കൂരിയാട്: കേരളീയ തനിമയും ഇസ്‌ലാമിക പൈതൃകവും ഉയര്‍ത്തിപ്പിടിച്ച് മലേഷ്യന് പ്രതിനിധികള്‍ സമ്മേളന നഗരിയിലെത്തി. ഹുസൈന്‍ ഹാജി ജുഹോര്‍ ബറുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന നേതൃസംഘം ഇന്നലെ രാത്രിയോടെയാണ് സമ്മേളനത്തില്‍ പങ്ക് കൊള്ളാന്‍ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലെത്തിയത്. അമ്പത്തിനാല് വര്‍ഷം മുമ്പ് ആരംഭിച്ച മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മൊയ്തീന്‍ ഹാജിയാണ്. പ്രാരംഭ ഘട്ടം മുതലേ സമസ്തയുമായും കേരളത്തിലെ പണ്ഡിതരുമായും സുദൃഢമായ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്നു.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായാണ് ഇപ്പോള്‍ മലേഷ്യയില്‍ നടക്കുന്നതെന്നും നിലവില്‍ ജമാഅത്തിന് കീഴിലുള്ള പതിനാറ് മദ്രസകള്‍ സമസ്തയുടെ പാഠ്യപദ്ധതിയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ജമാഅത്ത് വൈസ് പ്രസിഡണ്ട് കൂടിയായ ഹുസൈന്‍ ഹാജി ജുഹോര്‍ ബറു പറഞ്ഞു. മലേഷ്യയിലെ മലപ്പുറമാണ് ജുഹോര്‍ ബറു. നഗരിയിലേക്ക് വന്നപ്പോള്‍ ആദ്യത്തെ ദൃശ്യം തന്നെ എന്നെ തൊട്ടുണര്‍ത്തിയത് ഹജ്ജ് കാലത്തെ അറഫയുടെ ചിത്രവും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ്. കുഞ്ഞുഹാജി ജോഹോര്‍ ബറു പറഞ്ഞു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ആയിരത്തോളം മലേഷ്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ മതവിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നത്. മലേഷ്യന്‍ സര്‍ക്കാരിന് കീഴില്‍ മത-ഭൗതിക പഠനത്തിനുള്ള പൂര്‍ണ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുണ്ടായിട്ടും കൈരളിയുടെ തന്മയത്വവും മലയാളത്തിന്റെ ഭാഷാസൗന്ദര്യവും നിലനിര്‍ത്താന്‍ രാത്രിയടക്കം മൂന്ന് ഷിഫ്റ്റുകളിലായാണ് സമസ്തയുടെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. ഇര്‍ശാദിയ്യ മദ്രസ പ്രസിഡണ്ട് യൂസുഫ് ജോഹോര്‍, റങ്കീര മദ്രസ വൈസ് പ്രസിഡണ്ട് സുലൈമാന്‍ ഹാജി, സൈദലവി ഹാജി സിങ്കപ്പൂര്‍, ഉമര്‍ ബിന്‍ മൊയ്തീന്‍ തുടങ്ങിയവരാണ് സംഘത്തെ നയിക്കുന്നത്. സമ്മേളനം വീക്ഷിച്ച് ആത്മനിര്‍വൃതി കൊള്ളാന്‍ മലേഷ്യ കൂടാതെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും ലക്ഷദ്വീപ്, അന്തമാന്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.