കൂരിയാട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ മലേഷ്യന്‍ പ്രതിനിധികള്‍ ശക്തമായ മലയാളി പാരമ്പര്യത്തിന്റെ ഉടമകള്‍. അരനൂറ്റാണ്ടിലേറെയായി അവിടെ പ്രവര്‍ത്തിക്കുന്ന മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ പാരമ്പര്യവുമായാണ് പതിനഞ്ചോളം പേരടങ്ങിയ സംഘം എത്തിയിട്ടുള്ളത്.
ഹുസൈന്‍ഹാജി ജുഹോര്‍ ബറുവാണ് സംഘനേതാവ്. 54 വര്‍ഷം മുമ്പ് ആരംഭിച്ച മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മൊയ്തീന്‍ ഹാജിയാണ്. 'സമസ്ത' ഏറെ സജീവമാണ് മലേഷ്യയിലെന്നും ജമാഅത്തിന് കീഴില്‍ 16 മദ്രസകള്‍ 'സമസ്ത'യുടെ പാഠ്യപദ്ധതിയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ജമാഅത്ത് വൈസ് പ്രസിഡന്റ്കൂടിയായ ഹുസൈന്‍ഹാജി ജുഹോര്‍ ബറു പറഞ്ഞു. മലയാളികളുടെയും മലപ്പുറം വേരുകളുള്ളവരുടെയും അടിസ്ഥാനത്തില്‍ മലേഷ്യയിലെ മലപ്പുറമായാണ് ജുഹോര്‍ ബറു വിശേഷിപ്പിക്കപ്പെടുന്നത്.
ഇര്‍ശാദിയ്യ മദ്രസ പ്രസിഡന്റ് യൂസുഫ് ജോഹോര്‍, റങ്കീര മദ്രസ വൈസ് പ്രസിഡന്റ് സുലൈമാന്‍ ഹാജി, സൈതലവി ഹാജി സിങ്കപ്പുര്‍, ഉമര്‍ ബിന്‍ മൊയ്തീന്‍ തുടങ്ങിയവരാണ് സംഘത്തെ നയിക്കുന്നത്. സൗദിഅറേബ്യ, യു.എ.ഇ, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും ലക്ഷദ്വീപ്, അന്തമാന്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.