കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍)
ഖുര്‍ആന്‍ ഉണര്‍ത്തിയ ചിന്ത
അപ്രകാരം തന്നെ നിങ്ങള്‍ മനുഷ്യസമുദായത്തിന് സാക്ഷിയായിരിക്കുവാനും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനുമായി നിങ്ങളെ നാം ഒരുല്‍കൃഷ്ട സമുദായമാക്കിയിരിക്കുന്നു. (വി.ഖു. 2:143)
വിശുദ്ധ കഅ്ബാ ശരീഫ് ഖിബ്‌ലയായി നിര്‍ണ്ണയിച്ചുകൊണ്ട് വഹ്‌യ് ഉണ്ടായപ്പോള്‍ ''ചില വിഢികള്‍, ജൂദര്‍, ബഹുദൈവാരാധകര്‍'' തീരുമാനം വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഈ തീവ്രവാദികളെ ഖുര്‍ആന്‍ വിഢികള്‍ എന്നാണ് വിളിച്ചത്. ഇബ്രാഹീം (അ)മിന്റെ ദീന്‍ കൊണ്ടും ഖിബ്‌ലകൊണ്ടും നിങ്ങളെ നാം ബഹുമാനിച്ചിരിക്കുന്നു. അത്‌പോലെ നീതി ചെയ്യുകയും പറയുകയും ചെയ്യുന്ന സമുദായമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണ് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം.
അപ്പോള്‍ മുസ്‌ലിം സമുദായം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്ന് ജനങ്ങളുടെ മേല്‍ നിങ്ങളും നബി(സ) നിങ്ങളുടെ മേലും സാക്ഷിയായിരിക്കുന്നു.
സത്യമാണ് പരമായ സത്വം. ചരിത്രത്തിലെ ഏത് ഘട്ടങ്ങളിലും സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ പ്രതിരോധിക്കുന്നതിനും സത്യം പുനസ്ഥാപിക്കുന്നതിനും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. സത്യത്തിന് വേണ്ടി കടുത്ത വില നല്‍കേണ്ടിയും വന്നിട്ടുണ്ട്.
ഹസ്രത്ത് ഇബ്രാഹീം(അ) അഗ്‌നിഗുണ്ടത്തെ വരിക്കേണ്ടിവന്നത് സത്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടായിരുന്നു. ഈസ(അ)നെ പിടികൂടി വധിക്കാന്‍ ജൂദര്‍ പദ്ധതിയിട്ടു ജൂദാസിനെ ഉപയോഗപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുനോക്കിയതും ഈസ(അ) സത്യസാക്ഷ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ട് തന്നെ.
മൂസ(അ)മിനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച ഫറോവയെ മഥിച്ചതും, നൂഹ് നബി(അ) മിനെയും മറ്റനേകാം പ്രവാചകരെയും അതത് കാലങ്ങളില്‍ തകര്‍ക്കാന്‍ ശ്രമിച്ചുനോക്കിയത് സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ മനോനിലയാണ് സൂചിപ്പിക്കുന്നത്.
മുഹമ്മദ് നബി(സ)യും സത്യവിരുദ്ധരാല്‍ എതിര്‍ക്കപ്പെട്ടു. സ്വദേശത്ത് നിന്ന് മറ്റൊരു ദേശമായ മദീനയിലേക്ക് പാലായനം ചെയ്യേണ്ടിവന്നു. സത്യത്തിന് വേണ്ടി ഗദ്യത്തന്തരമില്ലാത്ത ഘട്ടത്തില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു. ഗുരുക്ഷേത്രയുദ്ധത്തെ ധര്‍മ്മയുദ്ധം എന്നാണല്ലോ പറയുന്നത്. അതായത് ധര്‍മ്മം പുലരാന്‍ ആയുധമെടുക്കേണ്ടിവന്നാല്‍ അതൊരു ധര്‍മ്മമാണെന്ന് ചുരുക്കം.
ഇസ്‌ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ അത്‌ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കടന്നെത്തി. ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ് അങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും പ്രമുഖസഹാബാക്കളായിരുന്നു പ്രധാന സന്ദേശകര്‍. പിന്നീട് താബിഉകളും താബിഉത്താബിഉകളും മിഷനറിമാരായി. അഖ്‌നസുബിന്‍ ഖൈസ് സോവിയറ്റ് പ്രവിശ്യകളിലും, താരിഖ് ബ്‌നു സിയാദ് സ്‌പെയിനിലും, അലാഉബ്‌നുഹള്‌റമി ബഹ്‌റൈനിലും, ഉബൈദുല്ലാഹ് ആന്ത്രോത്തിലും, മാലിക്ബ്‌നു ദീനാര്‍(റ) കേരളത്തിലുമെത്തിയത് ഉത്തമ നൂറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ അങ്ങനെ എല്ലാഭാഗങ്ങളിലും വിശുദ്ധ ഇസ്‌ലാം പരിചയപ്പെട്ടു.
കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മീയ ശാസ്ത്രം (ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍) സരണികള്‍ വിശദീകരിക്കുന്ന അനേകായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അല്ലാഹുവിന്റെ ദീന്‍ എന്ന നിലക്ക് അതിന്റെ ആഴവും പരപ്പും അര്‍ത്ഥപൂര്‍ണ്ണമായി പഠിച്ചു മനസ്സിലാക്കിയ മഹാപണ്ഡിതര്‍ അവരുടെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
കൊര്‍ദോവ മുതല്‍ അല്‍അസ്ഹര്‍ വരെ നിസാമിയ്യ മുതല്‍ ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മ വരെ അതിവിസ്തൃതമായ പാഠശാലകളും പഠന ഗവേഷണാലയങ്ങളും സ്ഥാപിതമായി. അബൂബക്കര്‍ റാസി(റ) ഇബ്‌നു സീനാ ഗസ്സാലി, ഗൗസുല്‍ അഅ്‌ളം, അല്‍ബറൂനി, ഇബ്‌നുബത്തൂത്ത, അങ്ങനെ സകല മേഖലകളിലും തിളക്കമാര്‍ന്ന വിപ്ലവങ്ങള്‍ ഉണ്ടായി. ശാഫി, ഹനഫി, മാലികി, ഹമ്പലി, ബുഖാരി, മുസ്‌ലിം, അശ്അരീ, മാത്വുരിദീ തുടങ്ങിയവരിലൂടെ വിശുദ്ധ ഇസ്‌ലാമിന്റെ മഹത്വവും സംരക്ഷണവും നിലനില്‍പ്പും ഉറപ്പ് വരുത്താനായി.
വിശുദ്ധ ഖുര്‍ആന്‍ ഖിയാമത്ത്‌നാള്‍വരെ സംരക്ഷിക്കപ്പെടുമെന്ന ഇലാഹീദര്‍ശനത്തിന്റെ സാക്ഷാല്‍ക്കരമായിരുന്നു ഇതൊക്കെ. ഇസ്‌ലാമിന്റെ ഉദയകാലത്ത് തന്നെ കേരളത്തിലും ഇസ്‌ലാം എത്തി ച്ചേര്‍ന്നു. ചേരമാന്‍ പെരുമാള്‍ (കൊടുങ്ങല്ലൂര്‍ ആസ്ഥാനമായീ ഭരണം നടത്തിയിരുന്ന ഹിന്ദുരാജാക്കളിലൊരാള്‍) നബി(സ)യെ സന്ദര്‍ശിച്ചതായും മഹാനവര്‍കള്‍ തിരിച്ചുവരുന്നവഴിക്ക് (ളിഫാറില്‍) ഇപ്പോള്‍ സലാലയില്‍ മരണമടഞ്ഞതായും ചരിത്രം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മഖ്ബറ ''ളരീഉസ്സാമിരീ'' എന്ന പേരില്‍ സലാലയില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനകാലത്തെകുറിച്ച് ചരിത്രകാരന്മാര്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ ഇസ്‌ലാമിക സാന്നിദ്ധ്യത്തിന്റെ തുടക്കം ഉത്തമനൂറ്റാണ്ടിലായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
വികേന്ദ്രീകൃത നേതൃരീതിയില്‍ മുന്നേറിയ ഇസ്‌ലാമിക് നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ മഖ്ദൂമി കാലഘട്ടത്തോടെ കാലികമായ ചില നവസമീപനങ്ങള്‍ കൈവന്നു. മുസ്‌ലിം സമുദായത്തില്‍ സര്‍വ്വാംഗീകാരവും സ്വീകാര്യതയും നേടിയ മഖ്ദൂമികള്‍ തീര്‍ത്ത മതപരമായ സുസ്ഥിരതയും ശക്തിയും സമ്പന്നതയും ഏറെ വിലപ്പെട്ടതായിരുന്നു.
