'മുടി കത്തുമെന്ന' പിണറായിയുടെ പ്രസ്താവന പിന്‍വലിക്കണം-എസ്.വൈ.എസ്

ചേളാരി: മുടി കത്തില്ലെന്ന് ഒരുകൂട്ടരും കത്തുമെന്ന് ഒരുകൂട്ടരും പറയുന്നുണ്ടെന്നും ഒരു മുടിയും കത്താതിരിക്കില്ലെന്നുമുള്ള പിണറായി വിജയന്റെ വടകര പ്രസ്താവന പിന്‍വലിക്കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഹാജി.കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

തിരുകേശത്തിന് നിഴിലില്ലെന്നും കത്തില്ലെന്നും സുന്നികള്‍ വിശ്വസിക്കുക മാത്രമല്ല, പരീക്ഷിച്ച് തെളിയിക്കാനും സന്നദ്ധവുമാണ്. ലോക ചരിത്രത്തില്‍ ഇതിന് ധാരാളം തെളിവുകളും ഉണ്ട്. ഈജിപ്ത് മുഫ്തി ശൈഖ് ജുമുഅ കൈറോവിലുള്ള തിരുകേശം നിഴല്‍ പരിശോധിച്ചുറപ്പ് വരുത്തിയതായി പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

നിരീശ്വരവാദികള്‍ക്കിടയിലും, സംശയക്കാരിലും വിശ്വാസ വൈകല്യങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായ വ്യാജകേശ സൂക്ഷിപ്പുകാര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തകരെ മാതൃകയാക്കി മുംബൈയില്‍ നിന്ന് കൊണ്ടുവന്ന വ്യാജകേശം തിരിച്ചേല്‍പ്പിക്കാന്‍ സന്നദ്ധമാവണം. നിരീശ്വരവാദികള്‍ അവരുടെ തനിനിറവും വിശ്വാസവും ഒരിക്കല്‍കൂടി പ്രകടിപ്പിച്ചിരിക്കെ അവര്‍ക്ക് വേണ്ടി സുന്നികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി പള്ളി മദ്‌റസകളിലും മുസ്‌ലിം മഹല്ലുകളിലും വഴക്കുണ്ടാക്കിയവര്‍ സമുദായത്തോട് മാപ്പ് പറഞ്ഞു സംഘടന പിരിച്ചുവിട്ട് മാതൃസംഘടനയിലേക്ക് തിരിച്ചുവരാന്‍ അനുയായികളെ ഉപദേശിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.