മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളാവുക: ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ചേളാരി: കേരളത്തിലെ മദ്രസകളില്‍ അധ്യാപന സേവനം ചെയ്തുകൊണ്ടിരിക്കുന്ന മുഅല്ലിമുക ള്‍ക്കായി യു.ഡി.ഫ് സര്‍ക്കാര്‍ പരിഷ്കരിച്ചു വിളംബരം ചെയ്ത മദ്രസാധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ സമ്സ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനുമായി ബന്ധപ്പെട്ട എല്ലാ ഉസ്താദുമാരും അംഗത്വമെടുക്കണമെന്ന് എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്വി ആഹ്വാനം ചെയ്തു. മുന്‍ സര്‍ക്കാര്‍ പലിശയിലധിഷ്ഠിതമായാണ് ക്ഷേമനിധി സംവിധാനിച്ചിരുന്നത് എന്നതിനാല്‍ അതിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് പണ്ഡിത നേതാക്കള്‍ മുഅല്ലിമുകളെ ബോധവല്‍ക്കരിക്കുകയും അക്കാരണത്താല്‍ തന്നെ അതില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിഷയത്തിന്റെ ഗൌരവം പുതിയ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പലിശാധിഷ്ഠിത സംവിധാനത്തിനു മാറ്റം വരുത്തിയിരിക്കുകയാണ്. സര്‍ക്കാറിന്റെ പൊതു ഭരണ (ന്യുനപക്ഷ ക്ഷേമ) വകുപ്പ് 57/2012 നമ്പറായി 19-03-2012 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇക്കാര്യം അര്‍ത്ഥ ശങ്കക്കിടം നല്കാതെ വ്യക്തമാക്കിയിട്ടുണ്ട്: 

മദ്രസാധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ പലിശ സംബന്ധമായ ഇടപാടില്‍ ഏര്‍പ്പെടാന്‍ ഇടവരുന്നത് അവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും രീതികള്‍ക്കും നിരക്കുന്നതല്ലെന്നും അങ്ങനെ ബന്ധപ്പെടാനിടവരുന്ന തരത്തിലുള്ള പദ്ധതിയാണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇതില്‍ അംഗത്വമെടുക്കുന്നതില്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന കാര്യവും വിവിധ കോണുകളില്‍ നിന്നു സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി

സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശം 1- ലെ അനുബന്ധ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള “പദ്ധതിയിലെ നിക്ഷേപകാലയളവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം, ആദായം, പ്രതിമാസ പെന്‍ഷന്‍, തിരികെ ലഭിക്കുന്ന തുക” എന്നിവ കാണിക്കുന്ന സ്റേറ്റ്മെന്റ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള അനുബന്ധ പട്ടിക പ്രകാരം പലിശ രഹിതമാക്കി പരിഷ്കരിച്ചുകൊണ്ട് ഉത്തരവാകുന്നു... സര്‍ക്കാര്‍ വിഹിതവും ക്ഷേമനിധിയുടെ മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിനു ആവശ്യമായ തുക ബഡ്ജറ്റില്‍ പ്രത്യേക കണക്കിനത്തില്‍ വാര്‍ഷിക ധനസഹായമായി അനുവദിക്കുന്നതാണ്. അതിനാല്‍ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍, സമാഹൃതനിക്ഷേപതുക, മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ ക്ഷമനിധി മാനേജര്‍ ട്രഷറി വഴിയാണ് വിതരണം ചെയ്യുക.

ക്ഷേമനിധിയില്‍ അംഗത്വമുള്ള മദ്രസാധ്യാപകരുടെ ബി. ടെക് വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് സൌജന്യ മായി ലാപ്ടോപ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ശ്ളാഘനീയമാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പരശ്ശതം വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം ലഭിക്കും. ഇന്നോ നാളെയോ ഇതിനുള്ള അപേക്ഷകള്‍ നല്‍കണം. 

പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷാഫോറങ്ങള്‍ റെയ്ഞ്ച് ആസ്ഥാനങ്ങളിലും സമസ്തയുടെ പ്രമുഖ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ബോര്‍ഡ് - ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ -  എസ്. വൈ. എസ് - എസ്.കെ. എസ്. എസ്. എഫ് ആസ്ഥാനങ്ങളില്‍ നിന്നു ഫോറങ്ങളും വിശദ വിവരങ്ങളും മാര്‍ഗ ദര്‍ശനങ്ങളും ലഭിക്കുന്നതാണ്.