കേരളത്തിലെ വൈജ്ഞാനിക പുരോഗതകിളെ ലോകതലത്തിലേക്ക് വളര്‍ത്താനവര്‍ക്കു സാധ്യമായി. ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥം ഇപ്പോഴും ലോകത്ത് പലയിടത്തും പഠിപ്പിക്കപ്പെടുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിനകം 38 ലോകഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേരളീയ പണ്ഡിതരാല്‍ രചിക്കപ്പെട്ട നൂറ്കണക്കായ ഗ്രന്ഥങ്ങള്‍ ലോകവിസ്മയമാണ്.
1921കളിലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ രൂപപ്പെട്ടുവരുന്നത്. അത്‌വരെ ഏകദേശം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ യാതൊരു ഭിന്നസ്വരങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല.
നിശ്പക്ഷ സംഘം, ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിയ പേരില്‍ സംഘടിച്ചവര്‍ പാരമ്പര്യ മുസ്‌ലിംകളെ പരിധിവിട്ടാണ് വിമര്‍ശിച്ചത്. ശിര്‍ക്കാരോപണമായിരുന്ന ഏറ്റവും ഗരുതരം. അപ്പോള്‍ പ്രവാചകര്‍(സ) മുതല്‍ പന്ത്രണ്ട് നൂറ്റാണ്ടിലധികം കാലം ജീവിച്ചവരൊക്കെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്ന വാദത്തോടൊപ്പം ഒരു നവറിബല്‍ ആശയം അവര്‍ മുന്നോട്ട് വെച്ചു അതത്രയും രാഷ്ട്രീയഛായയും ലക്ഷ്യവും ഉള്ളതായിരുന്നു. ഈ തീവ്രവാദ സമീപനങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം കര്‍മ്മ ശാസനകള്‍ രക്ഷപ്പെടുത്തി. പൈതൃക ബന്ധിതമായ പാരമ്പര്യ രീതികളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപീകരിച്ചതാണ് 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'.
1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങളും. കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് എന്നീ ആറ് പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് 'സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി 280 സമുചിതമായി ആഘോഷിച്ചു.
വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വിവിധ പോഷകഘടകങ്ങളും രൂപീകരിച്ചു. 1951 സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന ഒരു സുപ്രധാന യോഗത്തില്‍ 33 അംഗ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. ഇതിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്ത പ്രവേശിച്ചു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലായി 9118(2012 ഫെബ്രുവരി) മദ്‌റസകളും 1108610 വിദ്യാര്‍ത്ഥികളും 84216 അധ്യാപകരും ഉള്‍കൊള്ളുന്ന മഹാപ്രസ്ഥാനമായി വിദ്യാഭ്യാസ ബോര്‍ഡ് വളര്‍ന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ സംഘശക്തിയാണ്. ഈ അധ്യാപക സംഘടനക്ക് കേന്ദ്രകമ്മിറ്റി കൂടാതെ കേരളത്തിലും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 403 റൈഞ്ച് കമ്മിറ്റികളുമുണ്ട്.
