെ പേര്? അതെങ്ങനെ കിട്ടിയതാ....... വെറുതെ കിട്ടുമോ. ലോകം മുഴുവന്‍ അങ്ങനെയല്ലേ വിളിച്ചത്? - ഹംസ തുടര്‍ന്നു ചോദിക്കുന്നു.

കാന്തപുരം വിഭാഗം ഞങ്ങളുമായി പിണങ്ങിയിട്ടില്ല. പിണറായിയുടെ വാക്ക് പുറത്തുള്ള ഒരു സാധാരണക്കാരന്റെ വാക്കായി മാത്രം എടുത്താല്‍ മതി. കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാടായ 'ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കു'മെന്ന നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. അതാരാണെന്ന് ഇതുവരെ ആരും അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല, കാന്തപുരം പറഞ്ഞിട്ടു മില്ലെന്ന് ഹംസ പരിഹസിക്കുന്നു.
'കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ഞാനൊരു എ പി സുന്നിയാണെന്ന്'  പറഞ്ഞ ടി കെ ഹംസയുടെ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് ഒരു രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തില്‍ പറയേണ്ട കാര്യങ്ങള്‍ വൃത്തിയായി പറഞ്ഞുവെന്നേയുള്ളൂ എന്നാണ് ഹംസയുടെ ന്യായീകരണം. ഇ കെ സുന്നിയുടെയും മുജാഹിദിന്റെയും ജമാഅത്ത് ഇസ്‌ലാമിയുടെയും വോട്ടില്ലാത്ത ഒരു സ്ഥാനാര്‍ഥിയുടെ തന്ത്രമായി മാത്രം അതിനെ എടുത്താല്‍ മതിയെന്നും ഹംസ വിശദീകരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് 20 സീറ്റ് കിട്ടിയത് തന്റെ പിന്തുണ കൊണ്ടാണെന്ന കാന്തപുരത്തിന്റെ വാദത്തെക്കുറിച്ച് 'നുണയാപ്പറഞ്ഞ തെന്നല്ലാവര്‍ക്കു മറിയാമെന്നാ'ണ് ഹംസയുടെ മറുപടി.
കാന്തപുരത്തിന്റെ വോട്ട് ബാങ്കിനെക്കുറിച്ച ചോദ്യത്തിന് 'ഒരു സംഘടനാ നേതാവ് പറഞ്ഞാല്‍ കുറച്ചാളുകളൊക്കെ കേള്‍ക്കും, എല്ലാവരും അനുസരിക്കുമെന്ന് കരുതേണ്ടെ'ന്നാണ് മറുപടി. ഇതറിയാവുന്നതുകൊണ്ടാണ് നിശ്ചിത പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് കാന്തപുരം പറയാത്തതെന്നും ഹംസ പറഞ്ഞു. അതുകൊണ്ടാണ് നമ്മളെ സഹായിച്ചവരെ നമ്മളും സഹായിക്കും എന്ന് പറയുന്നതെന്നും ഹംസ കളിയാക്കുന്നു.