അവകാശാധികാരങ്ങള് ഉപയോഗപ്പെടുത്താന് ന്യൂനപക്ഷം തയ്യാറാകണം: ഇ.ടി മുഹമ്മദ് ബഷീര് എം.പി

കൂരിയാട്: സര്‍ക്കാര്‍ അനുവദിച്ച അവകാശാധികാരങ്ങള്‍ ഉപയോഗപ്പെടുത്താനും നേടിയെടുക്കാനും ന്യൂനപക്ഷങ്ങള്‍ തയ്യാറാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. കൂരിയാട്ട് നടക്കുന്ന സമസ്ത വാര്‍ഷികസമ്മേളനത്തില്‍ 'ന്യൂനപക്ഷം: അവകാശങ്ങളും അധികാരങ്ങളും' എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്‌ലിം അവിഭാജ്യ ചേരുവയാണെന്ന് എല്ലാ പാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ തലേന്ന് തുടങ്ങുന്ന ന്യൂനപക്ഷ സ്‌നേഹം വോട്ടെണ്ണിയാല്‍ തീരുന്ന തരത്തിലാണ് പലയിടത്തുമുള്ളത്. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ബോധമുള്ള ജനത ഉയര്‍ന്നു വരണം. സര്‍ക്കാറിന് ശക്തമായ ശബ്ദം ഇല്ലെങ്കില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടും. അതിന്റെ ഉദാഹരണമാണ് വടക്കേ ഇന്ത്യയില്‍ കാണുന്നതെന്നും ഇ.ടി. പറഞ്ഞു.

ചടങ്ങില്‍ അബ്ദുള്‍ ഹക്കിം ആദൃശ്ശേരി, അബൂബക്കര്‍ ഫൈസി മലയമ്മ, പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍, അഡ്വ. സൈതാലിക്കുട്ടിഹാജി, മൊയ്തീനബ്ബ മംഗലാപുരം, എം.എ ചേളാരി, സി.ടി.അഹമ്മദലി, ഇബ്രാഹിം സുണ്ടിക്കൊപ്പ, ബശീര്‍ഹാജി, എന്‍ജിനിയര്‍ മാമുക്കോയഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, അഹമ്മദ് ഉഖൈല്‍ കൊല്ലം, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, മണിയൂര്‍ അഹമ്മദ് മൗലവി, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.