കൊണ്ടോട്ടി:ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷാഫോം വ്യാഴാഴ്ച മുതല്‍ വിതരണംചെയ്യും. കരിപ്പൂര്‍ ഹജ്ജ്ഹൗസ്, സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ്കമ്മിറ്റി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, വഖഫ് ബോര്‍ഡിന്റെ എറണാകുളം കലൂരിലെ ഓഫീസ്, കോഴിക്കോട്ടെ റീജ്യണല്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതും ഫോട്ടോകോപ്പിയും ഉപയോഗിക്കാം.
അപേക്ഷകര്‍ക്ക് 2013 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കണം. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഒരു സഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതിലഭിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിര്‍ദിഷ്ട മാതൃകയില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 10 രൂപ മുദ്രക്കടലാസില്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
റിസര്‍വ് കാറ്റഗറിയിലുള്ളവരെ പരിഗണിച്ചശേഷമുള്ള സീറ്റിലേക്ക് ജനറല്‍ സീറ്റിലെ അപേക്ഷകരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. റിസര്‍വ് കാറ്റഗറിയിലെ അപേക്ഷകരുടെ എണ്ണം സംസ്ഥാനത്തിന് അനുവദിച്ച ക്വാട്ടയെക്കാള്‍ കൂടുതലാണെങ്കില്‍ നാലാംവര്‍ഷ അപേക്ഷകര്‍ക്ക് നറുക്കെടുപ്പിലൂടെയാകും അനുമതിനല്‍കുക. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഈ സാഹചര്യത്തില്‍ നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.
അതേസമയം 70 വയസ്സ് കഴിഞ്ഞവരുടെ എണ്ണം സംസ്ഥാന ക്വാട്ടയെക്കാള്‍ കൂടുതലാണെങ്കില്‍ അവരില്‍നിന്ന് നറുക്കെടുപ്പ് നടത്തും. ശേഷിച്ചവരെയും നാലാംവര്‍ഷക്കാരെയും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
അപേക്ഷകര്‍ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഈ വര്‍ഷവുമുണ്ട്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ സാക്ഷ്യപ്പെടുത്തിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. മെഹറമില്ലാത്ത സ്ത്രീകളുടെ അപേക്ഷ സ്വീകരിക്കില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ബാങ്ക്അക്കൗണ്ടില്‍ 200 രൂപ നിക്ഷേപിച്ചതിന്റെ രസീതി, പൂരിപ്പിച്ച അപേക്ഷ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, 25 രൂപ സ്റ്റാമ്പ് പതിച്ച കവര്‍, ലീഡറുടെ മേല്‍വിലാസമെഴുതിയ തപാല്‍ കവര്‍ എന്നിവ ഏപ്രില്‍ 16ന് അഞ്ചുമണിക്കകം എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ്കമ്മിറ്റി, ഹജ്ജ് ഹൗസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം, പിന്‍ 673647 വിലാസത്തില്‍ തപാല്‍/കൊറിയര്‍ മാര്‍ഗം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല.
അവസരം ലഭിക്കുന്ന തീര്‍ഥാടകര്‍ ആദ്യഗഡുവായി 51,000 രൂപ അടയ്ക്കണം. നറുക്കെടുപ്പ് വേണ്ടിവരികയാണെങ്കില്‍ മെയ് 14നായിരിക്കും നടക്കുക. ഇത്തവണ ഗ്രീന്‍, അസീസിയ എന്നിങ്ങനെ രണ്ട് കാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമുണ്ടാവുക.
ഹജ്ജ് അപേക്ഷാഫോമും മറ്റു ബന്ധപ്പെട്ട വിവരങ്ങളും ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, www.keralahajcommittee.org വെബ്‌സൈറ്റുകളില്‍ ലഭിക്കും