1954 ഏപ്രില്‍ 25-ന് താനൂരില്‍വച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍വെച്ച് തീരുമാനിച്ചു. 1954 ഏപ്രില്‍ 26-ന് കോഴിക്കോട്ടെ അന്‍സാറുല്‍ ഇസ്‌ലാം ഓഫീസില്‍ വെച്ച് സുന്നി യുവജന സംഘം ജന്‍മമെടുത്തത്. ഇപ്പോള്‍ ഈ യുവജന സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മിറ്റികളും നിരവധി ശാഖകളും നിലവിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സംഘടനക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി സംഘടന കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19-നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ എസ്‌കെഎസ്എസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടന വലിയ വളര്‍ച്ച നേടിയിട്ടുണ്ട്.
സുന്നി ബാലവേദി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസപരീക്ഷാ ബോര്‍ഡ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ എന്നീ പോഷക സംഘടനകള്‍കൂടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സമുദായത്തിനകത്ത് സമസ്തയുടെ മഹിതമായ സന്ദേശ പ്രചരണം സാധ്യമാക്കുന്നത് നിരവധി പ്രസിദ്ധീകരണങ്ങള്‍ മുഖേനയാണ്. ആദ്യം 1927ല്‍ അറബിമലയാളത്തിലും പിന്നീട് 1954-ല്‍ മലയാളത്തിലും അല്‍ബയാന്‍ മാസിക പ്രസിദ്ധീകരിച്ചു. 1959-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 'അല്‍മുഅല്ലിം' (ത്രൈമാസിക) പ്രസിദ്ധീകരിച്ചു. 1977-ല്‍ മാസികയായി പുനഃപ്രസിദ്ധീകരിച്ചു. (മലയാളം, കന്നഡ)
'കുരുന്നുകള്‍'(മലയാളം, കന്നഡ), 'സന്തുഷ്ടകുടുംബം' മാസികയും പ്രസിദ്ധീകരിക്കുന്നു. സുന്നി അഫ്കാര്‍ വാരിക, സത്യധാര ദൈ്വവാരിക, തെളിച്ചം മലയാള മാസികയും 'അന്നൂര്‍', 'അന്നഹ്‌ള' അറബി മാസികയും പ്രസിദ്ധീകരിക്കുന്നു.
ഏതൊരു സംഘടനയെയും പോലെ ഭിന്നിപ്പുകള്‍ സമസ്തയുടെ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 60-കളില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില പണ്ഡിതന്മാര്‍ സമസ്ത വിടുകയും അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഉച്ചഭാഷിണിയുടെ പേരില്‍ ചിലര്‍ പുറത്ത് പോയിട്ടുണ്ട്.
നിരുത്തരവാദപരമായ ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ അടക്കം ഏതാനും ചിലര്‍ക്ക് ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ അവരിപ്പോഴും സമസ്തയുടെ പേര് ദുരുപയോഗപ്പെടുത്തുന്നത് ഖേദകരമാണ്.
കേരള മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിവും വിശ്വാസ്യതയും നേടിയ മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വികേന്ദ്രീകൃത നേതൃരീതിയില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക് കാലെടുത്തു വച്ചു കൊണ്ട് പാരമ്പര്യമായി മുസ്‌ലിം ഉമ്മത്ത് കൈകൊണ്ടിരുന്ന എല്ലാ രീതികളും പൈതൃകവും പരിരക്ഷിക്കുന്ന ഏക ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എട്ടരപതിറ്റാണ്ട് വിജയകരമായി പിന്നിട്ടു. 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ സ്ഥാപക പ്രസിഡണ്ടിന്റെ നാമധേയത്തിലുള്ള നഗരിയില്‍ വിപുല പദ്ധതികളോടെ ''സത്യസാക്ഷികളാവുക'' എന്ന പ്രമേയം മുന്‍നിര്‍ത്തി സമ്മേളനം നടത്തുകയാണ്.