കാസര്‍കോട് : സാമൂഹിക നവോത്ഥാനം സാധിച്ചെടുക്കുന്നതില്‍ വിജ്ഞാനീയങ്ങള്‍ക്കുള്ള സ്ഥാനം വിലയേറിയതാണെന്നും ഈ ചരിത്ര വസ്‌തുത മുന്നില്‍ കണ്ടുകൊണ്ടാകണം മുഴുവന്‍ ജനവിഭാഗങ്ങളുടെയും മുന്നോട്ടുള്ള പ്രയാണമെന്നും പ്രമുഖ ബുദ്ധിജീവിയും മലേഷ്യന്‍ പ്രതിപക്ഷ നേതാവുമായ അന്‍വര്‍ ഇബ്രാഹിം. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത-ഭൗതിക വിജ്ഞാനീയങ്ങള്‍ സമന്വയിപ്പിച്ച് നല്‍കുന്നതിലൂടെ സ്വപ്‌നതുല്യമായ തലമുറയെയാണ് വളര്‍ത്തിയെടുക്കാനാവുക. അക്കാദമിക ബൗദ്ധിക മേഖലകളില്‍ പുതിയ തലമുറ കുറേകൂടി കാര്യക്ഷമമായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വീകരണ സംഗമം മലേഷ്യന്‍ മന്ത്രിസഭാ അണ്ടര്‍ സെക്രട്ടറി ഡോ. ഡെസ്‌ത്തു അബ്‌ദുല്‍ അസീസ് ഉദ്‌ഘാടനം ചെയ്‌തു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍ മഹ്‌മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. എ അബ്‌ദുറഹ്‌മാന്‍, മജീദ് തളങ്കര, അബ്‌ദുല്‍ ജലീല്‍ ഹുദവി, സുഹൈല്‍ ഹിദായ ഹുദവി, മുജീബ് തളങ്കര എന്നിവര്‍ സംബന്ധിച്ചു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കാസര്‍കോട് ജില്ലയിലെ അഫിലിയേറ്റഡ് സ്ഥാപനമാണ് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി