സമസ്ത 85-ാം വാര്ഷിക സമ്മേളനം സമസ്ത സൗകര്യങ്ങളുമായി പന്തലൊരുങ്ങി

തിരൂരങ്ങാടി: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ക്യാമ്പില്‍ പങ്കെടുക്കുന്ന 25000-ത്തോളം പ്രതിനിധികള്‍ക്കുള്ള സകല സൗകര്യങ്ങളും സമ്മേളനപ്പന്തലില്‍ ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ പാചകശാലയില്‍ നിന്ന് നാല് നേരവും ഭക്ഷണം പാക്കറ്റിലാക്കി സമ്മേളന സ്ഥലത്തെത്തിക്കും. താമസത്തിനും ഇവിടെ സൗകര്യമുണ്ട്. പ്രാഥമികാ വശ്യങ്ങള്‍ക്കായി 300 ടോയ്‌ലെറ്റുകളും 200 കുളിമുറികളുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. കുടിവെള്ള ത്തിനായി രണ്ട്‌ ലക്ഷം കുപ്പി മിനറല്‍ വാട്ടര്‍ വിതരണംചെയ്യും. ശുദ്ധി വരുത്താനായി സ്ഥാപിച്ച ഹൗളിന് 300 ടാപ്പുകളാണുള്ളത്. 2500ഓളം വളണ്ടിയര്‍മാരുടെ സേവനം സമ്മേളന നഗരിയി ലുണ്ടാകും.
മാലിന്യ നിര്‍മാര്‍ജനത്തിനായി സംവിധാനമുണ്ടാക്കിയതായും ഇവര്‍ പറഞ്ഞു. ഗതാഗത നിയന്ത്രണത്തില്‍ പോലീസിനെ സഹായിക്കാന്‍ 1500ഓളം ട്രാഫിക് വളണ്ടിയര്‍മാരും രംഗത്തുണ്ടാകും.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാക്ഷ്യം' പ്രദര്‍ശനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു. കഅബാലയത്തിന്റെ മാതൃക, പൊന്നാനി, ചേരമാന്‍ ജുമാമസ്ജിദ് എന്നിവയുടെ മുന്‍ഭാഗത്തിന്റെ രൂപം, സമസ്തയുടെ ചരിത്രം എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ട്. കൂരിയാട് വയലിന്റെ ഇരുഭാഗത്തായി നടക്കുന്ന സമ്മേളനം വീക്ഷിക്കാവുന്ന രൂപത്തില്‍ കവുങ്ങുപയോഗിച്ച് തീര്‍ത്ത ഏറുമാടവും ശ്രദ്ധയാകര്‍ഷിക്കുന്നു. കൈയും കാലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമെല്ലാം ഉപയോഗിച്ച് പേനകൊണ്ടെഴുതുന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള പുല്‍പ്പറമ്പ് പ്രദര്‍ശന നഗരിയിലെത്തുന്നവരെ അദ്ഭുതപ്പെടുത്തുന്നു.
ഉദ്ഘാടനച്ചടങ്ങില്‍ സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു